Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അങ്കണവാടിക്ക് മുന്നില്‍ മാലിന്യ ചാക്കുകെട്ടുകള്‍ കൂനകൂട്ടിയിടുന്നതില്‍ പ്രതിഷേധം
11/08/2022
തലയാഴം പഞ്ചായത്തില്‍ 54-ാം നമ്പര്‍ അങ്കണവാടിക്ക് മുന്നിലെ പ്ലാസ്റ്റിക് മാലിന്യം നിറച്ച ചാക്കുകെട്ടുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വീടുകളില്‍ നിന്നും മറ്റും സമാഹരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറച്ച ചാക്കുകെട്ടുകള്‍ അങ്കണവാടിയുടെ ക്ലാസ്മുറിയുടെ സമീപത്ത് കൂട്ടിയിട്ടിരിക്കുന്നത് പ്രതിക്ഷേധത്തിന് ഇടയാക്കി. കുട്ടികള്‍ പഠിക്കുന്ന ക്ലാസ് മുറിയുടെ തൊട്ടുമുന്നിലായി രണ്ടുമാസക്കാലമായി പ്ലാസ്റ്റിക് മാലിന്യ ചാക്കുകള്‍ കൂനകൂടി അലക്ഷ്യമായി കിടക്കുകയാണ്. അഞ്ച് വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. പഞ്ചായത്ത് നാലാം വാര്‍ഡില്‍ 54-ാം നമ്പര്‍ അങ്കണവാടിയിലാണ് മാലിന്യം നിറച്ച ചാക്കുകെട്ടുകള്‍ കൂനകൂടി കിടക്കുന്നത്. പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍പ്പെട്ട വീടുകളില്‍നിന്ന് സമാഹരിച്ചതാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍. അങ്കണവാടി കെട്ടിടത്തില്‍ മാലിന്യക്കെട്ടുകള്‍ നിറച്ചതില്‍ പ്രതിക്ഷേധിച്ച് ബിജെപി തലയാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടത്തി. എത്രയും പെട്ടെന്ന് മാലിന്യചാക്കുകള്‍ നീക്കം ചെയ്ത് കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുഭാഷ്, വൈസ് പ്രസിഡന്റ് പ്രീജു കെ ശശി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത്, ബിജെപി തലയാഴം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.എസ് സജീവ്, ജനറല്‍ സെക്രട്ടറി രാജീവ് ആര്‍ തമ്പി, സുരേഷ്, സനോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. മാലിന്യച്ചാക്കുകള്‍ എത്രയും വേഗം നീക്കം ചെയ്യാന്‍ അടിയന്തിര നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.