Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഴ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ ദുരിതമൊഴിയുന്നില്ല
07/08/2022
വല്ലകം സെന്റ് മേരീസ് സ്‌കൂളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് സി.കെ ആശ എം.എല്‍.എ സന്ദര്‍ശിക്കുന്നു.

വൈക്കം: മഴയുടെ ശക്തി കുറഞ്ഞെങ്കിലും വൈക്കത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ ദുരിതമൊഴിയുന്നില്ല. മറവന്‍തുരുത്ത്, തലയോലപ്പറമ്പ്, ഉദയനാപുരം, ചെമ്പ് പഞ്ചായത്തുകളാണ് കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്. തലയോലപ്പറമ്പ് വൈക്കം റോഡിലെ പൊട്ടന്‍ചിറ ഭാഗത്ത് വെള്ളം ഇറങ്ങിതുടങ്ങി. മൂവാറ്റുപുഴയാര്‍ കരകവിഞ്ഞ് വെള്ളം കയറിയതിനെ തുടര്‍ന്ന് തലയോലപ്പറമ്പ് പഞ്ചായത്ത് 1, 11 വാര്‍ഡുകളിലെ രണ്ട് കുടുംബങ്ങളില്‍ നിന്നായി ആറു പേരെ എ.ജെ ജോണ്‍ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പഞ്ചായത്തിലെ 1, 2, 11, 12, 13, 14, 15 വാര്‍ഡുകളിലെ നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കിലും പലരും വീടുകളില്‍ തന്നെ കഴിഞ്ഞുകൂടുകയാണ്. ചിലര്‍ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. രണ്ടു ദിവസങ്ങളായി പകല്‍ സമയത്ത് മഴ പെയ്യാതിരുന്നത് ആശ്വാസം പകരുന്നുണ്ടെങ്കിലും വൈകിട്ട് പെയ്യുന്ന മഴ ആശങ്ക ഉയര്‍ത്തുന്നുണ്ട്. വൈക്കത്ത് പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ സി.കെ ആശ എം.എല്‍.എ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തി. മറ്റ് ജനപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു. മറവന്‍തുരുത്ത്, ചെമ്പ് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ശനിയാഴ്ച കുടുംബങ്ങള്‍ എത്തിയിരുന്നു.