Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരകവിഞ്ഞ് മൂവാറ്റുപുഴയാര്‍: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍
05/08/2022
മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മറവന്‍തുരുത്ത് ഇടവട്ടം മണമേല്‍ കോളനിയിലെ വീട്ടില്‍ വെള്ളം കയറിയ നിലയില്‍.

വൈക്കം: മഴയ്ക്ക് കുറവ് വന്നെങ്കിലും മൂവാറ്റുപുഴയാറില്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതോടെ പുഴയുടെ സമീപപ്രദേശങ്ങളും വൈക്കത്തിന്റെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. വടയാര്‍ പൊട്ടന്‍ചിറ ഭാഗത്ത് പുഴ കരകവിഞ്ഞ് പ്രധാന റോഡില്‍ വെള്ളക്കെട്ടായി. വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രവും വെള്ളത്തിലായി. മറവന്‍തുരുത്ത് പഞ്ചായത്തിലെ എട്ട്, ഒന്‍പത് വാര്‍ഡുകളിലെ 150ഓളം വീടുകളില്‍ വെള്ളം കയറി. പ്രദേശവാസികളെ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി മറവന്‍തുരുത്ത് ഗവ. യു.പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. പുഴയില്‍ വെള്ളം വരവ് കുറയാത്ത സാഹചര്യം കണക്കിലെടുത്ത് ഇടവട്ടം എസ്എന്‍ഡിപി ഹാളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കുന്നതിന് എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി. കൃഷി ഭൂമികള്‍ പലതും വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി കര്‍ഷകരുടെ കപ്പ, ഏത്ത വാഴ, ചേന, പച്ചക്കറികള്‍ എന്നിവയ്ക്ക് നാശം ഉണ്ടായി. വൈക്കത്തിന്റെ താഴ്ന്ന പ്രദേശങ്ങളായ വെള്ളൂര്‍ പഞ്ചായത്തിലെ കരിപ്പാടം, ഉദയനാപുരം പഞ്ചായത്തിലെ വാഴമന, തലയോലപ്പറമ്പ് പഞ്ചായത്തിലെ വടയാര്‍, മുട്ടുങ്കല്‍, പഴമ്പെട്ടി, ചെമ്പ് പഞ്ചായത്തിലെ തുരുത്തുമ്മ എന്നിവിടങ്ങളിലെ മുന്നൂറോളം വീടുകളില്‍ വെള്ളം കയറി. തുരുത്തുമ്മയിലെ 80ഓളം വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബ്രഹ്‌മമംഗലം ഗവ. യു.പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വെച്ചൂര്‍ പഞ്ചായത്തിലെ മഞ്ചാടിക്കരിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. നിരവധിയാളുകളുടെ പുരയിടങ്ങളില്‍ നിന്ന കൂറ്റന്‍ മരങ്ങള്‍ ഉള്‍പ്പടെ കടപുഴകി വീണ് നാശനഷ്ടം ഉണ്ടായി. ചെമ്പ് പഞ്ചായത്തിലെ ഏനാദി, കാട്ടിത്തറ എന്നിവിടങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. തീരപ്രദേശത്തു താമസിക്കുന്ന നൂറോളം കുടുംബങ്ങള്‍ ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണിയിലാണ്.