Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനത്തോടൊപ്പം പോരാടിയ വ്യക്തിയായിരുന്നു ഡോ. ബാഹുലേയന്‍: സ്പീക്കര്‍
04/08/2022
കേരളത്തിലെ ആദ്യത്തെ ന്യൂറോ സര്‍ജന്‍ ഡോ. കുമാര്‍ ബാഹുലേയന്റെ ആത്മകഥയുടെ പ്രകാശനം നിയമസഭ സ്പീക്കര്‍ എം.ബി രാജേഷ് പുസ്തകത്തിന്റെ ആദ്യപ്രതി പ്രൊഫ. എം.കെ സാനുവിനു നല്‍കി നിര്‍വഹിക്കുന്നു.
 
വൈക്കം: ഡോ. ബാഹുലേയന്റെ ജീവിതം പ്രചോദനവും ആവേശപൂര്‍ണവുമാണെന്ന് നിയമസഭ സ്പീക്കര്‍ എം.ബി രാജേഷ്. കേരളത്തിലെ ആദ്യത്തെ ന്യൂറോ സര്‍ജനും ചെമ്മനാകരി ബി.സി ഫൗണ്ടേഷന്‍ സ്ഥാപകനുമായ ഡോ. കുമാര്‍ ബാഹുലേയന്റെ ആത്മകഥയുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പഠനത്തോടൊപ്പം പോരാടുകയും ചെയ്ത വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം. തളരാത്ത സമരവീര്യമുള്ളതു കൊണ്ടാണ് അദ്ദേഹത്തിന് പൊരുതി കയറാന്‍ കഴിഞ്ഞത്. ഡോ. ബാഹുലേയന്റെ ആത്മകഥ വായനക്കാര്‍ക്ക് അവിസ്മരണീയമായ അനുഭവമായിരിക്കും. കേരളത്തിന്റെയും ഡോക്ടറുടെയും ത്യാഗപൂര്‍ണമായ ജീവിതം അതിലുണ്ട്. ജന്മനാടിന് തന്റെ സമ്പാദ്യം മുഴുവന്‍ നല്‍കിയത് അദ്ദേഹത്തിന്റെ അസാധാരണ കരുത്താണ് കാണിക്കുന്നതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
നല്ല ജീവിതങ്ങളെല്ലാം സമര്‍പ്പണങ്ങളാണ്. അസാധാരണമായ ജീവിതമുള്ളവരാണ് ആത്മകഥയെഴുതുന്നത്. ആ നിലയില്‍ ഡോക്ടര്‍ക്ക് അതിന് അര്‍ഹതയുണെണ്ടെന്നും പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങിയ പ്രൊഫ. എം.കെ സാനു പറഞ്ഞു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘമാണ് ആത്മകഥ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബിസിഎഫ് ചെയര്‍മാന്‍ ഡോ. പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. സി.കെ ആശ എംഎല്‍എ, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍, സീനിയര്‍ ന്യൂറോ സര്‍ജന്‍ ഡോ. ശ്രീകുമാര്‍, ബിസിഎഫ് എം.ഡി ഡോ. ജാസിര്‍ മുഹമ്മദ് ഇക്ബാല്‍, ഡോ. ബാഹുലേയന്‍ എന്നിവര്‍ പ്രസംഗിച്ചു.