Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഴക്കെടുതിയെ നേരിടാന്‍ നഗരസഭ മേഖലകളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി; കണ്‍ട്രോള്‍ റൂം തുറന്നു
02/08/2022
വൈക്കം നഗരസഭാ പ്രദേശങ്ങളില്‍ മഴക്കെടുതിയെ നേരിടാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിനായി നഗരസഭ ചെയര്‍പേഴ്സണ്‍ രാധികാ ശ്യാം വിളിച്ചു കൂട്ടിയ കൗണ്‍സിലര്‍മാരുടെ അടിയന്തിര യോഗത്തില്‍ സ്ഥിതി വിവരങ്ങള്‍ വിശദീകരിക്കുന്നു.

വൈക്കം: മഴക്കെടുതിയെ നേരിടാന്‍ വൈക്കം നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വെള്ളപ്പൊക്കമോ, അതുമായി ബന്ധപ്പെട്ട മറ്റു നാശങ്ങളോ ഉണ്ടായാല്‍ വിവരമറിയിക്കാന്‍ 9048006775 (സെക്രട്ടറി), 9497764470 (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍), 9656909088 (ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
മഴ ശക്തമായ സാഹചര്യത്തില്‍ നഗരസഭയുടെ 26 വാര്‍ഡുകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ ചെയര്‍പേഴ്സണ്‍ രാധികാ ശ്യാം, കൗണ്‍സിലര്‍മാരുടെ അടിയന്തിര യോഗം വിളിച്ചുകൂട്ടി നിര്‍ദ്ദേശങ്ങള്‍ നല്‍കി. പ്രളയക്കെടുതി ഉണ്ടാവാന്‍ സാധ്യതയുള്ള വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സുരക്ഷാ നടപടികള്‍ ശക്തമാക്കണം. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ സാഹചര്യം ഉണ്ടായാല്‍ അവിടെ മരുന്നുകളും, ഭക്ഷണങ്ങളും മറ്റു സൗകര്യങ്ങളുമൊരുക്കാന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ സഹായം തേടണം. വെള്ളം കെട്ടി നല്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വേമ്പനാട്ടു കായലിലും, മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയര്‍ന്നു വരുന്ന സാഹചര്യം ഉണ്ടായാല്‍ ബന്ധപ്പെട്ട വകുപ്പ് കേന്ദ്രങ്ങളില്‍ വിവരങ്ങള്‍ അറിയിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ നടപടി സ്വീകരിക്കും. ഉരുള്‍ പൊട്ടിയും മറ്റും കിഴക്കന്‍ മേഖലകളില്‍ നിന്നും വലിയ തോതില്‍ മല വെള്ളം ഒഴുകിയെത്തിയതോടെ മൂവാറ്റുപുഴയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. എന്നാലും നിലവില്‍ ആശങ്കയ്ക്ക് സാഹചര്യമില്ല. ഓരോ വാര്‍ഡുകളിലും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ സമിതിയെ വിളിച്ച്കൂട്ടി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കാനും തീരുമാനിച്ചു.
വെള്ളപ്പൊക്ക സാഹചര്യമുണ്ടായാല്‍ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് സ്‌കൂളുകള്‍ കേന്ദീകരിച്ച് ക്രമീകരണങ്ങള്‍ നടത്തുന്നതിനെകുറിച്ചും യോഗം വിലയിരുത്തി. വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടാല്‍ ആ ഭാഗങ്ങളില്‍ അടിയന്തിര പ്രവര്‍ത്തനം നടത്താന്‍ മുന്‍സിപ്പല്‍ കണ്ടിജന്‍സി ജീവനക്കാരെയും, സന്നദ്ധ സേവന പ്രവര്‍ത്തകരെയും നിയോഗിക്കും. ചെയര്‍പേഴ്സണ്‍ രാധികാ ശ്യാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൗണ്‍സിലര്‍മാരായ സിന്ധു സജീവന്‍, ആര്‍ സന്തോഷ്, ബി ചന്ദ്രശേഖരന്‍, എ.സി മണിയമ്മ, അശോകന്‍ വെള്ളവേലി, കെ.ബി ഗിരിജകുമാരി, കവിതാ രാജേഷ്, രാജശ്രീ വേണുഗോപാല്‍, ഏബ്രഹാം പഴയകടവന്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ ബി ജയകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി സ്മിത എന്നിവര്‍ പങ്കെടുത്തു.