Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തെ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിച്ച് തമിഴ്‌നാട് മന്ത്രി ജിഞ്ചി കെ.എസ് മസ്താന്‍
25/07/2022
വൈക്കത്തെത്തിയ തമിഴ്നാട് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ജിഞ്ചി കെ.എസ് മസ്താന്‍ തന്തൈ പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ സ്മാരകം സന്ദര്‍ശിക്കുന്നു.

വൈക്കം: വൈക്കത്തെ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിച്ച് തമിഴ്നാട് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ജിഞ്ചി കെ.എസ് മസ്താന്‍. തന്തൈ പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ സ്മാരകം സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രി വൈക്കത്തെ ചരിത്ര്രപാധാന്യം ഉള്‍ക്കൊണ്ട് ഇവിടുത്തെ പ്രമുഖ സ്മരണീയ കേന്ദ്രങ്ങളെല്ലാം കണ്ടാണ് മടങ്ങിയത്. വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം, രാജഭരണകാലത്തു നിര്‍മിച്ച, പെരിയോര്‍ അടക്കമുള്ള സത്യഗ്രഹ പോരാളികളെ പാര്‍പ്പിച്ച വൈക്കത്തെ ആദ്യ പോലീസ് സ്റ്റേഷന്‍, മഹാത്മാഗാന്ധിയുമായുള്ള അഭിമുഖത്തിന് ഒറ്റരാത്രി കൊണ്ട് പൂമുഖം നിര്‍മിച്ച ഇണ്ടംതുരുത്തി മന, കെടിഡിസിയുടെ കായലോരത്തെ ഡബിള്‍ ഡക്കര്‍ ബസ് റസ്റ്റോറന്റ്, കായലോര ബീച്ച് തുടങ്ങിയ കേന്ദ്രങ്ങളെല്ലാം അദ്ദേഹം സന്ദര്‍ശിച്ചു. സത്യഗ്രഹ മ്യൂസിയത്തിലെത്തിയ മന്ത്രിയ്ക്ക് സൂപ്രണ്ട് പി.കെ സജീവ് കാര്യങ്ങള്‍ വിശദീകരിച്ചുനല്‍കി. വൈക്കം സ്റ്റേഷനില്‍ ഡിവൈഎസ്പി എ.ജെ തോമസ്, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ജി കൃഷ്ണന്‍ പോറ്റി, എസ്.ഐ അജ്മല്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് ഗാര്‍ഡ് ഓണര്‍ നല്‍കി സ്വീകരിച്ചു. വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസായ ഇണ്ടംതുരുത്തി മനയില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കെ.ഡി വിശ്വനാഥന്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് ഡി രഞ്ജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹാരമണിയിച്ചു സ്വീകരിച്ചു. മന്ത്രിയുടെ ഭാര്യ സയ്താലി ബി മസ്താന്‍, പേഴ്‌സണല്‍ സെക്രട്ടറി നെടുഞ്ചുഴിയന്‍, ഡിഎംകെ എറണാകുളം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കലാം ആസാദ്, നഗരസഭ മുന്‍ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഇന്‍ഡ്യയിലെ ആദ്യത്തെ സൗരോര്‍ജ യാത്രാ ബോട്ടായ ആദിത്യയില്‍ യാത്രയില്‍ വൈക്കത്തുനിന്നും തവണക്കടവിലേക്ക് യാത്ര ചെയ്ത അദ്ദേഹം അതിന്റെ പ്രവര്‍ത്തനരീതികളെല്ലാം ജീവനക്കാരോട് വിശദമായി ചോദിച്ചുമനസ്സിലാക്കി. ഇ.വി.ആര്‍ സ്മാരക മ്യൂസിയത്തിന്റെ ലൈബ്രറിയും അനുബന്ധ സൗകര്യങ്ങളും നവീകരിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പഠനത്തിനും സന്ദര്‍ശനത്തിനുമായി ഉപയോഗപ്പെടുത്തുന്നതിന് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി അടിയന്തിരമായി തമിഴ് നാട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാന്‍ മ്യൂസിയം പി.ആര്‍.ഒ സെന്തില്‍ നാഥനെ (കോയമ്പത്തൂര്‍) ചുമതലപ്പെടുത്തിയാണ് മന്ത്രി മടങ്ങിയത്.