Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ക്കിടക പുലരിയില്‍ മൂത്തേടത്തുകാവിലമ്മയെ ദര്‍ശിച്ച് ഭക്തജനങ്ങള്‍
17/07/2022
മൂത്തേടത്തുകാവ് ക്ഷേത്രത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലിന് നട തുറന്നപ്പോള്‍ ദര്‍ശനം നടത്തുന്ന ഭക്തര്‍.  

വൈക്കം: കര്‍ക്കിടക പുലരിയുടെ ധന്യ മുഹൂര്‍ത്തത്തില്‍ നൂറകണക്കിന് ഭക്തര്‍ മൂത്തേടത്തുകാവിലമ്മയുടെ മംഗളരൂപം കണ്ട് ദര്‍ശനം നടത്തി. വിഷു ദിവസം അര്‍ദ്ധരാത്രി അരിയേറിന് ശേഷം നട അടക്കുന്ന ഇവിടെ മൂന്നു മാസത്തിനുശേഷം കര്‍ക്കിടകം ഒന്നിന് നട തുറക്കുന്ന ആചാരമാണ്. ഞായറാഴ്ച പുലര്‍ച്ചെ നാലിന് നട തുറന്ന് മേല്‍ശാന്തി കൃഷ്ണപ്രസാദ് ശ്രീകോവിലില്‍ ദീപം തെളിച്ചു. തന്ത്രി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി ഭഗവതിക്ക് കുടിയിരുത്ത് പൂജ നടത്തിയശേഷം ദര്‍ശനത്തിനായി നടതുറന്നു. കട്ടി മാലകളും തൂക്കുമാലകളുംകൊണ്ട് അലംകൃതമാക്കിയ ശ്രീകോവിലില്‍ ആടയാഭരണങ്ങളണിയിച്ച് നെയ്യ് വിളക്കുകളുടെ ദീപപ്രഭയില്‍ ഭഗവതിയുടെ മംഗളരൂപം കണ്ട് അനേകം ഭക്തര്‍ നിര്‍വൃതികൊണ്ടു.
വിഷു ദിവസം മധുരാപുരിയിലേക്ക് യാത്രയായ ഭഗവതി മൂന്നു മാസത്തിനുശേഷം കര്‍ക്കിടകം ഒന്നിന് തിരിച്ചെഴുന്നള്ളിയെന്ന സങ്കല്‍ത്തിലാണ് മൂത്തേടത്തുകാവില്‍ നടതുറപ്പ് ഉത്സവം ആഘോഷിക്കുന്നത്. നിറദീപങ്ങളുടെയും തൂക്കുവിളക്കുകളുടെയും ദീപപ്രഭയില്‍ ദേവീസ്തുതികളോടെയാണ് ഭഗവതിക്ക് വരവേല്‍പ്പ് നല്‍കിയത്. ക്ഷേത്രം ഊരാഴ്മക്കാരായ ആനത്താനത്തില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി, ഇണ്ടംതുരുത്തി ഇല്ലത്ത് നീലകണ്ഠന്‍ നമ്പൂതിരി, മുരിങ്ങൂര്‍ ഇല്ലത്ത് വിഷ്ണു നമ്പൂതിരി, ആനത്താനത്തില്ലത്ത് എ.ജി വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ബാലചന്ദ്രന്‍ നമ്പൂതിരി, ഹരിഹരന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികരായി. നടതുറപ്പ് ഉത്സവത്തിന്റെ ദീപപ്രകാശനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിച്ചു. വൈക്കം ക്ഷേത്രം മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. അഭിഷേകം, തോറ്റംപാട്ട്, തെക്കുപുറത്ത് ഗുരുതി, വലിയ തീയ്യാട്ട് എന്നിവയും ചടങ്ങിന്റെ ഭാഗമായിരുന്നു.