Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രണ്ടാംതരം രാഷ്ട്രീയത്തില്‍ സിപിഐക്ക് താല്‍പര്യമില്ല: കാനം രാജേന്ദ്രന്‍
16/07/2022
സിപിഐ വൈക്കം മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അവകാശപ്പെടുകയും കോട്ടങ്ങളില്‍ പങ്കില്ല എന്ന് പറഞ്ഞ് മാറി നില്‍ക്കുകയും ചെയ്യുന്ന രണ്ടാംതരം രാഷ്ട്രീയത്തില്‍ സിപിഐക്ക് താല്‍പര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ വൈക്കം മണ്ഡലം സമ്മേളനം തലയാഴത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ ആക്രമണങ്ങളെ നേരിടാനുള്ള ചുമതല പാര്‍ട്ടിക്കുണ്ട്. പ്രതിപക്ഷ ആക്രമണങ്ങളെ മാറി നിന്ന് ചര്‍ച്ച ചെയ്യുകയല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. പ്രതിപക്ഷത്തിന്റെ പൊള്ളത്തരം പുറത്ത് കാണിക്കണം. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളിലെ ബിജെപി ഇതര സര്‍ക്കാരുകളെ ദേശീയ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തിലും അതിനുള്ള ശ്രമം നടത്തി വരുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. കേന്ദ്രത്തില്‍ ഇഡിയെ എതിര്‍ക്കുകയും കേരളത്തില്‍ സ്വാഗതം ചെയ്യുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ ഇരട്ട മുഖം അവരുടെ രാഷ്ട്രീയ കാപട്യമാണ് വ്യക്തമാക്കുന്നത്. ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ എല്ലാ മൂല്യങ്ങളും ബലി കഴിക്കുകയാണ്. അവരുടെ നവലിബറല്‍ നയങ്ങള്‍ മൂലം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിച്ചു. രാജ്യത്ത് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ വളര്‍ന്നു വന്നാല്‍ മാത്രമേ ഇതിനെ പ്രതിരോധിക്കാന്‍ കഴിയൂ എന്ന് കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന അംഗം സി ദേവയാനി പതാക ഉയര്‍ത്തിയോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. ഉല്ലല ശിവരഞ്ജിനി ഓഡിറ്റോറിയത്തിലെ പി നാരായണന്‍ നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ കെ.അജിത്ത്, സി.കെ ആശ എംഎല്‍എ, സജി ബി ഹരന്‍ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ നടപടികള്‍ നിയന്ത്രിക്കുന്നത്‌. മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും എസ് ബിജു രക്തസാക്ഷി പ്രമേയവും എന്‍ അനില്‍ ബിശ്വാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, അസി. സെക്രട്ടറിമാരായ ആര്‍ സുശീലന്‍, അഡ്വ. വി.കെ സന്തോഷ് കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അഡ്വ. വി.ബി ബിനു, ലീനമ്മ ഉദയകുമാര്‍, ജില്ലാ എക്സി. അംഗങ്ങളായ ടി.എന്‍ രമേശന്‍, മോഹന്‍ ചേന്നംകുളം, സ്വാഗതസംഘം സെക്രട്ടറി പി.എസ് പുഷ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു. വിപ്ലവ ഗായിക പി.കെ.മേദിനി, ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകരായ സി ദേവയാനി, ഭവാനി ചെല്ലപ്പന്‍, ബാലകൃഷ്ണന്‍ സി.പി രവീന്ദ്രന്‍, കെ ബാലന്‍, കലാകാരി മീര ബാബു എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.