Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗഞ്ചിറ കൃഷ്ണയ്യര്‍ക്ക് കര്‍മഭമിയില്‍ ഉചിതമായ സ്മാരകം ഉയരുന്നു
12/07/2022

വൈക്കം: ഗഞ്ചിറ വാദനത്തിലൂടെ വിഖ്യാതനായി പേരിനോടൊപ്പം തന്നെ വാദ്യോപകരണത്തിന്റെ നാമം കൂടി ചേര്‍ത്ത് കേരളത്തിന് അഭിമാനമായി മാറിയ ഗഞ്ചിറ കൃഷ്ണയ്യര്‍ക്ക് കര്‍മഭൂമിയായ വൈക്കത്ത് ഉചിതമായ സ്മാരകം ഉയരുന്നു. വൈക്കം നഗരാതിര്‍ത്തിയിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ശ്രീമഹാദേവ കോളേജിലാണ് ഗഞ്ചിറ കൃഷ്ണയ്യരുടെ നാമധേയത്തിലുള്ള ഓപ്പണ്‍ ഓഡിറ്റോറിയം തയ്യാറായിട്ടുള്ളത്. കൃഷ്ണയ്യരുടെ കൊച്ചുമകനും സംഗീതജ്ഞനും അധ്യാപകനുമായ മഹേഷ് പത്മനാഭയ്യരാണ് ഇത്തരത്തില്‍ ഒരു സ്മാരകത്തിനായി മുന്നിട്ടിറങ്ങിയത്. ശ്രീമഹാദേവ കോളേജ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ടിആര്‍എസ് മേനോന്‍, ഡയറക്ടര്‍ പിജിഎം നായര്‍ എന്നിവരുടെ പിന്തുണ കൂടിയായപ്പോള്‍ സ്മാരകം യാഥാര്‍ത്ഥ്യമാവുകയായിരുന്നു.
പാലക്കാടിനടുത്ത് പഴയന്നൂര്‍ ഗ്രാമത്തില്‍ ജനിച്ച് വൈക്കത്ത് സ്ഥിരതാമസമാക്കിയ കേരളത്തിന്റെ വിശ്രുത കലാകാരനാണ് ഗഞ്ചിറ കൃഷ്ണയ്യര്‍. കൊച്ചിന്‍ കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപകനായിരുന്ന അദ്ദേഹം സംഗീതം, കല എന്നിവയില്‍ ഉണ്ടായ അപാരമായ താല്‍പര്യത്തെ തുടര്‍ന്ന് അധ്യാപനം ഉപേക്ഷിച്ച് പൂര്‍ണസമയ കലാകാരനും സംഗീതജ്ഞനുമായി മാറി. മൃദംഗം, ഗഞ്ചിറ, ഘടം തുടങ്ങിയ വാദ്യോപകരണ വാദനത്തില്‍ പ്രാവീണ്യം നേടിയ അദ്ദേഹം അതില്‍ തന്നെ ഗഞ്ചിറയുടെ ഉപാസകനായി മാറി. അങ്ങിനെ കൃഷ്ണയ്യര്‍ നാട്ടുകാര്‍ക്കെല്ലാം ഗഞ്ചിറ കൃഷ്ണയ്യര്‍ ആയി. ദക്ഷിണാമൂര്‍ത്തി, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, മാവേലിക്കര വേലുക്കുട്ടി പിള്ള എന്നിവരോടൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ഇടപെടലാണ് ദക്ഷിണാമൂര്‍ത്തിയെ വൈക്കത്ത് എത്തിച്ചത്.
ഒരിക്കല്‍ മിഥുന മാസത്തില്‍ കാലവര്‍ഷം തിമര്‍ത്തു പെയ്യുന്ന രാത്രിയില്‍ കൃഷ്ണയ്യര്‍ അമ്പലപ്പുഴയില്‍ ദക്ഷിണാമൂര്‍ത്തി താമസിച്ചിരുന്ന വീട്ടില്‍ ചെന്ന് കതകില്‍ കൊട്ടി വിളിച്ചു. ഇറങ്ങി വന്ന കൃഷ്ണമൂര്‍ത്തിയെയും കൂട്ടി ജലമാര്‍ഗം പിറ്റേ ദിവസം വൈക്കത്ത് എത്തി. അവിടെ ഒരു വിവാഹത്തോടനുബന്ധിച്ചുള്ള കച്ചേരിക്കായിട്ടാണ് വന്നത്. തുടര്‍ന്ന് വൈക്കത്ത് കൂടിയ ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ 41 ദിവസത്തെ നിര്‍മാല്യ ദര്‍ശനവും ദിവസേനയുള്ള സംഗീതവും 42 മാസം മുടക്കം കൂടാതെ നടത്തുകയും വൈക്കത്തപ്പന്റെ പരമഭക്തനായി ദക്ഷിണാമൂര്‍ത്തി മാറുയതുമൊക്കെ ചരിത്രം. പിന്നീട് ജീവിതാവസാനം വരെ ദക്ഷിണാ മൂര്‍ത്തി വൈക്കത്തഷ്ടമിക്ക് സംഗീത കച്ചേരി നടത്തിയിരുന്നു. 25 ലക്ഷം രൂപാ മുടക്കി പണി തീര്‍ത്ത ഇരുപതിനായിരത്തോളം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വൈക്കത്തെ ഏറ്റവും വലിയ ഓപ്പണ്‍ ആഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന കര്‍മം രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കേരള ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ഐഎഎസ് ആണ് നിര്‍വഹിച്ചത്. ജൂലൈ 13ന് രാവിലെ പത്തിന്‌ കേരള സംസ്ഥാന ഉപഭോക്തൃക തര്‍ക്ക പരിഹാര കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സുരേന്ദ്ര മോഹന്‍ ഓപ്പണ്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യും. ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സംപൂജ്യ ഭുവനാത്മാന സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും.