Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എയിംസ് വെള്ളൂരില്‍ സ്ഥാപിക്കണം: സിപിഐ
11/07/2022
സിപിഐ തലയോലപ്പറമ്പ് മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പി.കെ.വി, പി.എസ് ശ്രീനിവാസന്‍, എം.കെ കേശവന്‍, സി.എം തങ്കപ്പന്‍ എന്നിവരുടെ അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളത്തില്‍ അനുവദിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വെള്ളൂരില്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ തലയോലപ്പറമ്പ് മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വ്യവസായ വകുപ്പിന്റെ കേരള പേപ്പര്‍ പ്രോഡക്റ്റ് ലിമിറ്റഡിന്റെ കൈവശമുള്ള അധിക ഭൂമിയില്‍ നിന്നും ഇതിനാവശ്യമായ 250 ഏക്കര്‍റോളം ഭൂമി വിട്ടുകൊടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണം. എയിംസ് പോലെ ആധുനിക ചികിത്സാ ഗവേഷണ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ഥാപനം തുടങ്ങുന്നതിന് എന്തുകൊണ്ടും അനുയോജ്യമായ പ്രദേശമാണ് വെള്ളൂര്‍. മൂവാറ്റുപുഴയാറിനോട് ചേര്‍ന്ന പ്രദേശമെന്ന നിലയില്‍ ജലഗതാഗതത്തിന്റെയും റെയില്‍വേ സ്റ്റേഷന്‍ അടുത്തുള്ളതും ഉള്‍പ്പടെ എല്ലാ ഭൗതിക സാഹചര്യങ്ങളും വെള്ളൂരില്‍ ഉണ്ട്. 780 ഏക്കറിലധികം സ്ഥലം സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി വിട്ടു കൊടുത്താണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് സ്ഥാപിച്ചത്. പുതിയ സാഹചര്യത്തില്‍ കെപിപിഎല്‍ ആയി രൂപം മാറി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് ആവശ്യമായതില്‍ ശേഷിക്കുന്ന സ്ഥലം എയിംസിന് വിട്ടുകൊടുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. കിന്‍ഫ്രയുടെ ചുമതലയിലുള്ള ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്തുന്നത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ഭൂമാഫിയകളും സ്വകാര്യ സംരംഭകരും ഈ സ്ഥലം കൈവശപ്പെടുത്തുന്നതിനുള്ള സാധ്യതകളും എറെയാണ്. ഇതിനെല്ലാം തടയിടുന്നതിന് കൂടിയായി വെള്ളൂരില്‍ എയിംസ് സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സിപിഐ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുന്‍ മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായര്‍, മുന്‍ മന്ത്രി പി എസ് ശ്രീനിവാസന്‍, മുന്‍ എംഎല്‍എ എം.കെ കേശവന്‍, വൈക്കത്തെ ആദ്യകാല സംഘാടകന്‍ സി എം തങ്കപ്പന്‍ എന്നിവരുടെ അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് അധ്യക്ഷത വഹിച്ചു. സാബു പി മണലൊടി ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും ആര്‍ ബിജു പ്രമേയങ്ങളും അവതരിപ്പിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അഡ്വ. വി.ബി ബിനു, ആര്‍ സുശീലന്‍, ലീനമ്മ ഉദയകുമാര്‍, വി.കെ സന്തോഷ് കുമാര്‍, ജില്ലാ എക്‌സി. അംഗങ്ങളായ ടി.എന്‍ രമേശന്‍, ജോണ്‍ വി ജോസഫ്, സി.കെ ആശ എംഎല്‍എ പി കെ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. സാബു പി മണലൊടി സെക്രട്ടറിയായി 21 അംഗ മണ്ഡലം കമ്മറ്റിയെയും 35 ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.