Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകള്‍ ഒരുപോലെ എതിര്‍ക്കപ്പെടണം: കാനം രാജേന്ദ്രന്‍
09/07/2022
സിപിഐ തലയോലപ്പറമ്പ് മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍  ന്യൂനപക്ഷ വര്‍ഗീയത എന്നത് അംഗീകരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ തലയോലപ്പറമ്പ് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു വര്‍ഗീയതയെ മുസ്‌ലിം വര്‍ഗീയത കൊണ്ടല്ല എതിര്‍ക്കേണ്ടത്. മറിച്ച്, മതനിരപേക്ഷത ശക്തിപ്പെടുത്തികൊണ്ടാവണം. സ്വകാര്യമൂലധനത്തിനും കോര്‍പ്പറേറ്റ് മൂലധനത്തിനും പ്രാധാന്യം നല്‍കുന്ന നയങ്ങള്‍ ആണ് ഇന്ന് രാജ്യത്ത് നടപ്പാക്കുന്നത്. മതത്തിന്റെയും രാഷ്ട്രിയത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്ര നീക്കം. അങ്ങനെ ഭിന്നിപ്പിച്ച് അധികാരത്തില്‍ തുടരുകയാണ് അവരുടെ ലക്ഷ്യം. എല്ലാകാര്യത്തിലും ബിജെപി തുടരുന്ന നയവും അത് തന്നെയാണ്. ഈ നയങ്ങളെ ചെറുക്കാന്‍ വിപുലമായ ഇടതുപക്ഷ ഐക്യനിര രൂപപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് സ്വകാര്യവല്‍കരണം നടപ്പാക്കിയപ്പോള്‍ പാര്‍ശ്വവല്‍കരിക്കപ്പെടുന്നവരുടെ എണ്ണം കൂടി. ശതകോടീശ്വരന്മാര്‍ക്കൊപ്പം പട്ടിണിക്കാരുടെയും എണ്ണത്തില്‍ വര്‍ധനവുണ്ടായി. കേന്ദ്രത്തിന്റെ നവലിബറല്‍ നയങ്ങള്‍ക്കെതിരെ ബദല്‍ ഉയര്‍ത്താനാണ് കേരളത്തിന്റെ ശ്രമം. സാമ്പത്തിക പരിമിതികള്‍ക്കുള്ളിലും കേന്ദ്ര നയങ്ങള്‍ക്കെതിരെ ബദല്‍ ഉയര്‍ത്താനും ജനപക്ഷത്ത് ഉറച്ചുനില്‍ക്കാനും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം താങ്ങായി കൂടെ നിന്നു. തെരഞ്ഞെടുപ്പു കാലത്ത് കേന്ദ്ര ഏജന്‍സികളും, പ്രതിപക്ഷവും ചില മാധ്യമങ്ങളും സര്‍ക്കാരിനെതിരെ നിന്നിട്ടും ജനം ഇടതുപക്ഷത്തിനൊപ്പം നിന്നു. താങ്ങും തണലുമായി നിന്നവര്‍ക്ക് ജനം നല്‍കിയ അംഗീകാരമാണ് തുടര്‍ഭരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് നേതൃത്വം ഏകാധിപത്യത്തില്‍ ഭരണത്തെ വലിഞ്ഞുമുറുക്കുകയാണ്. പ്രതിപക്ഷ നിരയിലുള്ളവരെ കേസില്‍പ്പെടുത്തി അധികാരത്തില്‍  നിന്നും അകറ്റി നിര്‍ത്തുകയാണ് അവരുടെ ലക്ഷ്യം. ഇത്തരം നയങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം ഉയര്‍ന്നുവരണമെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
മുതിര്‍ന്ന അംഗം കെ.എം ദിനേശന്‍ പതാക ഉയര്‍ത്തിയതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. കെ.ആര്‍ ഓഡിറ്റോറിയത്തിലെ സി.എം തങ്കപ്പന്‍ നഗറില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കെ.ഡി വിശ്വനാഥന്‍, സുലോചന പ്രഭാകരന്‍, പി.എസ് അര്‍ജുന്‍ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനനടപടികള്‍ നിയന്ത്രിച്ചു.
യുവകലാസാഹിതി തലയോലപ്പറമ്പ് കമ്മിറ്റി സ്വാഗതഗാനം ആലപിച്ചു. പാര്‍ട്ടി മണ്ഡലം സെക്രട്ടറി ജോണ്‍ വി ജോസഫ് റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അഡ്വ. വി.ബി ബിനു, ആര്‍ സുശീലന്‍, ലീനമ്മ ഉദയകുമാര്‍, ജില്ലാ അസി. സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാര്‍,  ജില്ലാ എക്‌സി. അംഗങ്ങളായ ടി.എന്‍ രമേശന്‍, മോഹന്‍ ചേന്നംകുളം, ജില്ലാ കൗണ്‍സിലംഗങ്ങളായ സി.കെ ആശ എംഎല്‍എ, കെ അജിത്ത്, സ്വാഗതസംഘം സെക്രട്ടറി അനി ചെള്ളാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സെന്‍ട്രല്‍ ജങ്ഷനില്‍ മത നിരപേക്ഷത ജനാധിപത്യം വര്‍ഗീയത എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്തു. സമ്മേളനം ഞായറാഴ്ചയും തുടരും. ഞായറാഴ്ച രാവിലെ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും.