Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ കഥാപാത്ര വേഷധാരികളായി കുട്ടികള്‍; വേറിട്ട അനുഭവമായി വൈക്കം മുഹമ്മദ് ബഷീര്‍ ദിനാചരണം
05/07/2022
എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് എ.ജെ ജോണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബിനോയ് വിശ്വം എംപി നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: ബഷീര്‍ കഥകളിലെ കഥാപാത്രങ്ങളുടെ വേഷങ്ങള്‍ അണിഞ്ഞവര്‍ വേദിയിലും സദസ്സിലും നിറഞ്ഞതോടെ വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 28-ാമത് അനുസ്മരണ ചടങ്ങ് ഏറെ വ്യത്യസ്തമായി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് എ.ജെ ജോണ്‍ മെമ്മോറിയല്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാംഗോസ്റ്റിന്‍ തൈക്കും ചാമ്പ തൈക്കും ജലം പകര്‍ന്ന് ബിനോയ് വിശ്വം എംപി നിര്‍വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ അധ്യക്ഷത വഹിച്ചു.
ബഷീര്‍ സ്മരണകളുണര്‍ത്തും വിധം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഗസലുകളുടെ സംഗീതം ശ്രുതിമധുരവും നയനാനന്ദകരവും ആയിരുന്നു. ബഷീര്‍ കഥാപാത്ര വേഷധാരികളായ കുട്ടികളുടെ സാന്നിധ്യം സദസ്സിനെ ഇമ്മിണി ബല്യ സുല്‍ത്താന്റെ ഓര്‍മകളിലേക്ക് നയിച്ചു. ചാമ്പയും മാംഗോസ്റ്റിനും ബഷീറും പാത്തുമ്മയും മണ്ടന്‍ മൂത്തപ്പയും ഒറ്റക്കണ്ണന്‍ പോക്കറും ഖദീജയും നിറഞ്ഞ സദസ്സില്‍ ബഷീര്‍ കഥാപാത്രങ്ങളായ ഖദീജയും സെയ്ദ് മുഹമ്മദ് ഉണ്ടായിരുന്നു. ബിനോയ് വിശ്വം ഖദീജയെയും സെയ്ത് മുഹമ്മദിനേയും ചടങ്ങില്‍ ഷാളണിയിച്ച് ആദരിച്ചു.
കുട്ടികളുടെ സെമിനാര്‍ പ്രബന്ധങ്ങളുടെ സമാഹാരമായ 'വൈക്കം മുഹമ്മദ് ബഷീര്‍ ദേശം ദേശത്തെ വായിക്കുന്നു' എന്ന ഡോ. യു ഷംലയുടെ എഡിറ്റ് പുസ്തകം ബിനോയ് വിശ്വം എസ്.സി.ഇ.ആര്‍.ടി ഓഫീസര്‍ ഡി.പി അജിക്ക് നല്‍കി പ്രകാശനം ചെയ്തു. പാത്തുമ്മയുടെ ആട്, പ്രേമലേഖനം, മതിലുകള്‍ എന്നിവയുടെ ദൃശ്യാവിഷ്‌കാരം കുട്ടികള്‍ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് പുഷ്പമണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ഷാജിമോള്‍, വാര്‍ഡ് മെമ്പര്‍ ഷിജി വിന്‍സന്റ്, എസ്എംസി കണ്‍വീനര്‍ ജോണ്‍ വി. ജോസഫ്, വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി ജനറല്‍ സെക്രട്ടറി പി.ജി ഷാജിമോന്‍, ബഷീര്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം കുസുമന്‍, പിടിഎ പ്രസിഡന്റ് എം.എസ് തിരുമേനി, എഇഒ പ്രീത രാമചന്ദ്രന്‍, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് സിബി നായര്‍, ഹെഡ്മിസ്ട്രസ് സി മായാദേവി, ഡോ. യു ഷംല എന്നിവര്‍ പ്രസംഗിച്ചു.