Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം കായലോര ബീച്ചിന്റെ ഉടമസ്ഥാവകാശം നഗരസഭയ്ക്ക് സ്വന്തം
05/07/2022
വൈക്കം കായലോര ബീച്ചിന്റെ 6.30 ഏക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം വൈക്കം നഗരസഭയുടെ പേരില്‍ പോക്കുവരവ് നടത്തി കരമടച്ച രസീത് വൈക്കം വില്ലേജ് ഓഫീസര്‍ എസ്.പി സുമോദ് വൈക്കം നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷിന് കൈമാറുന്നു.

വൈക്കം: കായലോര ബീച്ചിന്റെ 6.30 ഏക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം വൈക്കം നഗരസഭയ്ക്ക് സ്വന്തമായി. 1988ല്‍ സിപിഐ നേതാവ് പി.എസ് ശ്രീനിവാസന്‍ റവന്യു മന്ത്രിയായിരുന്നപ്പോള്‍ നഗരസഭയ്ക്ക് പതിച്ചു നല്‍കിയതാണ് ബീച്ച് ഉള്‍പ്പെടുന്ന കായല്‍ പുറമ്പോക്ക്. ഇതിന്റെ പോക്കുവരവ് നടപടികള്‍ 2017ല്‍ തീയറ്റര്‍ നിര്‍മാണ ആവശ്യവുമായി ബന്ധപ്പെട്ടാണ് നഗരസഭ ആരംഭിച്ചത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തപ്പോള്‍ കായലോര ബീച്ചിന്റെ അവകാശം നഗരസഭയ്ക്ക് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് സി.കെ ആശ എംഎല്‍എ, എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി സുഗതന്‍, മുന്‍നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ് എന്നിവര്‍ റവന്യുവകുപ്പ് മന്ത്രി കെ രാജനെ കണ്ടു നിവേദനം നല്‍കിയിരുന്നു. ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിനിടെ നഗരസഭ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് കായലോര ബീച്ചിന്റെ രേഖകളും മറ്റും സമര്‍പ്പിച്ച് സ്ഥലം നഗരസഭയുടെ പേരിലാക്കാനുള്ള നിയമപരമായ നടപടികളിലേക്കും കടന്നു. കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. കലക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് പോക്കുവരവ് നടത്തി കരം അടയ്ക്കാന്‍ നടപടിയായി. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവാഴ്ച്ച വൈക്കം വില്ലേജ് ഓഫീസില്‍ നഗരസഭയുടെ പേരില്‍ പോക്കുവരവ് നടത്തി കരമടച്ചു. വില്ലേജ് ഓഫീസര്‍ എസ്.പി സുമോദ് സ്ഥലത്തിന്റെ കരമടച്ചതിന്റെ രസീത് ചെയര്‍പേഴ്‌സണ്‍ രേണുക രതീഷിന് കൈമാറി. കൈമാറ്റ ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു സജീവന്‍, കൗണ്‍സിലര്‍മാരായ ബിന്ദു ഷാജി, കെ.പി സതീശന്‍, ബി രാജശേഖരന്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് ഒ.വി മായ, വില്ലേജ് ഉദ്യോഗസ്ഥന്‍ രാംദാസ് എന്നിവര്‍ പങ്കെടുത്തു. പതിച്ചുകിട്ടിയ സ്ഥലം മൂന്നു പതിറ്റാണ്ടുകള്‍ക്കുശേഷമാണ് നഗരസഭയുടെ പേരില്‍ സ്വന്തമായിരിക്കുന്നത്.