Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സിനിമയെ പൂര്‍ണ വ്യവസായിമാക്കും; വൈക്കത്തെ മള്‍ട്ടിപ്ലക്‌സ് തീയറ്ററിന്റെ നിര്‍മാണം അടുത്തവര്‍ഷം പൂര്‍ത്തീകരിക്കും - മന്ത്രി സജി ചെറിയാന്‍
03/07/2022
സംസ്ഥാന ചലച്ചിത്രവികസന കോര്‍പറേഷന്‍ വൈക്കത്ത് നിര്‍മിക്കുന്ന മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ സമുച്ചയത്തിന്റെ ശിലാസ്ഥാപനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കുന്നു.

വൈക്കം: സിനിമയെ പൂര്‍ണ വ്യവസായിമാക്കി മാറ്റുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. വൈക്കത്ത് കിഫ്ബിയുടെ സഹായത്തോടെ കെ.എസ്.എഫ്.ഡി.സി നിര്‍മിക്കുന്ന മള്‍ട്ടിപ്ലക്‌സ് തിയേറ്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വൈക്കത്തെ തീയറ്റര്‍ സമുച്ചയത്തിന്റെ നിര്‍മാണം 15 മാസത്തിനകം പൂര്‍ത്തീകരിക്കും. സിനിമാരംഗത്തേക്കുള്ള ഇടപെടലിന്റെ ഭാഗമായി സര്‍ക്കാരും ചലച്ചിത്രവികസന കോര്‍പറേഷനും ചേര്‍ന്ന് സംസ്ഥാനത്താകെ 50 തിയേറ്ററുകള്‍ നിര്‍മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന 26 തിയേറ്ററുകള്‍ ഉടന്‍ പൂര്‍ത്തിയാകും. ഇതോടെ വലിയൊരു വിഭാഗം ജനങ്ങളെ വീണ്ടും തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. സിനിമയില്‍ പുതുതായി എത്തുന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തെ അറിയാന്‍ സാംസ്‌കാരിക സര്‍ക്യൂട്ട് പ്രൊജക്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. 1938ല്‍ ബോധേശ്വരന്‍ രചിച്ച 'ജയജയ കോമള കേരള ധരണി' എന്ന ഗാനം ഇനിമുതല്‍ സാസ്‌കാരിക വകുപ്പിന്റെ പരിപാടികളിലെല്ലാം ആലപിക്കുമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തില്‍ സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് പി.കെ ഹരികുമാര്‍ വിശിഷ്ടാതിഥിയായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് സ്ഥലത്തിന്റെ രേഖ കൈമാറി. കെ.എസ്.എഫ്.ഡി.സി. എം.ഡി എന്‍ മായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം പട്ടണം റഷീദ്, നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, സിപിഎം ഏരിയ സെക്രട്ടറി കെ അരുണന്‍, സിപിഐ. മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, ബിജെപി മണ്ഡലം പ്രസിഡന്റ് പി.ആര്‍ സുഭാഷ്, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എസ് ഹരിദാസന്‍ നായര്‍, ബി ചന്ദ്രശേഖരന്‍, ലേഖ ശ്രീകുമാര്‍, പ്രീത രാജേഷ്, സിന്ധു സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. കലാ-സാംസ്‌കാരിക ചലച്ചിത്ര രംഗത്തെ വിശിഷ്ട വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു.