Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു; വൈക്കത്തെ സിനിമപ്രേമികള്‍ ആവേശത്തില്‍
02/07/2022
1. കെ.എസ്.എഫ്.ഡി.സിയുമായി ചേര്‍ന്ന് വൈക്കത്ത് മള്‍ട്ടിപ്ലക്സ് തീയറ്റര്‍ നിര്‍മിക്കുന്നതിനുള്ള സമ്മതപത്രം സി.കെ ആശ എംഎല്‍എയും നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസും ചേര്‍ന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനു കൈമാറുന്നു (ഫയല്‍ ചിത്രം). 2. മള്‍ട്ടിപ്ലക്സ് തീയറ്റര്‍ സമുച്ചയത്തിന്റെ രൂപരേഖ.

വൈക്കം: വൈക്കത്തെ കലാപ്രേമികളുടെ ചിരകാല സ്വപ്നമായ സിനിമ തീയറ്റര്‍ നിര്‍മാണത്തിന് ജൂലൈ മൂന്നിന് തുടക്കം കുറിക്കും. വൈക്കം നഗരസഭ ആറാട്ടുകുളങ്ങരയ്ക്ക് സമീപം അനുവദിച്ച സ്ഥലത്തുനിര്‍മിക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം ഞായറാഴ്ച രാവിലെ 11.30ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും.
ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കായലോര ബീച്ചിന്റെ വികസനത്തിന്റെ ഭാഗമായി സമീപത്തുള്ള 40 സെന്റ് സ്ഥലത്ത് തീയറ്റര്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 2016 ഡിസംബര്‍ 13ന് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്‌സില്‍വച്ചാണ് സി.കെ ആശ എംഎല്‍എയും അന്നത്തെ നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസും ചേര്‍ന്ന് സ്ഥലം കൈമാറുന്നതിനുള്ള സമ്മതപത്രം സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് കൈമാറിയത്. തുടര്‍ന്ന് കരാര്‍ ഒപ്പിടുകയും ചെയ്തു. പിന്നീട് തീരദേശ പരിപാലന നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഉണ്ടായ സാങ്കേതിക തടസ്സം മൂലമാണ് തീയറ്റര്‍ നിര്‍മാണം ആറാട്ടുകുളങ്ങരയിലുള്ള വ്യവസായ എസ്റ്റേറ്റിലേക്ക് മാറ്റിയത്. അഗ്‌നിരക്ഷാസേന ഓഫീസ് പ്രവര്‍ത്തിക്കുന്ന പുരയിടത്തോട് ചേര്‍ന്നുള്ള 90 സെന്റ് സ്ഥലമാണ് പാട്ടവ്യവസ്ഥയില്‍ നഗരസഭ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് നല്‍കിയിരിക്കുന്നത്.
കിഫ്ബിയുടെ സഹായത്തോടെ 15.56 കോടി രൂപ ചെലവഴിച്ചു രണ്ടു സ്‌ക്രീനുകളിലായി 380 സീറ്റുകളുള്ള സമുച്ചയമാണ് വൈക്കത്ത് നിര്‍മിക്കുന്നതെന്ന് സി.കെ ആശ എംഎല്‍എ പറഞ്ഞു. 4കെ ത്രീഡി ലേസര്‍ പ്രൊജക്ഷന്‍, ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം, ജെബിഎല്‍ സ്പീക്കര്‍, സില്‍വര്‍ സ്‌ക്രീന്‍, എല്‍ഇഡി ഡിസ്‌പ്ലേ, സോഫ പുഷ് ബാക്ക് ഇരിപ്പിടങ്ങള്‍, ലിഫ്റ്റ്, ഷോപ്പുകള്‍, ക്യാന്റീന്‍, വിശാലമായ പാര്‍ക്കിങ് തുടങ്ങിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നര വര്‍ഷത്തിനകം തിയറ്ററില്‍ പ്രദര്‍ശനം തുടങ്ങാമെന്നുള്ള ലക്ഷ്യത്തോടെയാണ് നിര്‍മാണജോലികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എംപി, നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
കാലം മാറിയതനുസരിച്ച് മറ്റു സ്ഥലങ്ങളില്‍ സിനിമാശാലകള്‍ നൂതന സംവിധാനത്തിലൂടെ പുതുതലമുറക്ക് ആവേശമായപ്പോള്‍ വൈക്കത്തുണ്ടായിരുന്ന തീയറ്ററുകള്‍ക്കെല്ലാം പൂട്ടുവീണിരുന്നു. വൈക്കത്തിന്റെ സ്വന്തം കലാകാരന്‍മാരെ വെള്ളിത്തിരയില്‍ കാണണമെങ്കില്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട ദുര്‍ഗതിയാണ് വൈക്കത്തുകാര്‍ക്കുള്ളത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ആധുനിക നിലവാരത്തിലുള്ള തീയറ്ററില്‍ സിനിമാസ്വാദനത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് വൈക്കത്തെ ചലച്ചിത്രപ്രേമികള്‍.