Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉന്റാശ്ശേരി കുടുംബത്തിന്റെ തണലില്‍ അങ്കണവാടിക്ക് ഹൈടെക് കെട്ടിടം ഉയരും
30/06/2022
വൈക്കം നഗരസഭ നാലാം നമ്പര്‍ അങ്കണവാടിയ്ക്ക് കെട്ടിടം നിര്‍മിക്കാന്‍ ഉന്റാശ്ശേരിയില്‍ ശാരി കണ്ണന്‍ സൗജന്യമായി നല്‍കുന്ന മൂന്നു സെന്റ് സ്ഥലത്തിന്റെ രേഖ നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷിന് കൈമാറുന്നു.

വൈക്കം: അങ്കണവാടിക്ക് കെട്ടിടം നിര്‍മിച്ച് കുട്ടികള്‍ക്ക് കരുതലും കാവലുമേകാന്‍ വൈക്കം ഉന്റാശ്ശേരിയില്‍ ശാരി കണ്ണന്‍ മൂന്നു സെന്റ് സ്ഥലം സൗജന്യമായി നല്‍കി. വൈക്കം ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലും അഷ്ടമിക്കും, കാര്‍ത്തിക ഉത്സവത്തിനും കൊടിയേറ്റാനുള്ള കൊടികയര്‍ നിര്‍മിച്ച് സമര്‍പ്പിക്കാനുള്ള പരമ്പരാഗത അവകാശിയാണ് ഉന്റാശ്ശേരി കുടുംബം. ഇപ്പോഴത്തെ കാരണവര്‍ ആയിരുന്ന ഉന്റാശ്ശേരി കാര്‍ത്തികേയന്‍ ഏതാനും മാസം മുമ്പ് അപകടത്തില്‍ മരിച്ചു. അച്ഛന്റെ സ്മരണാര്‍ത്ഥമാണ് മകള്‍ ശാരി കണ്ണന്‍ മൂന്നു സെന്റ് സ്ഥലം അങ്കണവാടിക്ക് കെട്ടിടം നിര്‍മിക്കാന്‍ നല്‍കുന്നത്. വൈക്കം നഗരസഭ 25-ാം വാര്‍ഡില്‍ കൃഷ്ണപ്പിള്ള റോഡരുകിലാണ് പത്തു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്ഥലം സൗജന്യമായി നല്‍കിയത്.
രണ്ടു മാസം മുന്‍പ് നഗരസഭ 25-ാം വാര്‍ഡിലെ നാലാം നമ്പര്‍ അങ്കണവാടി കെട്ടിടം ചുമരിടിഞ്ഞു വീണ് രണ്ടു കുട്ടികള്‍ക്ക് പരിക്കേള്‍ക്കുകയും അങ്കണവാടി പ്രവര്‍ത്തനം താത്കാലികമായി നിലക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. 12 കുട്ടികളായിരുന്നു ഇവിടുത്തെ പഠിതാക്കള്‍. ഇവര്‍ക്കായി യോഗ്യമായ കെട്ടിടമോ സ്ഥല സൗകര്യമോ ഇല്ലാത്ത ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയാണ് അങ്കണവാടിക്ക് സ്ഥലം നല്‍കിയത്.
വ്യാഴഴ്ച്ച രാവിലെ ഉന്റശ്ശേരി കുടുംബത്തില്‍ വച്ച് മൂന്നു സെന്റ് ഭൂമിയുടെ ഉടമസ്ഥാവകാശം നഗരസഭക്കായി ചെയര്‍പേഴ്‌സണ്‍ രേണുക രതീഷിന് ശാരി കണ്ണന്‍ കൈമാറി.
എം.പി ഫണ്ടുപയോഗിച്ച് ഹൈടെക് സംവിധാനത്തോടെ ഉടനെ അങ്കണവാടി കെട്ടിടം നിര്‍മിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ രേണുക രതീഷും, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷും പറഞ്ഞു.
ചടങ്ങില്‍ ഉന്റാശ്ശേരി കാര്‍ത്തികേയന്റെ ഭാര്യ ഓമന കാര്‍ത്തികേയന്‍, മരുമകന്‍ കെ.എസ് കണ്ണന്‍, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബി ചന്ദ്രശേഖരന്‍, പ്രീതാ രാജേഷ്, കൗണ്‍സിലര്‍മാരായ ബിജിമോള്‍, അശോകന്‍ വെള്ളവേലി, കെ.പി സതീശന്‍, പോളശ്ശേരി ക്ഷേത്രം സെക്രട്ടറി ക്യാപ്റ്റന്‍ എസ്.എസ് സിദ്ധാര്‍ത്ഥന്‍, കെ.കെ വേലായുധന്‍, കെ.എസ് അനില്‍കുമാര്‍, അങ്കണവാടി അധ്യാപിക കെ.വി ബിനു എന്നിവര്‍ പങ്കെടുത്തു.