Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ യാഥാത്ഥ്യമാകുന്നു; നിര്‍മാണ ഉദ്ഘാടനം ജൂലൈ മൂന്നിന്
28/06/2022
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ വൈക്കത്ത് നിര്‍മിക്കുന്ന തീയറ്റര്‍ സമുച്ചയത്തിന്റെ രൂപരേഖ.

വൈക്കം: വൈക്കത്തെ സിനിമാ പ്രേമികളുടെ ചിരകാല സ്വപ്നമായ തീയറ്റര്‍ എന്ന സ്വപ്നം യാഥാത്ഥ്യമാകുന്നു. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വൈക്കത്ത് മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ നിര്‍മിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ആറാട്ടുകുളങ്ങരയ്ക്കുസമീപം നിര്‍മിക്കുന്ന പുതിയ തീയറ്റര്‍ സമുച്ചയത്തിന്റെ നിര്‍മാണ ഉദ്ഘാടനം ജൂലൈ മൂന്നിന് രാവിലെ 11ന് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. കെ.എസ്.എഫ്.ഡി.സി ആസ്ഥാനത്ത് സി.കെ ആശ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, വൈക്കം നഗരസഭാ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ഹരിദാസന്‍ നായര്‍, കെ.എസ്.എഫ്.ഡി.സി ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വൈക്കം ടൗണിന്റെ കിഴക്കന്‍ മേഖലയില്‍ നഗരസഭ ഒന്‍പതാം വാര്‍ഡില്‍പെട്ട ആറാട്ടുകുളങ്ങര ഭാഗത്താണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തിയറ്റര്‍ നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കേരളത്തില്‍ സിനിമ തീയേറ്ററില്ലാത്ത ഏക നഗരസഭയെന്ന പോരായ്മയ്ക്ക് ഇതോടെ പരിഹാരമാകും.
2017ല്‍ കായലോര ബീച്ചിന്റെ വികസനത്തിന്റെ ഭാഗമായി സമീപത്തുള്ള 40 സെന്റ് സ്ഥലത്താണ് തീയറ്റര്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സ്ഥലം കൈമാറുന്നതിനുള്ള സമ്മതപത്രം സി.കെ ആശ എംഎല്‍എയും അന്നത്തെ നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസും ചേര്‍ന്ന് തിരുവനന്തപുരത്തുവച്ച് നടന്ന ചടങ്ങില്‍ സമര്‍പ്പിക്കുകയും കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു. പിന്നീട് തീരദേശ പരിപാലന നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഉണ്ടായ സാങ്കേതിക തടസ്സം മൂലമാണ് തീയറ്റര്‍ നിര്‍മാണം ആറാട്ടുകുളങ്ങരയിലുള്ള വ്യവസായ എസ്റ്റേറ്റിലേക്ക് മാറ്റിയത്.
അഗ്‌നിരക്ഷാസേന ഓഫീസ് പ്രവര്‍ത്തിക്കുന്ന പുരയിടത്തോട് ചേര്‍ന്നുള്ള 80 സെന്റ് സ്ഥലമാണ് പാട്ടവ്യവസ്ഥയില്‍ നഗരസഭ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന് കൈമാറിയിരിക്കുന്നത്. കിഫ്ബിയുടെ സഹായത്തോടെ 14.75 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന മള്‍ട്ടിപ്ലക്‌സില്‍ 380 സീറ്റാണ് രണ്ടു തിയേറ്ററുകളിലായി ക്രമീകരിക്കുന്നത്. ബെല്‍ജിയത്തില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏറ്റവും പുതിയ സംവിധാനത്തിലുള്ള ഡിജിറ്റല്‍ പ്രൊജക്ടറാണ് സജ്ജമാക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ തിയറ്ററില്‍ പ്രദര്‍ശനം തുടങ്ങാമെന്നുള്ള ലക്ഷ്യത്തോടെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് സി.കെ ആശ എംഎല്‍എ അറിയിച്ചു.