Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്ഷര ലോകത്ത് വേറിട്ട വഴിയേ വായനയുടെ വാതായനം തുറന്ന് ശ്രീമഹാദേവ കോളേജ്
17/06/2022
വൈക്കം ശ്രീ മഹാദേവ കോളേജിലെ 'അക്ഷരാമൃതം' പദ്ധതിക്ക് തുടക്കം കുറിച്ച് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളും നാട്ടുകാരും വായനാദിന പോസ്റ്ററുകളുമായി അണിനിരന്നപ്പോള്‍.

വൈക്കം: വായനയുടെ വാല്‍മീകിയായ പി.എന്‍ പണിക്കരുടെ ഓര്‍മ ദിനം ആചരിക്കുമ്പോള്‍ വൈക്കം ശ്രീമഹാദേവ കോളേജും ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോടും അക്ഷര ലോകത്ത് വേറിട്ട മാര്‍ഗത്തിലൂടെ വായനയുടെ പുത്തന്‍ വാതായനങ്ങള്‍ തുറന്ന് പുതുതലമുറക്ക് വഴികാട്ടുകയാണ്. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പുസ്തകങ്ങള്‍ സമാഹരിച്ച് വിദ്യാര്‍ഥികള്‍ക്കും പൊതു സമൂഹത്തിനും വായനാനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി മൂവായിരത്തിലേറെ പുസ്തകങ്ങള്‍ ഇതിനോടകം സമാഹരിച്ചു കഴിഞ്ഞു.
കോളേജിന്റെ നേതൃത്വത്തില്‍ മികച്ച കൃതികള്‍ക്കായി അക്ഷരജ്യോതി പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വായന പ്രോത്സാഹിപ്പിക്കുവാനായി നവവായന, പെണ്‍വായന, ആചാര്യ വായന, അമ്മ വായന, ആത്മീയ വായന, താത്വിക വായന തുടങ്ങി വൈവിധ്യപൂര്‍ണമായ വായനാ രീതികള്‍ക്കും കോളേജ് നേതൃത്വം നല്‍കുന്നു. കോളേജ് ലൈബ്രറിയില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് പുറമേ പൊതുജനങ്ങള്‍ക്കും പുസ്തകങ്ങള്‍ എടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരിട്ട് എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്ക് പുസ്തകങ്ങള്‍ എത്തിച്ചു കൊടുക്കും.
മോട്ടിവേഷനല്‍ ഗ്രന്ഥകാരന്‍ ടി.ആര്‍.എസ് മേനോന്‍, ശാസ്ത്രസാഹിത്യകാരന്‍ അനന്തനാരായണന്‍ തുടങ്ങിയവരുടെ പുസ്തകങ്ങള്‍ താല്‍പര്യമുള്ളവര്‍ക്ക് കോളേജില്‍ നിന്ന് വിതരണം ചെയ്യും. രോഗാതുരരായി വീടുകളില്‍ കഴിയുന്നവര്‍ക്കും, വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലില്‍ കഴിയുന്നവര്‍ക്കും വീടുകള്‍ സന്ദര്‍ശിച്ച് പുസ്തകങ്ങള്‍ വായിച്ചും പാട്ടും കവിതയും സമ്മാനിച്ചും അവരില്‍ അക്ഷരത്തിന്റെ ചൈതന്യം പകര്‍ന്ന് നല്‍കുന്ന 'അക്ഷരാമൃതം' പദ്ധതി ഈ വായനാ ദിനാചരണത്തിന്റെ ഭാഗമായി നടത്തും. അക്ഷരവൃക്ഷം തീര്‍ത്തും പുസ്തക എഴുന്നള്ളത്ത് നടത്തിയും ഈ വര്‍ഷത്തെ വായനാ മാസാചരണത്തിന് ശക്തി പകരുവാന്‍ അധ്യാപകരും വിദ്യാര്‍ഥികളും തയ്യാറെടുത്തു കഴിഞ്ഞു.
പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ കോട്ടയം ജില്ലാ കോ-ഓഡിനേറ്റര്‍ എന്ന നിലയില്‍ കഴിഞ്ഞ 20 വര്‍ഷമായി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് വായനാവാരം, ക്വിസ് മത്സരം തുടങ്ങിയവയ്ക്ക് ചുക്കാന്‍ പിടിക്കുന്ന പി.ജി.എം നായര്‍ കാരിക്കോടിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് നിരവധിയായ വായനാധിഷ്ഠിത പരിപാടികള്‍ കോളേജില്‍ സംഘടിപ്പിച്ച് വരുന്നത്.