Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂന്ന് യുവാക്കള്‍ക്ക് പുനര്‍ജന്മം നല്‍കിയത് യാദൃശ്ചികം
15/04/2016
കായലില്‍ താണ യുവാക്കളുടെ ജീവന്‍ രക്ഷിച്ച അക്ഷയ് പിതാവ് ടി.വി പുരം വെള്ളക്കാട്ട് വീട്ടില്‍ സുരേഷും മകന്‍ അക്ഷയ്‌യും

അവധിക്കാലം കൂട്ടുകാരോടൊപ്പം ആഘോഷിക്കേണ്ട അക്ഷയ് അച്ഛനോടൊപ്പം കായലില്‍ വലവീശാന്‍ പോയത് യാദൃശ്ചികം. ഇവിടെ നിമിത്തമായി, കായലില്‍ താഴ്ന്നുജീവന്‍ പൊലിയേണ്ട മൂന്ന് യുവാക്കള്‍ക്ക് പുനര്‍ജന്മം നല്‍കിയതും യാദൃശ്ചികം തന്നെ. ആശ്രമം സ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അക്ഷയ് പിതാവ് ടി.വി പുരം വെള്ളക്കാട്ട് വീട്ടില്‍ സുരേഷിനൊപ്പം കായലില്‍ വലവീശാന്‍ സഹായിയായി പോകുന്നത് ഇത് മൂന്നാം തവണയാണ്. രാത്രിയില്‍ വള്ളത്തില്‍ വിളക്കുപിടിക്കുക എന്ന ദൗത്യമാണ് അക്ഷയ്ക്കുള്ളത്. ഫൈബര്‍ വള്ളത്തിലാണ് ഇവരുടെ പണികള്‍. ജീവന്‍ പണയം വെച്ചുളള തൊഴിലില്‍ മകനെ കൂട്ടാന്‍ ഒരിക്കല്‍പോലും ഈ അച്ഛന്‍ തയ്യാറാകാറില്ല. എന്നാല്‍ സഹായത്തിന് ആളെകിട്ടാതെ വരുമ്പോള്‍ മകന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയാണ്. ടി.വി പുരം പഞ്ചായത്തിലെ വിളക്കുമാട തുരുത്തിനുസമീപം ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം എത്തുമ്പോള്‍ സമീപത്തുള്ള കായലിനുനടുവില്‍ എഞ്ചിന്‍ ഘടിപ്പിച്ച വള്ളം കടന്നുപോകുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മിനുട്ടുകള്‍ക്കുള്ളില്‍ വള്ളം കാണാതായത് അക്ഷയ് മനസ്സിലാക്കുകയും വിവരം അച്ഛനെ അറിയിക്കുകയും ചെയ്തു. ഇതിനിടയില്‍ വളളത്തില്‍നിന്ന് കായലില്‍ വീണ യുവാക്കളുടെ കൂട്ടക്കരച്ചില്‍ കേട്ട് ഇവര്‍ വള്ളത്തില്‍ ഓടിയടുത്തു. ഇതിനിടയില്‍ സമീപത്തുകിടന്ന ബോട്ടിലെ ജീവനക്കാരെ വിവരമറിയിക്കുകയും ഇവരുടെ സഹായത്തോടെ കായലില്‍ മുങ്ങിത്താണ യുവാക്കള്‍ക്ക് അക്ഷയ്‌യും പിതാവും കൂടി രക്ഷയൊരുക്കുകയും ചെയ്തു. ചേര്‍ത്തല തിരുനല്ലൂര്‍ സ്വദേശികളായ അഭിജിത്ത്, അരുണ്‍, വിപിന്‍, ബിനില്‍ എന്നിവരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്ന് യുവാക്കളെ സാഹസികമായി ഇവര്‍ രക്ഷിക്കുകയായിരുന്നു. ഇതിനിടയില്‍ ബിനില്‍ (27) മരണത്തിന് കീഴടങ്ങുകയും ചെയ്തു. വള്ളത്തിലുണ്ടായിരുന്ന ബിനില്‍ രക്ഷപെട്ടെന്ന് സുഹൃത്തുക്കള്‍ നല്‍കിയ വിവരമാണ് ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ ഇവര്‍ക്ക് തടസമായത്. ഇതിന്റെ ദുഃഖം സാഹസികപ്രവൃത്തിക്കിടയിലും അച്ഛനെയും മകനെയും ഏറെ വേട്ടയാടുന്നുണ്ട്. ഇവരുടെ സേവനം നാട്ടുകാര്‍ക്കിടയിലും ഏറെ പ്രശംസ പിടിച്ചുപററിയിട്ടുണ്ട്. ആശ്രമം സ്‌ക്കൂള്‍ അധികൃതര്‍ അക്ഷയ്ക്ക് വലിയ സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഹെഡ്മിസ്ട്രസ് ഉള്‍പ്പെടെയുള്ളവര്‍ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. മുന്‍ എം.എല്‍.എ പി.നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ അച്ഛനെയും മകനെയും വീട്ടില്‍ സന്ദര്‍ശിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.