Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി മഹോത്സവത്തിന്റെ ഭാഗമായുള്ള വടയാര്‍ സമൂഹത്തിന്റെ സന്ധ്യാവേലയും പ്രാതല്‍ വഴിപാടും ഒററപ്പണ സമര്‍പ്പണവും ഇന്ന് നടക്കും
21/11/2015
മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്റെ ഭാഗമായുള്ള വടയാര്‍ സമൂഹത്തിന്റെ സന്ധ്യാവേലയും പ്രാതല്‍ വഴിപാടും ഒററപ്പണ സമര്‍പ്പണവും ഇന്ന് നടക്കും. അഷ്ടമിയുടെ മുന്നോടിയായുള്ള സന്ധ്യാവേലകളുടെ സമാപനം കുറിക്കുന്നതാണ് വടയാര്‍ സമൂഹത്തിന്റെ സന്ധ്യാവേല. നൂററാണ്ടുകളായി നിലനില്‍ക്കുന്ന ആചാരമാണിത്. പ്രാതലിനുള്ള അരിയളക്കല്‍ ചടങ്ങ് ദേവസ്വം കലവറയില്‍ ഇന്നലെ വൈകുന്നേരം ദീപാരാധനക്കുശേഷം നടന്നു. മാന്യസ്ഥാനത്ത് ഇലവെച്ച് വൈക്കത്തപ്പന് വിളമ്പിയ ശേഷമാണ് ഊട്ടുപുരയില്‍ പ്രാതല്‍ നടത്തുന്നത്. ഒറ്റപ്പണ സമര്‍പ്പണം ഇന്ന് വൈകുന്നേരം ശ്രീകോവിലിനു മുന്നില്‍ ക്ഷേത്രബലിക്കല്‍പ്പുരയില്‍ നടക്കും. പരമ്പരാഗതമായി വടയാര്‍ സമൂഹം നടത്തിവരുന്ന അനുഷ്ഠാനചടങ്ങാണിത്. സമൂഹമഠത്തില്‍ നിന്നും കൊണ്ടുവരുന്ന ചങ്ങലവട്ടയിലേക്ക് ക്ഷേത്രശ്രീകോവിലില്‍ നിന്ന് മേല്‍ശാന്തി സമൂഹം വാദ്ധ്യാര്‍ക്ക് ദീപം തെളിയിച്ച് നല്‍കും. ബലിക്കല്‍പ്പുരയില്‍ വെള്ളപ്പട്ട് വിരിച്ച് ദേവസ്വം അധികാരികളുടെ സാന്നിദ്ധ്യത്തില്‍ കിഴിക്കാര്‍, പട്ടോലക്കാര്‍, സമൂഹാംഗങ്ങള്‍, ഭക്തജനങ്ങള്‍, ദേവസ്വം അധികാരികള്‍ എന്നീക്രമത്തില്‍ പട്ടില്‍ ഒററപ്പണം സമര്‍പ്പിക്കും. പട്ടില്‍ സമര്‍പ്പിച്ച ഒറ്റപ്പണം കിഴികെട്ടി ദേവസ്വം അധികാരികളുടെ സാന്നിദ്ധ്യത്തില്‍ സമൂഹം പ്രസിഡന്റ് തലച്ചുമടായി സമൂഹാംഗങ്ങളോടൊപ്പം ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ച് ദേവസ്വം അധികാരികള്‍ക്ക് കൈമാറും. പഞ്ചാക്ഷരി മന്ത്രജപത്തോടെയാണ് ക്ഷേത്രത്തിനുചുററും പ്രദക്ഷിണം വെക്കുന്നത്. രാജഭരണകാലത്ത് വടയാററ് തമ്പുരാന്റെ പ്രതിനിധിയായിരുന്ന ഒരു ബ്രാഹ്മണന്‍ ക്ഷേത്രത്തില്‍ ഒററപ്പണം സമര്‍പ്പിക്കാന്‍ എത്തിയെന്നും ഇതിന് സാധിക്കാതെ വരികയും അടുത്ത വര്‍ഷം മുതല്‍ മുടങ്ങാതെ ഒറ്റപ്പണ സമര്‍പ്പണം നടത്തിക്കൊള്ളാമെന്ന് ബ്രാഹ്മണര്‍ അറിയിക്കുകയും ചെയ്തുന്ന എന്നാണ് ഐതീഹ്യം. ഈ ആചാരം ഇന്നും തുടര്‍ന്നുവരുന്നു. വടയാര്‍ സമൂഹസന്ധ്യാവേല ദിവസമായ വൃശ്ചിക മാസത്തിലെ ദശമി ദിനത്തിലാണ് ഈ ചടങ്ങ് നടത്തുക. സന്ധ്യാവേലക്ക് മുമ്പായി സമൂഹമഠം കുടുംബാംഗങ്ങള്‍ കുടുംബക്ഷേത്രങ്ങളായ തൃപ്പക്കുടം മഹാദേവക്ഷേത്രം, ഇളങ്കാവ് ദേവീക്ഷേത്രം, വാക്കയില്‍ ശാസ്താക്ഷേത്രം, പുണ്ഡരീകപുരം വിഷ്ണുക്ഷേത്രം, ഉദയനാപുരം സുബ്രമണ്യസ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ആചാരപ്രകാരമുള്ള വഴിപാടുകളും പത്രികാസമര്‍പ്പണവും നടത്തി. പ്രസിഡന്റ് എം.ഈശ്വരയ്യര്‍, സെക്രട്ടറി എന്‍.ഹരിഹരയ്യര്‍, വൈസ് പ്രസിഡന്റ് ഡോ. എം.പി ശര്‍മ, ജോയിന്റ് സെക്രട്ടറി പി.പത്മനാഭയ്യര്‍, ട്രഷറര്‍, മറ്റക്കാട്ട് ലക്ഷ്മണയ്യര്‍ എന്നിവര്‍ പങ്കെടുത്തു.