Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹരിത വഴികളില്‍ പിന്നിട്ട വൈക്കം ആശ്രമം സ്‌കൂളിന് മികവിന്റെ അംഗീകാരം
06/06/2022
കോട്ടയം ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള കൃഷി വകുപ്പിന്റെ പുരസ്‌കാരം സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവനില്‍ നിന്നും വൈക്കം ആശ്രമം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷാജി ടി കുരുവിള, പ്രധാനാധ്യാപിക പി.ആര്‍ ബിജി, എല്‍.പി ഹെഡ് മാസ്റ്റര്‍ പി.ടി ജിനീഷ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.

വൈക്കം: മണ്ണിന്റെ മനമറിഞ്ഞ് കുട്ടികള്‍ ഹരിത വഴികളിലൂടെ സഞ്ചരിച്ചപ്പോള്‍ വൈക്കം ആശ്രമം സ്‌കൂളിന് മികവിന്റെ അംഗീകാരം. ജൈവ കൃഷിയുടെ പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുത്ത് അവരിലെ കര്‍ഷകരെ കണ്ടെടുത്തതിനാണ് വൈക്കം ആശ്രമം സ്‌കൂളിന് മികവിന്റെ മൂന്നു പുരസ്‌കാരങ്ങള്‍ ലഭിച്ചത്. സ്‌കൂള്‍ നടപ്പാക്കിയ കൃഷിപാഠം പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ച അധ്യാപികയെയും വിദ്യാര്‍ഥിയെയും കൃഷി വകുപ്പിന്റെ അംഗീകാരം തേടിയെത്തി. സംസ്ഥാന കൃഷിവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള പച്ചക്കറി വികസന പദ്ധതിയുടെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ജില്ലാതലത്തിലെ ഒന്നാം സ്ഥാനം ആശ്രമം സ്‌കൂള്‍ കരസ്ഥമാക്കി. മികച്ച അധ്യാപകരില്‍  ഒന്നാം സ്ഥാനം സ്‌കൂളിലെ പ്രീതി വി പ്രഭയെയും തേടിയെത്തി. മികച്ച വിദ്യാര്‍ഥിക്കുള്ള അവാര്‍ഡില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയത് ആശ്രമം സ്‌കൂളിലെ തന്നെ അഭിരാമി എസ് ബാബുരാജ് ആണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച കാലഘട്ടത്തില്‍ കുട്ടികളുടെ വിരസത അകറ്റി മാനസിക ഉല്ലാസം പകരുന്നതിനായാണ് സ്‌കൂളില്‍ കൃഷിപാഠം പദ്ധതി ആരംഭിച്ചത്. കൃഷിയുടെ പുത്തന്‍ രീതികളും, പരിപാലനവും, സംരക്ഷണവും പരിശീലിച്ച കുട്ടികള്‍ നടത്തിയ കൃഷി വന്‍ വിജയമായി മാറുകയായിരുന്നു. തലയാഴം പഞ്ചായത്തിലെ രണ്ടേക്കര്‍ സ്ഥലത്തും സ്‌കൂള്‍ വളപ്പിലുമായി വിദ്യാര്‍ഥികള്‍ നടത്തിയ ജൈവ പച്ചക്കറി കൃഷിയിലും ലാഭം കൊയ്തു. പഞ്ചായത്തില്‍ തന്നെ ഒരേക്കര്‍ സ്ഥലത്ത് നടത്തിയ നെല്‍കൃഷിയും വിജയകരമായി. രണ്ടു കുളങ്ങളില്‍ നടത്തിയ കരിമീന്‍ കൃഷിയും ഏറെ ശ്രദ്ധ നേടിയിരുന്നു. കൃഷിയുടെ ലാഭത്തില്‍ നിന്നും ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  സംഭാവന നല്‍കി.  എസ്.പി.സി, എന്‍.എസ്.എസ്, റെഡ് ക്രോസ്, ലിറ്റില്‍ കൈറ്റസ് എന്നിവയും പി.ടി.എയും  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ലോക പരിസ്ഥതി ദിനത്തോടനുബന്ധിച്ച് കൃഷി വകുപ്പ് ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവനില്‍ നിന്നും പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, പ്രധാനാധ്യാപിക പി.ആര്‍ ബിജി, എല്‍.പി ഹെഡ് മാസ്റ്റര്‍ പി.ടി  ജിനീഷ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.