Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉത്സവാഘോഷത്തില്‍ സ്‌കൂള്‍ പ്രവേശനോത്സവം
01/06/2022
വൈക്കം ബ്ലോക്കുതല പ്രവേശനോത്സവം ആശ്രമം സ്‌കൂളില്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോവിഡ് നഷ്ടപ്പെടുത്തിയ രണ്ടു വര്‍ഷങ്ങള്‍ക്കുശേഷമുള്ള പ്രവേശനോത്സവം ആഘോഷമാക്കി വിദ്യാലയങ്ങള്‍. ഇക്കുറി വലിയ ആഘോഷത്തോടെയാണ് ഓരോ സ്‌കൂളുകളും പ്രവേശനോത്സവം നടത്തിയത്. അമ്മമാരുടെ വിരല്‍തുമ്പില്‍ തൂങ്ങി ബാഗും പിടിച്ച് എത്തിയ കുട്ടികളെ അധ്യാപകരും പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. സ്‌കൂള്‍ കവാടത്തില്‍ ആനച്ചന്തമൊരുക്കി തോരണങ്ങല്‍ തൂക്കി മുത്തുകുടകളും വാദ്യമേളങ്ങളും ഒരുക്കിയാണ് സ്‌കൂള്‍ പ്രവേശനോത്സവം ഓരോ സ്‌ക്കൂളും ആകര്‍ഷണീയമാക്കിയത് . പ്രവേശനോത്സവത്തിന്റെ പ്രധാന സമയമെത്തിയപ്പോള്‍ ഓര്‍ക്കാപ്പുറത്തുണ്ടായ മഴ ആഘോഷങ്ങള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ചെങ്കിലും മഴ മാറിയതോടെ വിദ്യാലയങ്ങള്‍ വീണ്ടും ഉത്സവതിമിര്‍പ്പിലായി. കുട്ടികള്‍ക്ക് പഠനോപകരങ്ങള്‍ നല്‍കി അക്ഷരലോകത്തേക്കുള്ള ആദ്യ ചുവടിന് പിന്തുണയുമായി നിരവധി സംഘടനകളും പ്രവേശനോത്സവത്തിന് പിന്തുണയുമായെത്തി. വൈക്കം ബ്ലോക്ക്തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ആശ്രമം സ്‌കൂളില്‍ സി.കെ ആശ എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, എ.ഇ.ഒ പ്രീതാ രാമചന്ദ്രന്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സജീവ്, പ്രഥമാധ്യാപിക പി.ആര്‍ ബിജി, ഹെഡ് മാസ്റ്റര്‍ പി.ടി ജിനീഷ്, പിടിഎ പ്രസിഡന്റ് നിഷ ജനാര്‍ദനന്‍, പ്രവീണ ധനുഷ്, സാറ ഗ്ലാഡിസ്, ധന്യ പി വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു.
ചെമ്മനത്തുകര ഗവ. യു.പി സ്‌കൂളിലെ പ്രവേശനോത്സവം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത റെജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ചുള്ള സമ്മാനകൂപ്പണ്‍ പദ്ധതിയുടെയും ജെസിഐ യുവ നടപ്പിലാക്കുന്ന അക്കാദമിക് എംപവര്‍മെന്റ് പ്രോഗ്രാമിന്റെയും ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. മലയാള ഭാഷാ പണ്ഡിതന്‍ എം.എ കൃഷ്ണന്‍കുട്ടിനായര്‍ കുട്ടികള്‍ക്ക് അക്ഷരദീപം പകര്‍ന്നു. പഞ്ചായത്ത് അംഗങ്ങളായ കെ.ടി ജോസഫ്, സിനി ഷാജി, ദീപ ബിജു, എ.കെ അഖില്‍, പിടിഎ പ്രസിഡന്റ് വി.വി കനകാംബരന്‍, വൈസ് പ്രസിഡന്റ് സിജീഷ് കുമാര്‍, പ്രധാനാധ്യാപിക സീമ ജെ ദേവന്‍, എംപിടിഎ പ്രസിഡന്റ് സൂര്യ പ്രഭാഷ് എന്നിവര്‍ പ്രസംഗിച്ചു. പഠനോപകരണ വിതരണം ഉണ്ടായിരുന്നു.
കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനോത്സവം ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എസ് പുഷ്പമണി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പോള്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്തില്‍നിന്നും അനുവദിച്ച കുട്ടികള്‍ക്കുള്ള ലാപ് ടോപ്പുകളുടെ വിതരണവും പുഷ്പമണി നിര്‍വഹിച്ചു. 1986 ബാച്ച് പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മ സ്‌കൂള്‍ വികസനത്തിന് നല്‍കിയ ഫണ്ട് പ്രധാനാധ്യാപകന്‍ എം വിനോദ് ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് ബെന്‍ഷിലാല്‍, പ്രിന്‍സിപ്പാള്‍ എന്‍ അനിത, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധികളായ കെ കണ്ണന്‍ ദാസ്, ബിന്നി ടോം എന്നിവര്‍ പ്രസംഗിച്ചു. ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം ഫെയിം അഖില്‍ നാടന്‍പാട്ട് അവതരിപ്പിച്ചു.
കുലശേഖരമംഗലം എന്‍ഐഎം യുപി സ്‌കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബി ഷിജു അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സീമ ബിനു, ബിന്ദു പ്രദീപ്, സ്‌കൂള്‍ മാനേജര്‍ കെ.ഐ ഷെരീഫ്, പ്രധാനാധ്യാപിക സജിത ബീഗം, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എ നാസര്‍, അല്‍ അമീന്‍ ട്രസ്റ്റ് ട്രസ്റ്റ് സെക്രട്ടറി ഹാരിസ് മണ്ണഞ്ചേരി, പരീത് കടേമഠത്തില്‍, എ.എ നൗഷാദ്, സി.എസ് മിനിമോള്‍, അബ്ദുല്‍ സലാം എന്നിവര്‍ പ്രസംഗിച്ചു.
വാഴേകാട് ഗവ. എല്‍.പി സ്‌കൂളിലെ പ്രവേശനോത്സവം വര്‍ണാഭമായി ആഘോഷിച്ചു. സ്‌കൂള്‍ കവാടത്തില്‍നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ പൂക്കളും മധുരവും നല്‍കി കുട്ടികളെ ക്ലാസുകളിലേക്ക് ആനയിച്ചു. വാര്‍ഡ് മെമ്പര്‍ മജിത ലാല്‍ജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മനോജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഠനോപകരണങ്ങളുടെയും യൂണിഫോമിന്റെയും വിതരണ ഉദ്ഘാടനം മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ നിര്‍വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീമ ബിനു, ഗ്രാമപഞ്ചായത്ത് അംഗം വി.ആര്‍ അനിരുദ്ധന്‍, പ്രധാനാധ്യാപകന്‍ എം.വി ഷാജി, അരവിന്ദന്‍ കെ.എസ് മംഗലം എന്നിവര്‍ പങ്കെടുത്തു.
മൂത്തേടത്തുകാവ് എസ്.എന്‍ എല്‍പി സ്‌കൂളിലെ  പ്രവേശനോത്സവം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍, യൂണിഫോം, സ്‌കൂള്‍ ബാഗുകള്‍ എന്നിവ നല്‍കിയാണ് ആഘോഷിച്ചത്. കുട്ടികള്‍ക്ക് വര്‍ണകുടകള്‍ നല്‍കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര നടത്തി ക്ലാസുകളിലേക്ക് സ്വീകരിച്ചു. പഠനോപകരണ വിതരണം പൂര്‍വ വിദ്യാര്‍ഥിയും ചേര്‍ത്തല ഡി.വൈ.എസ്.പിയുമായ ടി.ബി വിജയന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി.കെ ശ്രീകുമാര്‍, സ്‌കൂള്‍ മാനേജര്‍ എം.ഡി നടേശന്‍, പിടിഎ പ്രസിഡന്റ് കണ്ണന്‍, പ്രധാനാധ്യാപിക ദിവ്യാ ടി ശശി, അശോക് കുമാര്‍, പി.ആര്‍ രാജപ്പന്‍, ശ്രിയ ഹരി എന്നിവര്‍ പ്രസംഗിച്ചു.