Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓളപ്പരപ്പില്‍ വിസ്മയം തീര്‍ത്ത് അഞ്ചു വയസ്സുകാരന്‍ വേമ്പനാട്ട് കായല്‍ നീന്തിക്കയറി
22/05/2022
വേമ്പനാട്ടുകായലിനു കുറുകെ നീന്തി വൈക്കം കോവിലകത്തുംകടവിലെത്തി ഇന്‍ഡ്യന്‍ റെക്കാര്‍ഡ് ഓഫ് ബുക്‌സില്‍ ഇടംനേടിയ അഞ്ചു വയസുകാരന്‍ നീരജ് ശ്രീകാന്ത്.

വൈക്കം: കായലിലെ ശക്തമായ ഒഴുക്കിനെയും ഇടയ്ക്ക് പെയ്ത മഴയെയും അതിജീവിച്ച് അഞ്ചു വയസുകാരന്‍ വേമ്പനാട്ടുകായല്‍ നീന്തിക്കയറി. കോതമംഗലം അടിവാട് പല്ലാരിമംഗലം പഞ്ചായത്ത് 13-ാം വാര്‍ഡിലെ കണ്ണാപറമ്പില്‍ ശ്രീകാന്ത്-അനുപമ ദമ്പതികളുടെ മകന്‍ നീരജ് ശ്രീകാന്താണ് മൂന്നര കിലോമീറ്റര്‍ ദൂരം വരുന്ന വേമ്പനാട്ട് കായല്‍ രണ്ടു മണിക്കൂര്‍ കൊണ്ട് സാഹസികമായി നീന്തി കീഴടക്കിയത്. ശനിയാഴ്ച രാവിലെ 8.47ന് എ.എം ആരിഫ് എംപിയുടെയും, കുടുംബാംഗങ്ങളുടെയും കൂട്ടുകാരുടെയും  നിറഞ്ഞ കരഘോഷത്തോടെയാണ് നീരജ് ചേര്‍ത്തല തവണക്കടവില്‍ നിന്ന് നീന്തല്‍ ആരംഭിച്ചത്. നീരജിന് ധൈര്യം പകരാന്‍ പരിശീലകന്‍ ബിജു തങ്കപ്പന്‍ മുന്നില്‍ നീന്തി. ധീരജിന്റ മാതാപിതാക്കളും കൂടെ നീന്തല്‍ പരിശീലിക്കുന്ന കൂട്ടുകാരും ബന്ധുക്കളും പിന്നാലെ വള്ളത്തില്‍ അനുഗമിച്ചു. വൈക്കം കോവിലകത്തുംകടവ് ചന്തക്കടവിലേക്ക് നീന്തികയറിയ നീരജിനെ വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുകരതീഷ് ഉപഹാരം നല്‍കി സ്വീകരിച്ചു. ഇന്‍ഡ്യന്‍ ബുക്‌സ് ഓഫ് റെക്കാര്‍ഡില്‍ ഇടം നേടിയ നീരജിനെ ജനപ്രതിനിധികള്‍, വിവിധ സ്ഥാപന അധികൃതര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ ഉപഹാരം നല്‍കി അനുമോദിച്ചു. നീരജിനെ അനുമോദിക്കാന്‍ വൈക്കം കായലോരത്തെത്തിയ ചലച്ചിത്ര പിന്നണി ഗായകന്‍ ദേവാനന്ദ് ഗാനമാലപിച്ചും ഉപഹാരം നല്‍കിയുമാണ് കൊച്ചു മിടുക്കനെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടിയത്. തുടര്‍ന്നു നടന്ന അനുമോദന യോഗം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പോത്താനിക്കാട് സെന്റ് സേവ്യേഴ്‌സ് സ്‌കുളില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന നീരജ് നാലു മാസം മുമ്പാണ് നീന്തല്‍ പരിശീലനം ആരംഭിച്ചത്.