Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള പേപ്പര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് പ്രവര്‍ത്തനം തുടങ്ങി; വികസന കുത്തിപ്പിനൊരുങ്ങി വെള്ളൂര്‍
20/05/2022
വെള്ളൂര്‍ കേരള പേപ്പര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് മെഷീനുകളുടെ സ്വിച്ച് ഓണ്‍ കര്‍മം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: ഉത്സവാന്തരീക്ഷത്തില്‍ നാടാകെ ഒത്തുചേര്‍ന്ന ചടങ്ങില്‍ വെള്ളൂര്‍ കേരള പേപ്പര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡിന്റെ പ്രവര്‍ത്തനത്തിന് തുടക്കം. കേരള പേപ്പര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡിനെ (കെപിപിഎല്‍) രാജ്യത്തെ പേപ്പര്‍ വ്യവസായരംഗത്തെ മുന്‍നിര കമ്പനിയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാലുഘട്ടങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 3000 കോടി രൂപയുടെ വിറ്റുവരവും അഞ്ച് ലക്ഷം മെട്രിക് ടണിന്റെ ഉല്‍പാദനവുമാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവല്‍കരണത്തിനൊരുങ്ങിയ ഒരു സ്ഥാപനം ഇത്തരത്തില്‍ അഭിവൃദ്ധിപ്പെടുത്താനായതില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ മുഴുവന്‍ അംഗങ്ങളുടെയും തൊഴിലാളി സംഘടനകളുടെയും പൊതുജനങ്ങളുടെയും പങ്കുണ്ട്. ഒരു നാടിന് ഉണ്ടാകേണ്ട ആരോഗ്യകരമായ സമീപനം എല്ലാവരില്‍ നിന്നും ലഭിച്ചു.
ഒന്നാം ഘട്ടത്തില്‍ പേപ്പര്‍ മെഷീന്‍, ഡീ ഇങ്കിങ് പ്ലാന്റ്, പവര്‍ ബോയ്ലര്‍ മറ്റനുബന്ധ യന്ത്രോപകരണങ്ങള്‍ എന്നിവയുടെ പുനരുദ്ധാരണം 34.30 കോടി രൂപ ചെലവില്‍ അഞ്ചു മാസത്തിനകം പൂര്‍ത്തീകരിക്കാനായി. ഇതിലൂടെ ആദ്യ റീല്‍ പേപ്പറിന്റെ ഉല്‍പാദനം സാധ്യമായി. രണ്ടാംഘട്ടത്തില്‍ പള്‍പിങ് പ്ലാന്റുകളുടെ പുനരുദ്ധാരണത്തിനായി അനുവദിച്ചിട്ടുള്ള 44.94 കോടി രൂപയ്ക്ക് പുറമെ 75.15 കോടി രൂപയുടെ മൂലധന നിക്ഷേപമുള്‍പ്പെടെ കെപിപിഎല്ലിന്റെ പ്രവര്‍ത്തനം ആരംഭിക്കാനായി. ആദ്യ രണ്ടു ഘട്ടങ്ങളിലായി 154.39 കോടി രൂപയാണ് ചെലവിടുന്നത്. 1000 കോടി രൂപ മുടക്കി 46 മാസം കൊണ്ട് മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങളും പൂര്‍ത്തീകരിക്കും.
കേരളത്തിലെ വ്യവസായ മേഖലയെ കാലാനുസൃതമായി നവീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്ത 25 വര്‍ഷം കൊണ്ട് മധ്യവരുമാന വികസിത നാടുകളുടെ ഗണത്തിലേക്ക് നാടിനെ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മെഷീനുകളുടെ സ്വിച്ച് ഓണ്‍ കര്‍മവും കെപിപിഎല്‍ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. എം.പിമാരായ ജോസ് കെ മാണി, തോമസ് ചാഴികാടന്‍, എംഎല്‍എമാരായ സി.കെ ആശ, അഡ്വ. മോന്‍സ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, മുന്‍കേന്ദ്ര മന്ത്രി പി.സി തോമസ്, മുന്‍ എംഎല്‍എമാരായ കെ.ജെ തോമസ്, അഡ്വ. കെ സുരേഷ് കുറുപ്പ്, സ്റ്റീഫന്‍ ജോര്‍ജ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍, കെ.പി.പി.എല്‍ ചെയര്‍മാന്‍ എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ലാ കലക്ടര്‍ ഡോ. പി.കെ ജയശ്രീ, എസ്.പി ഡി ശില്‍പ, സ്‌പെഷ്യല്‍ ഓഫീസര്‍ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വരവേല്‍ക്കാന്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനു പേരാണ് വെള്ളൂരിലെ കമ്പനി അങ്കണത്തിലെത്തിയത്. അയ്യായിരം പേര്‍ക്കുള്ള ഉദ്ഘാടന വേദിയാണ് ഒരുക്കിയിരുന്നത്. പുതുതായി ഉല്‍പാദിപ്പിച്ച പേപ്പര്‍ റോളില്‍ ഒപ്പു ചാര്‍ത്തിയശേഷമാണ് മുഖ്യമന്ത്രി ഉദ്ഘാടന വേദിയിലെത്തിയത്. കടലാസ് കൊണ്ടുതീര്‍ത്ത ഇന്‍സ്റ്റലേഷന്‍ സന്ദര്‍ശിച്ച ശേഷം വേദിയിലെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജനപ്രതിനിധികളെയും ജനങ്ങള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. നാടിന്റെ സ്‌നേഹോപഹാരമായി വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യുവിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നിറപറ നല്‍കി. തൊഴിലാളികളുടെ സ്‌നേഹോപഹാരവും മുഖ്യമന്ത്രിക്ക് കൈമാറി.