Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാലസംഘം വേനല്‍തുമ്പി കലാജാഥ സമാപിച്ചു
13/05/2022
ബാലസംഘം തലയോലപ്പറമ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള വേനല്‍തുമ്പി കലാജാഥയുടെ സമാപന യോഗം സിപിഎം ഏരിയാ സെക്രട്ടറി കെ ശെല്‍വരാജ് ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ബാലസംഘം തലയോലപ്പറമ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള വേനല്‍തുമ്പി കലാജാഥ ചെമ്പ് മുറിഞ്ഞപ്പുഴയില്‍ സമാപിച്ചു. വെള്ളൂരില്‍ നിന്നും ആരംഭിച്ച കലാജാഥാ ആറു ദിവസങ്ങളിലായി എട്ട് ലോക്കല്‍ കമ്മിറ്റികളില്‍ 16 കേന്ദ്രങ്ങളിലാണ് പര്യടനം നടത്തിയത്. ജനകീയ വിഷയങ്ങള്‍ ഓരോന്നായി ജനങ്ങള്‍ക്ക് മുമ്പില്‍ കലാരൂപേണ അവതരിപ്പിച്ച് കൊണ്ടാണ് ഓരോ വേദിയിലും ജാഥ പര്യടനം നടത്തിയത്. ബാലസംഘം പ്രവര്‍ത്തകരായ 21 കലാകാരന്‍മാര്‍ ജാഥയിലുണ്ട്. 'ഞങ്ങള്‍ക്കും ചിലത് പറയാനുണ്ട്' എന്ന മുദ്രാവാക്യവുമായി പര്യടനം നടത്തുന്ന ജാഥയില്‍ നാടകങ്ങള്‍, സംഗീതശില്‍പങ്ങള്‍, കൂട്ടപ്പാട്ട് എന്നിവയുണ്ട്. ജാഥാ ക്യാപ്റ്റന്‍ നന്ദു കൃഷ്ണ, ജാഥാ വൈസ് ക്യാപ്റ്റന്‍ ഐ.ബി അമിത, ജാഥാ മാനേജര്‍ എ പത്രോസ്, വേനല്‍ തുമ്പി കലാജാഥ ക്യാമ്പ് ഡയറക്ടര്‍ ഡി.എം ദേവരാജന്‍, മുഖ്യപരിശീലകന്‍ കെ.ജി ചന്ദ്രന്‍ എന്നിവരാണ് ജാഥയ്ക്ക് നേതൃത്വം നല്‍കിയത്. മുറിഞ്ഞപ്പുഴയില്‍ നടന്ന സ്വീകരണത്തിനുശേഷം നടന്ന സമാപന യോഗം സിപിഎം ഏരിയാ സെക്രട്ടറി കെ ശെല്‍വരാജ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ടി.എന്‍ സിബി അധ്യക്ഷത വഹിച്ചു. ചെമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍, ബാലസംഘം മേഖലാ കണ്‍വീനര്‍ അസ്ഹര്‍ഷ, സ്വാഗത സംഘം ചെയര്‍മാന്‍ പി.വി അശോകന്‍, കണ്‍വീനര്‍ ഷബില്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ജാഥാംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.