Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭ: അഴിമതി ആരോപണങ്ങളില്‍ വിളറിപൂണ്ട് യുഡിഎഫ്
11/05/2022

വൈക്കം: വൈക്കം നഗരസഭയിലെ അഴിമതി ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷണത്തിന് വിടാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭയിലെ ഇരുപത്തിയാറ് വാര്‍ഡുകളിലും പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനായി സ്ഥാപിച്ച മിനി എം.സി.എഫ് നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നതായി എല്‍ഡിഎഫ് ആരോപിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധവുമായി എല്‍ഡിഎഫ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് എസ് ഹരിദാസന്‍ നായര്‍, ഉപനേതാവ് ആര്‍ സന്തോഷ്, കേരള കോണ്ഗ്രസ് പാര്‍ലമെന്റ്റി പാര്‍ട്ടി നേതാവ് എബ്രഹാം പഴയകടവന്‍ എന്നിവരാണ് വിഷയം ശക്തമായി ഉന്നയിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷത്തെ യുഡിഎഫ് ഭരണത്തിലെ അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് കൗണ്‍സില്‍ ശുപാര്‍ശ ചെയ്തത്. നേരത്തെ തന്നെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി കമ്മിറ്റി ഇക്കാര്യത്തില്‍ വകുപ്പ് മന്ത്രിക്കും, വിജിലന്‍സിനു പരാതി നല്‍കിയിരുന്നു. മിനി എം.സി.എഫ് നിര്‍മാണത്തിലെ അഴിമതിക്കെതിരെ വരുംദിവസങ്ങളിലും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് അറിയിച്ചപ്പോള്‍ ഭരണപക്ഷം വിജിലന്‍സില്‍ പരാതിപ്പെടാനുള്ള എല്‍ഡിഎഫ് ആവശ്യത്തെ അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷ ആവശ്യത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 2015 മുതലുള്ള എല്ലാ പ്രവര്‍ത്തികളുടെയും അന്വേഷണവും വേണമെന്ന ഭരണകക്ഷിയുടെ ആവശ്യം വെല്ലുവിളിയോടെയാണ് എല്‍ഡിഎഫ് അംഗങ്ങള്‍ സ്വീകരിച്ചത്. എല്‍ഡിഎഫ് ഭരണകാലത്ത് ഒരു പ്രതിപക്ഷ അംഗം പോലും അഴിമതി ആരോപണം ഉന്നയിച്ചിട്ടില്ലെന്നിരിക്കെ ഇപ്പോള്‍ കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്തെ പ്രവൃത്തികളെക്കുറിച്ച് ഇപ്പോള്‍ അന്വേഷണം ആവശ്യപ്പെടുന്നത് യുഡിഎഫ് ഭരണസമിതിയുടെ കള്ളി വെളിച്ചത്തായതിലെ ജാള്യത മറക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എല്‍ഡിഎഫ് ഭരണസമയത്തെ ഒരു മൊട്ടു സൂചി വാങ്ങിയ ഇടപാടില്‍ പോലും അന്വേഷണം നടത്താന്‍ യാതൊരു ഭയവും ഇല്ലെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.