Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെറിയ പെരുന്നാള്‍ ആഘോഷിച്ചു
04/05/2022
ചെമ്പ് ജുമാ മസ്ജിദിൽ നടന്ന ചെറിയ പെരുന്നാൾ നമസ്കാരം.

വൈക്കം: പ്രാര്‍ത്ഥനാനിര്‍ഭരമായ മനസോടെ താലൂക്കിലെ വിശ്വാസിസമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. കോവിഡ് വ്യാപനം കുറഞ്ഞ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നശേഷമുള്ള ആദ്യ പെരുന്നാളിനെ വിശ്വാസികള്‍ ആവേശത്തോടെയാണ് വരവേറ്റത്. വീടുകളില്‍ തന്നെ കഴിച്ചുകൂടേണ്ടി വന്ന രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷം ഇത്തവണ വീണ്ടും പള്ളികള്‍ സജീവമായി. ഈദ് നമസ്‌കാരത്തിന് വളരെ മുന്‍പുതന്നെ വിശ്വാസികള്‍ പള്ളികളില്‍ എത്തിയിരുന്നു. തക്ബീര്‍ ധ്വനികളാല്‍ പള്ളികള്‍ ഭക്തിസാന്ദ്രമായി. നമസ്‌കാരശേഷം സുഹൃത്തുക്കളെയും ബന്ധുക്കളെയും പരസ്പരം ആശ്ലേഷിച്ച് ആശംസകള്‍ നേര്‍ന്നു. നോമ്പുകാലത്ത് ജീവിതത്തില്‍ പുലര്‍ത്തിയ വിശുദ്ധി അടുത്ത റംസാന്‍ വരെ കാത്തുസൂക്ഷിക്കണമെന്നും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാതയിലൂടെ സഞ്ചരിക്കണമെന്നും, ഭീകരവാദ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിലകൊള്ളാനും, രാജ്യത്തിന്റെ പുരോഗതിക്കായി ഒത്തൊരുമയോടെ മുന്നേറാനും ഈദ് നമസ്‌കാരാനന്തമുള്ള പ്രഭാഷണത്തില്‍ ഇമാമുമാര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വൈക്കം ടൗണ്‍ ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് മുഹമ്മദ് ത്വാഹാ ബാഖവി നേതൃത്വം നല്‍കി. തലയോലപ്പറമ്പ് മുഹിയിദ്ദീന്‍ പള്ളിയില്‍ അബ്ദുറഹിം മുസ്ലിയാര്‍, കാട്ടിക്കുന്ന് ജുമാ മസ്ജിദില്‍ സലിം ഫൈസി, ചെമ്പ് ജുമാ മസ്ജിദില്‍ കടയ്ക്കല്‍ ഷെഫീഖ് ബദരി അല്‍ ബാഖവി, കുലശേഖരമംഗലം നുസ്‌റത്തുല്‍ ഇഖുവാന്‍ സലഫി ജുമാ മസ്ജിദില്‍ കാസിം മൗലവി, കുടവെച്ചൂര്‍ അന്‍സാറുല്‍ ഇസ്ലാം ജുമാ മസ്ജിദില്‍ അസ്ഹര്‍ അല്‍ ക്വാസിമി, നക്കംതുരുത്ത് ജുമാ മസ്ജിദില്‍ ജസീര്‍ ഫൈസാനി, മറവന്‍തുരുത്ത് മുഹിയിദ്ദീന്‍ പള്ളിയില്‍ കമറുദ്ദീന്‍ മുസ്ലിയാര്‍, മണകുന്നം ജുമാമസ്ജിദില്‍ സക്കീര്‍ സഖാഫി, തലയോലപ്പറമ്പ് സലഫി മസ്ജിദ് ഈദ് ഗാഹില്‍ മുഹമ്മദ് ബൈജു മൗലവി, കരിപ്പാടം ജുമാമസ്ജിദില്‍ നിസാര്‍ അഹ്‌സനി, മിഠായികുന്നം ജുമാ മസ്ജിദില്‍ ഡോ. അബ്ദുസമദ് ബാഖവി, വടകര മുഹിയിദ്ദീന്‍ ജുമാമസ്ജിദില്‍ മുഹിയിദ്ദീന്‍ മദനി, വെള്ളൂര്‍ നുസ്‌റത്തുല്‍ ഇഖുവാന്‍ ജുമാമസ്ജിദില്‍ സലിം മിസ്ബാഹി, ഇറുമ്പയം ജുമാ മസ്ജിദില്‍ ഷെഫീര്‍ സഖാഫി, എച്ച്.എന്‍.എല്‍ ജുമാ മസ്ജിദില്‍ ഉബൈദുള്ള സഖാഫി, അപ്പാഞ്ചിറ മുഹിയിദ്ദീന്‍ പള്ളിയില്‍ ബുഖാരി മൗലവി എന്നിവര്‍ ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിനും പ്രഭാഷണത്തിനും നേതൃത്വം നല്‍കി. സലഫി മസ്ജിദുകളില്‍ സ്ത്രീകളും നമസ്‌കാരത്തില്‍ പങ്കുകൊണ്ടു.