Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇത്തവണ ചക്കയ്ക്ക് വന്‍ ഡിമാന്‍ഡ്.
12/04/2016

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ചക്കയ്ക്ക് വന്‍ ഡിമാന്‍ഡ്. പ്ലാവില്‍ കയറാന്‍ ആളുണ്ടെങ്കില്‍ ചക്ക മുഴുവന്‍ കയററിക്കൊണ്ടുപോകാന്‍ ഇടനിലക്കാരുടെ തിരക്കാണ്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലേക്കാണ് ചക്ക കൂടുതല്‍ കയറിപ്പോകുന്നത്. അന്യസംസ്ഥാനക്കാര്‍ക്ക് ഇതിന്റെ രുചി പിടിച്ചതോടെയാണ് നാട്ടിന്‍പുറങ്ങളില്‍ അത്ര പ്രിയമല്ലാത്ത ചക്കയുടെ രുചിഭേദങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയത്. കുടുംബശ്രീയുടെയും സാംസ്‌കാരിക സംഘടനകളുടെയുമെല്ലാം ആഭിമുഖ്യത്തില്‍ ചക്കകൊണ്ട് വിഭവങ്ങള്‍ ഉണ്ടാക്കുന്ന മത്സരങ്ങള്‍ ആരംഭിച്ചാണ് ചക്ക വിപണി സജീവമാക്കിയത്. ചക്കഅട, ചക്കപ്പുഴുക്ക്, കട്‌ലററ്, ചക്കപ്പായസം, ചക്ക അലുവ, ചക്കവറ, ചക്ക കേക്ക് എന്നിവയാണ് വിപണിയെ കീഴടക്കിയിരിക്കുന്നത്. തട്ടുകടകളിലും കള്ളുഷാപ്പുകളിലും കപ്പയ്ക്ക് പകരം ചക്കയ്ക്കും പോട്ടിയ്ക്കുമാണ് ഇപ്പോള്‍ ഡിമാന്‍ഡ്. കേരളത്തില്‍ നിന്ന് ഒരു ചക്കയ്ക്ക് 20 രൂപ മുതല്‍ 40 രൂപ വിലയ്ക്ക് വാങ്ങി കൊണ്ടുപോകുന്ന ഇടനിലക്കാര്‍ മററു സംസ്ഥാനങ്ങളില്‍ വില്‍പന നടത്തി വന്‍ നേട്ടമാണ് കൊയ്യുന്നത്. ഇവിടെ വീട്ടുകാര്‍ക്കും തരക്കേടില്ലാതെ വില ലഭിക്കുന്നുണ്ട്. മഴ സജീവമാകുന്നതിനു മുന്‍പുതന്നെ ചക്ക മുഴുവന്‍ വില്‍പ്പന നടത്താനുള്ള നീക്കത്തിലാണ് വീട്ടുകാര്‍. ചക്കകൊണ്ട് വിവിധ തരത്തിലുണ്ടാക്കുന്ന പായസം ടൂറിസ്റ്റുകള്‍ക്കും നല്ല രീതിയില്‍ പിടിച്ചിരിക്കുകയാണ്. ബംഗാള്‍, ഒറീസ എന്നിവിടങ്ങളില്‍ നിന്നെത്തി പണിയെടുക്കുന്ന തൊഴിലാളികളുടേയും ഇഷ്ട വിഭവമായി ചക്ക മാറിക്കഴിഞ്ഞു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ചക്ക വലിയ വിലക്കൂടുതല്‍ ഇല്ലാതെ ലഭിക്കുമ്പോള്‍ പാകം ചെയ്ത് അവരും ഇതിന്റെ ഇഷ്ടക്കാരായി മാറിയിരിക്കുകയാണ്. അത്താഴത്തിന് ചപ്പാത്തിക്കും കിഴങ്ങുകറിക്കും പകരം ഇവര്‍ ചക്കപ്പുഴുക്ക് ശീലമാക്കിയിരിക്കുകയാണ്. മലയാളി മറക്കുന്ന ഇഷ്ടവിഭവങ്ങള്‍ അന്യസംസ്ഥാനക്കാര്‍ പതിവാക്കുമ്പോള്‍ ഏറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇവിടെ പരിഹാരമാവുകയാണ്. പ്രമേഹം ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്ക് ചക്കപ്പുഴുക്കും ചക്കപ്പഴവുമെല്ലാം ഉത്തമമരുന്നാണെന്ന് അലോപ്പതിയും ആയുര്‍വേദവും അടിവരയിടുന്നു. ബേക്കറികളില്‍ മൈദയുടെയും അരിയുടെയും ഹല്‍വകള്‍ക്കുപകരം ചക്ക ഹല്‍വകളും കായ് വറകള്‍ക്കുപകരും ചക്ക ചിപ്‌സുകള്‍ക്കും ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്. തിരക്കേറിയതോടെ പല ബേക്കറികളിലും ഇത് കിട്ടാക്കനിയായി. മെയ് മാസം തീരുന്നതുവരെ ചക്ക വിഭവങ്ങള്‍ക്ക് വലിയ ഡിമാന്റ് ആണ്. ഇതിനുശേഷം മഴ എത്തിയാല്‍ ചക്കയും വിഭവങ്ങളും മാര്‍ക്കററില്‍ നിന്നും അപ്രത്യക്ഷമാകും. ഇതിനിടയില്‍ പരമാവധി ഡിമാന്റ് ഉപയോഗിച്ച് വരുമാനം കൊയ്യാനുള്ള ഒരുക്കത്തിലാണ് ബേക്കറി ഉടമകളും മററും.