Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആവേശം അലതല്ലിയ അന്തരീക്ഷത്തില്‍ വാട്ടര്‍ സ്ട്രീറ്റിന് തുടക്കം; മറവന്‍തുരുത്തിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കുമെന്ന് മന്ത്രി
29/04/2022
ഉത്തരവാദിത്ത ടൂറിസം മിഷന്‍ മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തുമായി ചേര്‍ന്നു നടപ്പാക്കുന്ന സ്ട്രീറ്റ് പദ്ധതിയിലെ വാട്ടര്‍ സ്ട്രീറ്റുകളുടെ ഉദ്ഘാടനം കുലശേഖരമംഗലം മൂഴിക്കലില്‍ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കുന്നു.
 
വൈക്കം: സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പിലാക്കുന്ന സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി മറവന്‍തുരുത്ത് പഞ്ചായത്തില്‍ വാട്ടര്‍ സ്ട്രീറ്റുകള്‍ക്ക് തുടക്കമായി. ആവേശം അലതല്ലിയ അന്തരീക്ഷത്തില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാട്ടര്‍ സ്ട്രീറ്റുകള്‍ക്ക് തിരി തെളിയിച്ചു. കുലശേഖരമംഗലം മൂഴിക്കല്‍ വിജ്ഞാനപ്രദായനി വായനശാല അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കനാല്‍ കയാക്കിങ്ങും അദ്ദേഹം ഉദ്ഘാടനം ചെയ്തു.  മറവന്‍തുരുത്തിനെ സുസ്ഥിര വിനോദ സഞ്ചാര വികസനത്തിന്റെ കേന്ദ്രമാക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതി കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കും കുതിച്ചുചാട്ടത്തിനും വഴിയൊരുക്കും. മറവന്‍തുരുത്തിന്റെ സ്വന്തമായ ആറ്റുവേലയും സര്‍പ്പം തുള്ളലും ഗരുഡന്‍ തൂക്കവും തീയാട്ടും തിരുവോണമാറ്റവും ഒക്കെ കാണാന്‍ ഈ ഗ്രാമത്തിലേക്കിനി സഞ്ചാരികള്‍ എത്തും. ഈ വര്‍ഷം തന്നെ മറവന്‍തുരുത്ത് വാട്ടര്‍ സ്ട്രീറ്റ് ഫെസ്റ്റ് നടത്തും. അതിന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.  ഒറ്റ ടീം വര്‍ക്കാണ് പദ്ധതിയെ മുന്നിലെത്താന്‍ സഹായിച്ചത്. ആ കെട്ടുറപ്പ് മുന്നോട്ട് കൊണ്ട് പോകാനാകണം. പെപ്പര്‍ പദ്ധതിയിലൂടെ ലോകടൂറിസത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റിയ വൈക്കത്തിന് തിലകക്കുറിയായി സ്ട്രീറ്റ് പദ്ധതിയിലൂടെ മറവന്‍തുരുത്ത് മാറുമെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടി ചേര്‍ത്തു. സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് അഡ്വ.കെ.കെ. രഞ്ജിത് , വൈസ് പ്രസിഡന്റ് പി.ആര്‍ സലില, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഷമ സന്തോഷ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സീമ ബിനു, പി.കെ മല്ലിക, ബിന്ദു പ്രദീപ്, ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ ജി ശ്രീകുമാര്‍, ടൂറിസം വികസന സമിതി കണ്‍വീനര്‍ ടി.കെ സുവര്‍ണന്‍, ഗ്രാമ പഞ്ചായത്തംഗങ്ങള്‍  എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മറവന്‍തുരുത്ത് കനാല്‍ സ്ട്രീറ്റ് സന്ദര്‍ശനവും നടന്നു.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പതിനഞ്ചോളം കനാലുകളും പ്രദേശത്തുകൂടി ഒഴുകുന്ന മറ്റു ജലാശയങ്ങളും പ്രാദേശിക പങ്കാളിത്തത്തോടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൃക്തിയാക്കി സഞ്ചാരയോഗ്യമാക്കി വാട്ടര്‍ സ്ട്രീറ്റിന്റെ ഭാഗമായി റിവര്‍-കനാല്‍ സ്ട്രീറ്റുകള്‍ തയ്യാറാക്കി കഴിഞ്ഞു. മറവന്‍തുരുത്തിന്റെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രാദേശിക തൊഴിലും വരുമാനവും വര്‍ധിപ്പിക്കുകയും പടിപടിയായി പ്രദേശത്തെ ഒരു അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.