Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിഷു: പടക്ക വിപണി സജീവം; വര്‍ണവിസ്മയമായി പൂത്തിരികള്‍
14/04/2022
ശിവകാശി പടക്കങ്ങള്‍ വില്‍ക്കുന്ന ചെമ്പ് മാര്‍ക്കറ്റിനു സമീപത്തെ മൊത്ത, ചില്ലറ വില്‍പന ശാലയില്‍ വാങ്ങാനെത്തിയവരുടെ തിരക്ക്.

വൈക്കം: വിഷു എത്തിയതോടെ പടക്ക വിപണി സജീവമായി. ഇക്കുറി വിഷു ഉത്സവത്തിന് പൂത്തിരികള്‍ വര്‍ണങ്ങള്‍ വിരിക്കും. മഹാമരിയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷം വിഷു ഉത്സവത്തിന് മങ്ങലേറ്റിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ആഘോഷം പൊടിപൂരമാക്കാനുള്ള തിരക്കിലാണ് ജനം. അതിന്റെ ഉണര്‍വും ഉത്സാഹവും പടക്ക വിപണിയില്‍ പ്രകടമാണ്. മണ്ണിലും വിണ്ണിലും വര്‍ണങ്ങള്‍ വിസ്മയം സൃഷ്ടിക്കുന്ന പടക്ക ഇനങ്ങളാണ് ഇക്കുറി വിപണിയില്‍ എത്തിയിരിക്കുന്നത്. ശിവകാശി പടക്കങ്ങളുടെ മൊത്ത, ചില്ലറ വില്‍പന ചെമ്പ് മാര്‍ക്കറ്റിനു സമീപത്ത് തുറന്നതോടെ ഇവിടെ തിരക്കായി. 250ല്‍ പരം ഇനങ്ങളാണ് വിപണിയില്‍ നിരത്തിയിട്ടുളളത്. 20 രൂപ മുതല്‍ 300 രൂപ വരെ വില മതിക്കുന്ന പടക്കങ്ങള്‍ വരെ വിപണിയില്‍ ലഭ്യമാണ്. 6 മുതല്‍ 240 വരെ കളര്‍ ഷോട്ടുകള്‍ ഉതിര്‍ക്കുന്ന പടക്കങ്ങളും ഉണ്ട്. കമ്പിത്തിരി, മത്താപ്പ്, കുടചക്രം, പമ്പരം കുട്ടികളെ ആകര്‍ഷിക്കുന്ന കിറ്റ് കാറ്റ് പടക്കം, സെറ്റ് പടക്കം, ഫോര്‍ ആന്റ് ഫോര്‍ വീല്‍, ഹെലികോപ്റ്റര്‍, കൂരവപ്പൂ ചക്രം, ഡാന്‍സിങ് ചക്രം, വര്‍ണകാഴ്ച്ച വിരിക്കുന്ന അമിട്ട് എന്നിവ വിപണിയിലെ ശ്രദ്ധേയമായ ഇനങ്ങളാണ്. ശബ്ദം കുറവും നിറവൈവിധ്യവുമുള്ള പടക്കങ്ങളാണ് ഇക്കുറി വിഷു കച്ചവടത്തെ ശ്രദ്ധേയമാക്കുന്നത്. പേരും പെരുമയുമുള്ള ശിവകാശി പടക്കങ്ങള്‍ കമ്പനി വിലയ്ക്ക് ആവശ്യക്കാര്‍ക്ക് വേണ്ടുവോളം നല്‍കാന്‍ സുരക്ഷിതമായി കരുതിയിട്ടുണ്ടെന്ന് പടക്ക വ്യാപാരി പി.പി സജീവ് പറഞ്ഞു.