Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോസ്റ്റല്‍ മേഖലയെ സജീവമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണം
12/04/2016
തിരുവിതാംകൂര്‍ രാജഭരണ കാലത്ത് സ്ഥാപിക്കപ്പെട്ട ചരിത്ര സ്മാരകമായ എഴുത്തുപെട്ടിയും, ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എഴുത്തുപെട്ടിയും.

സ്വകാര്യ എഴുത്തുകള്‍ കുറഞ്ഞെങ്കിലും ഒരു കാലത്തിന്റെ സ്പന്ദനമായിരുന്ന എഴുത്തുപെട്ടികളുടെ പ്രാധാന്യത്തിന് ഇന്നും കുറവൊന്നും വന്നിട്ടില്ല. ന്യൂ ജനറേഷന്‍ കമ്പ്യൂട്ടര്‍ യുഗത്തിലേക്ക് തിരിഞ്ഞതോടെ എഴുത്തുകള്‍ അയക്കുന്ന ശീലം ഇല്ലാതായി. ഗ്രാമീണ മേഖലകളിലെല്ലാം എഴുത്തുപെട്ടികള്‍ ഇന്നും നിലനില്‍ക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ രാവിലെ എഴുത്തുപെട്ടി തുറക്കാന്‍ ചെല്ലുന്നവര്‍ തിരികെ മടങ്ങുമ്പോള്‍ കൈ നിറയെ എഴുത്തുകളുണ്ടാകും. എന്നാല്‍ ഇന്ന് ചില എഴുത്തുപെട്ടികളില്‍ ഒന്നും ഉണ്ടാകാറില്ലെന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ പറയുന്നു. പണ്ടൊക്കെ എഴുത്തുകള്‍ അയച്ചിരുന്ന ഇന്‍ലന്റ് ഇന്ന് പോസ്റ്റോഫീസുകളില്‍ ലഭ്യമല്ലാതായി. വൈക്കം സബ് പോസ്റ്റോഫീസ് ഡിവിഷനു കീഴില്‍ 200 എഴുത്തുപെട്ടികളുണ്ട്. പി.എസ്.സി. അപേക്ഷകളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കിയത് എഴുത്തുപെട്ടികള്‍ക്ക് തിരിച്ചടിയുണ്ടാക്കി. ഗ്രാമീണ മേഖലകളില്‍ നിലനില്‍ക്കുന്ന എഴുത്തുപെട്ടികള്‍ക്കു നേരെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവുമുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് അയ്യര്‍കുളങ്ങരയിലെ എഴുത്തുപെട്ടി സാമൂഹ്യ വിരുദ്ധര്‍ കുളത്തില്‍ എറിഞ്ഞിരുന്നു. പിന്നീട് പോലീസ് ഇതു കണ്ടെത്തി സറണ്ടര്‍ ചെയ്തു. കൊറിയര്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമായതോടെ പോസ്റ്റല്‍ മേഖലയോട് പലര്‍ക്കും താല്പര്യം കുറഞ്ഞു. എഴുത്തുപെട്ടികള്‍ വഴിയുള്ള സന്ദേശങ്ങള്‍ സമയബന്ധിതമായി ലഭിക്കാതെവന്നതും യുവതലമുറയെ ഇതില്‍ നിന്നും വഴിമാറി ചിന്തിക്കുന്നതിന് ഇടയാക്കി. സര്‍ക്കാരിന്റെ പി.എസ്.സി.യില്‍ നിന്നുള്ള അറിയിപ്പുകള്‍, ഡ്രൈവിംഗ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് സംവിധാനങ്ങളായ എ.ടി.എം. കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയെല്ലാം ഇപ്പോഴും എഴുത്തുപെട്ടികള്‍ വഴിയാണ് എത്തുന്നത്. വൈക്കം പോസ്റ്റല്‍ ഡിവിഷന്റെ കീഴിലുള്ള വൈക്കം ടൗണ്‍, വെള്ളൂര്‍, മേവെള്ളൂര്‍, ഉദയനാപുരം ഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന എഴുത്തുപെട്ടികളില്‍ ഇന്നും ജനസാന്നിദ്ധ്യം സജീവമാണ്. തിരുവിതാംകൂര്‍ രാജഭരണകാലത്ത് സ്ഥാപിതമായ വൈക്കം ടൗണ്‍ പോസ്റ്റോഫീസിനു മുന്നിലുള്ള എഴുത്തുപെട്ടി ഇന്നും സ്മാരകമായി നിലനില്‍ക്കുന്നുണ്ട്. തലയോലപ്പറമ്പ് ടൗണ്‍ പോസ്റ്റോഫീസ്, ടി.വി. പുരം പോസ്റ്റോഫീസ്, തലയാഴം പോസ്റ്റോഫീസ് എന്നിവിടങ്ങളിലെ എഴുത്തുപെട്ടികളിലും സജീവ ജനപങ്കാളിത്തമുണ്ട്. വൃദ്ധജനങ്ങള്‍ക്കുള്ള പെന്‍ഷന്‍ സമ്പ്രദായം ഇന്നും പോസ്റ്റല്‍ മേഖലയിലാണ് നിലനില്‍ക്കുന്നത്. യുവതലമുറയ്ക്ക് എഴുത്തുപെട്ടികളോടുള്ള താല്പര്യക്കുറവ് പോസ്റ്റല്‍ മേഖലയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്. പോസ്റ്റല്‍ മേഖലയെ സജീവമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലെങ്കില്‍ വരുംതലമുറയ്ക്ക് എഴുത്തുപെട്ടികള്‍ ഓര്‍മ്മ മാത്രമായിരിക്കും.