Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇനി വ്രതശുദ്ധിയുടെ നാളുകള്‍
03/04/2022
വൈക്കം: പാപമോചനത്തിന്റെ മന്ത്രധ്വനികളുമായി ഇനി വ്രതശുദ്ധിയുടെ നാളുകള്‍. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് മനസ്സും ശരീരവും ദൈവത്തിന് സമര്‍പ്പിക്കുന്ന രാപകലുകള്‍. രാവും പകലും പ്രാര്‍ത്ഥനാ നിര്‍ഭരമാകുന്ന റമദാന്‍ വ്രതാനഷ്ഠാനത്തിന് ഞായറാഴ്ച തുടക്കമായി. കോവിഡ്  വ്യാപനം കുറഞ്ഞ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ഇക്കുറി പള്ളികള്‍ നമസ്‌കാരങ്ങളും ഖുര്‍ആന്‍ പാരായണവും നോമ്പുതുറയും കൊണ്ട് സജീവമാകും. കോവിഡ് കുറഞ്ഞെങ്കിലും മാസ്‌ക് ഉറപ്പ് വരുത്തി പള്ളികളില്‍ എത്തിച്ചേരാനാണ് വിശ്വാസികളോട് താലൂക്കിലെ മഹല്ല് ഇമാമുമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് വീടുകളില്‍ തന്നെ കഴിച്ചുകൂടേണ്ടി വന്ന രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷം ഇത്തവണ പള്ളികളില്‍ എത്തിച്ചേരാമെന്ന ആഹ്ലാദത്തിലാണ് വിശ്വാസി സമൂഹം. സല്‍കര്‍മങ്ങള്‍ക്ക് മറ്റുമാസങ്ങളെക്കാള്‍ റമദാനില്‍ ഏറെ പുണ്യമുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് ദാനധര്‍മങ്ങള്‍ക്ക് ഈ മാസത്തില്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചും പരസ്പരവൈരങ്ങള്‍ മറന്ന് സഹായസഹകരണങ്ങള്‍ ചെയ്തും വിശ്വാസിസമൂഹം നോമ്പിന്റെ ആത്മീയത ഊട്ടിയുറപ്പിക്കുന്നു. അവസാന പത്തിലെ ഒറ്റയൊറ്റ രാവുകള്‍ ഏറ്റവും പുണ്യകരമായ രാവുകളാണ്. ഖുര്‍ആനിന്റെ അവതരണം കൊണ്ട് ശ്രേഷ്ഠമായ, ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്ര്‍ ഈ രാവുകളിലൊന്നിലാണ്. രാത്രിയിലെ തറാവീഹ് നമസ്‌കാരവും ഇഫ്താര്‍ സംഗമങ്ങളുമെല്ലാം റമദാനിനെ കൂടുതല്‍ ഭക്തിനിര്‍ഭരമാക്കും.