Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തിന് ചാരുതയേകി ധീവര മഹിളാസഭയുടെ താലപ്പൊലി
02/04/2022
പോളശ്ശേരി ഭഗവതിക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയില്‍ നിന്നും പോളശ്ശേരി ക്ഷേത്രത്തിലേക്ക് പുറപ്പെട്ട താലപ്പൊലി.

വൈക്കം: നഗരത്തിന് നിറ ശോഭയേകി ധീവര മഹിളാസഭ പോളശ്ശേരി ശാഖയുടെ നേത്യത്വത്തില്‍ നടന്ന താലപ്പൊലി ആകര്‍ഷകമായി. പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും രേവതി വിളക്ക് ദിവസം നടത്തുന്ന പ്രധാന ചടങ്ങാണ് വൈക്കം ക്ഷേത്രത്തില്‍ നിന്നും പോളശ്ശേരി ക്ഷേത്രത്തിലേക്കു നടത്തുന്ന താലപ്പൊലി. ധീവര മഹിളാസഭ 202-ാം നമ്പര്‍ ശാഖയുടെ നേത്യത്വത്തില്‍ ആയിരുന്നു താലപ്പൊലി. ശനിയാഴ്ച വൈകിട്ട് വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയില്‍ നിന്നാണ് താലപ്പൊലി പുറപ്പെട്ടത്. വൈക്കം ക്ഷേത്രമേല്‍ ശാന്തി ടി.ഡി ശ്രീധരന്‍ നമ്പൂതിരി ശ്രീകോവിലില്‍ നിന്നും പകര്‍ന്നെടുത്ത ദീപം താലങ്ങളിലേക്ക് പകര്‍ന്നതോടെയാണ് നഗരം ചുറ്റി താലപ്പൊലി പോളശ്ശേരി ക്ഷേത്രത്തിലേക്ക് നീങ്ങിയത്. നീരാഞ്ജനദീപവും പുഷ്പങ്ങളും നിറച്ച താലങ്ങളുമായി ദേവീസ്തുതികള്‍ ആലപിച്ച് നീങ്ങിയ താലപ്പൊലി ഭക്തിസാന്ദ്രമായിരുന്നു. തിടമ്പേറ്റിയ ഗജവീരന്‍, മുത്തുകുടകള്‍, നിലക്കാവടികള്‍, വിവിധ സെറ്റ് വാദ്യമേളങ്ങള്‍ എന്നിവ താലപ്പൊലിക്ക് അകമ്പടിയേകി. ധീവര മഹിളാസഭ പ്രസിഡന്റ് ഗംഗ സുശീലന്‍, സെക്രട്ടറി സീനാ ബേബി, സുനിത മനോഹരന്‍, സ്മിത ഷൈജു, സീമാ ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.