Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആര്‍ദ്ര കേരളം പുരസ്‌കാര നിറവില്‍ മറവന്‍തുരുത്ത് പഞ്ചായത്ത്
01/04/2022
മറവന്‍തുരുത്ത് കുടുംബാരോഗ്യേ കേന്ദ്രം.

തലയോലപ്പറമ്പ്: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2020-21 ആര്‍ദ്ര കേരളം പുരസ്‌കാരത്തില്‍ ജില്ലയില്‍ മൂന്നാം സ്ഥാനം നേടി മറവന്‍തുരുത്ത് പഞ്ചായത്ത്. നവകേരള കര്‍മപദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി ആര്‍ദ്ര കേരളം പുരസ്‌കാരം നല്‍കുന്നത്. രണ്ടു ലക്ഷം രൂപയാണ് അവാര്‍ഡ്. എല്‍ഡിഎഫ് ഭരണ സമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. മറവന്‍തുരുത്ത് കുടുംബാരോഗ്യേ കേന്ദ്രത്തിന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും  നിരവധി ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലും വാക്‌സിനേഷനിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ്  മറവന്‍തുരുത്ത് കുടുംബാരോഗ്യേ കേന്ദ്രം നേതൃത്വം നല്‍കിയത്. ഗ്രാമാന്തരീക്ഷത്തില്‍ മികച്ച ചികിത്സ സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന കുടുംബാരോഗ്യ കേന്ദ്രമാണ് മറവന്‍തുരുത്ത്. മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തില്‍  ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ നിര്‍ണയവും പ്രാഥമിക ചികില്‍സയും ലഭിക്കുന്ന ആശ്വാസ് പദ്ധതിയുടെ സേവനവും ആശുപത്രിയില്‍ ലഭ്യമാണ്. ദിനംപ്രതി 150ലധികം പേരാണ് ഇവിടെ ചികില്‍സ തേടുന്നത്. ഡോക്ടര്‍മാര്‍ക്ക്  പ്രത്യേക ക്യാബിനുകള്‍, ലാബ്, പ്രീ ചെക്കപ്പിനു വേണ്ട സൗകര്യം, കൗമാരക്കാര്‍ക്ക് കൗണ്‍സിലിങ് റും, ശിശു സൗഹൃദ പ്രതിരോധ കുത്തിവപ്പ് മുറി, രോഗി സൗഹൃദ രജിസ്‌ട്രേഷന്‍ കൗണ്ടര്‍, ഫീഡിംഗ് റൂം, ഭിന്നശേഷി സൗഹൃദ ശുചി മുറികള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. അക്വേറിയം, ടെലിവിഷന്‍, ഇരിപ്പിടങ്ങള്‍, കുടിവെള്ളം, വായനമൂല, കുട്ടികള്‍ക്ക് കളിസ്ഥലം, പൊതുജന പങ്കാളിത്തത്തോടെ പച്ചക്കറി, ഔഷധ സസ്യ ഉദ്യാനവും ഒരുക്കിയിട്ടുണ്ട്.