Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാലു പതിറ്റാണ്ട്‌ ബ്രാഞ്ചിനെ നയിച്ച് അച്യുതന്‍
14/03/2022
പി.കെ അച്യുതന്‍

വൈക്കം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായ വൈക്കത്ത് മഹാദേവ ക്ഷേത്ര വാര്‍ഡില്‍ നാലു പതിറ്റാണ്ടായി ബ്രാഞ്ചിനെ നയിക്കുന്നത് പുതുശേരിച്ചിറ വീട്ടില്‍ പി.കെ അച്യുതനാണ്. നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പി.എസ് ശ്രീനിവാസനും സി.കെ വിശ്വനാഥനും അടക്കമുള്ള സമുന്നത കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പാര്‍ട്ടിയെ നയിച്ച കാലത്താണ് ചെറുപ്പക്കാരനായ അച്യുതന്‍ നഗരഹൃദയത്തിലെ ടൗണ്‍ ബ്രാഞ്ചിനെ സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. നഗരസഭയില്‍ അന്ന് അഞ്ചു ബ്രാഞ്ചുകളാണ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. നാല്‍പതിലധികം അംഗങ്ങളും വിപുലമായ പ്രദേശവും. ബോസ് ചേട്ടന്‍, എം വാസുദേവന്‍, ഡോ. വര്‍ഗീസ് മൂത്തേടന്‍, എന്‍.കെ രാമവര്‍മ തമ്പാന്‍, എസ് പങ്കജാക്ഷന്‍ നായര്‍, എ പുഷ്പശരന്‍ തുടങ്ങി വൈക്കത്തെ തലയെടുപ്പുള്ള കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെ കീഴിലെ ശിക്ഷണം. പതിറ്റാണ്ടുകളുടെ സംഭവബഹുലമായ പാര്‍ട്ടി ജീവിതത്തിന്റെ ഓര്‍മകള്‍ സഖാവിന്റെ മനസ്സില്‍ ഇന്നും മിഴിവാര്‍ന്നു നില്‍ക്കുന്നുണ്ട്. അന്നുമുതല്‍ ഇന്നുവരെ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ കൈവിടാതെ കാത്തുപോന്നു അച്യുതന്‍. പാര്‍ലമെന്ററി വേദികളിലേക്ക് പാര്‍ട്ടി നിര്‍ദേശിച്ചപ്പോഴെല്ലാം സ്‌നേഹപൂര്‍വം ആ ക്ഷണം നിരസിച്ചു. ആകെ വഴങ്ങിയത് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കിലെ ഭരണസമിതിയിലേക്ക് മാത്രം. അത് ഇപ്പോഴും കളങ്കമില്ലാതെ തുടരുന്നു. പാര്‍ട്ടിയുടെ എല്ലാ പ്രധാന പ്രോഗ്രാമുകളും സ്വീകരണ പരിപാടികളും നടക്കുന്നത് ടൗണ്‍ ബ്രാഞ്ച് അതിര്‍ത്തിയിലാണ്. പ്രധാന ഓഫീസുകളും ഈ ബ്രാഞ്ച് അതിര്‍ത്തിയില്‍ തന്നെ. മറ്റു ബ്രാഞ്ചുകളില്‍നിന്നും വ്യത്യസ്തമായി നഗരഹൃദയത്തിലെ ബ്രാഞ്ച് എന്നത് ടൗണ്‍ ബ്രാഞ്ചിനെ വേറിട്ടുനിര്‍ത്തുന്നു. നാലു പതിറ്റാണ്ടുകാലം പരാതികളില്ലാതെ ബ്രാഞ്ചിനെ നയിച്ച ചാരിതാര്‍ത്ഥ്യത്തോടുകൂടിയാണ് സഖാവ് ചുമതല ഒഴിയുന്നത്. പ്രിയപ്പെട്ട സഖാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇക്കാലമത്രയും സെക്രട്ടറി ചുമതല വഹിച്ചത്. മരണം വരെ ചെങ്കൊടിയേന്തി കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കണമെന്നാണ് പി.കെ അച്യുതന്റെ ആഗ്രഹം.