Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യതൊഴിലാളികള്‍ക്കായി സഹകരണവകുപ്പ് സ്‌നേഹതീരം പദ്ധതി തുടങ്ങും: മന്ത്രി വി.എന്‍ വാസവന്‍
07/03/2022
വൈക്കം താലൂക്ക് അര്‍ബന്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് കെട്ടിട സമുച്ചയം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം : സഹകരണ മേഖല വലിയ വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തില്‍ സഹകരണ മേഖലയെ സംരക്ഷിക്കാന്‍ 6,000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നതെന്നും ഇതിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും വേണമെന്നും സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. വൈക്കം താലൂക്ക് അര്‍ബന്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണ ജനങ്ങളുടെയും പാവപ്പെട്ടവരുടെയും ദുരിതങ്ങളും കഷ്ടപ്പാടുകളും കണ്ടറിഞ്ഞ് സഹായിക്കുന്ന പ്രസ്ഥാനമാണ് സഹകരണ സംഘങ്ങള്‍. അയല്‍ക്കൂട്ടങ്ങളെ സഹായിക്കാന്‍ മുറ്റത്തെ മുല്ല പദ്ധതി തുടങ്ങിയതുപോലെ മത്സ്യതൊഴിലാളികളെ സഹായിക്കാന്‍ സ്നേഹതീരം പദ്ധതി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. അംഗത്വ സമാശ്വാസ പദ്ധതിയുടെ ഭാഗമായി ഗുരുതര രോഗം ബാധിച്ച് വിഷമിക്കുന്നവര്‍ക്കായി 50,000 രൂപ വീതം ധനസഹായം നല്‍കും. ഈ ഇനത്തില്‍ ഇതുവരെ 46 കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞു. സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. സ്‌ട്രോങ് റൂമിന്റെ ഉദ്ഘാടനം സി.കെ ആശ എംഎല്‍എയും മുതിര്‍ന്ന സഹകാരികളെ ആദരിക്കല്‍ മോന്‍സ് ജോസഫ് എംഎല്‍എയും നിര്‍വഹിച്ചു. താലൂക്ക്  ആശുപത്രിയിലേക്ക് നല്‍കുന്ന മെഡിക്കല്‍ കിറ്റ് വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് നിര്‍വഹിച്ചു. കിഴ്തടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോര്‍ജ് സി കാപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിവിഡന്റ് വിതരണം അഡീ. രജിസ്ട്രാര്‍ എം ബിനോയ് കുമാര്‍ നിര്‍വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.വി മനോജ്, നഗരസഭ വൈസ് ചെയര്‍മാന്‍ പി.റ്റി സുഭാഷ്, കെ.പി സതീശന്‍, എന്‍ അജിത്ത് കുമാര്‍, പ്രീത രാജേഷ്, പി. ഹരിദാസ്, കെ.സി ജോസഫ് എ.എസ് സിമി, അക്കരപ്പാടം ശശി, എം.ഡി ബാബുരാജ്, എന്‍ അനില്‍ ബിശ്വാസ്, പി ശശിധരന്‍, പി.ആര്‍ സുഭാഷ്, എബ്രഹാം പഴയകടവന്‍, അഡ്വ. പി.എന്‍ ജമാല്‍ക്കുട്ടി, ബാങ്ക് സെക്രട്ടറി എം.കെ സോജന്‍ എന്നിവര്‍ പ്രസംഗിച്ചു.