Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തേര് നിര്‍മിച്ച് പൂങ്കാവ് ദേവീക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
06/03/2022
ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് ആരംഭം കുറിച്ച് തേര് നിര്‍മിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് ഭഗവതിയെ പ്രതിഷ്ഠിച്ചപ്പോള്‍ ഭക്തജനങ്ങള്‍ ദര്‍ശനം നടത്തുന്നു.

വൈക്കം: ആചാര പെരുമയുടെ തേര് നിര്‍മിച്ച് ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവം തുടങ്ങി. കൊടിയേറി ഉത്സവം തുടങ്ങുന്നതിനുപകരം തേര് നിര്‍മിച്ച് അതിനു മുകളില്‍ ഭഗവതിയെ പ്രതിഷ്ഠിച്ച് ഉത്സവം തുടങ്ങുന്ന ആചാരമാണിവിടെ. കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത ആചാരമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇടയാഴം 1131-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ കീഴിലുള്ളതാണ് ക്ഷേത്രം. തേക്കിന്‍ കഴകള്‍ ഉപയോഗിച്ച് ഒന്‍പത് നിലകളായി തേര് നിര്‍മ്മിച്ച് വാഴക്കുലകളും കട്ടിമാലകളും തോരണങ്ങളും പൂക്കളും കൊണ്ട് അലങ്കരിച്ച തേരിനുമുകളില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ആചാരപൂര്‍വ്വം ഭഗവതിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചു. ഉച്ചപൂജയുടെ മുഹൂര്‍ത്തത്തില്‍ മേല്‍ശാന്തി ഹരി പോറ്റിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദേവീവിഗ്രഹം പ്രതിഷ്ഠിച്ചു. ഉത്സവത്തിന് സമാരംഭം കുറിച്ച് ഒന്‍പത് ദിവസം ക്ഷേത്രനടയില്‍ കളമെഴുത്തും പാട്ടും നടത്തും. എല്ലാ ദിവസവും താലപ്പൊലി, എതിരേല്‍പ്പ് എന്നിവയും ഉണ്ട്. തിങ്കളാഴ്ച രാവിലെ ആറുമുതല്‍ കുംഭകുട അഭിഷേകം, എട്ടിന് വൈകുണ്ഠപുരം ക്ഷേത്രത്തില്‍ നിന്നും കുംഭകുട ഘോഷയാത്ര, ഉച്ചയ്ക്ക് പ്രസാദ ഊട്ട്. വൈകിട്ട് അഞ്ചിന് താലപ്പൊലി, കലാപരിപാടി, വലിയഗുരുതി, ഗരുഡന്‍ തൂക്കം, എട്ടിന് രാവിലെ ഒന്‍പതിന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഇടയാഴം എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് ജഗദീശ് തേവലപ്പറമ്പത്ത്, സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തെക്കേ നാലാംകുഴി, ട്രഷറര്‍ സോമനാഥ് കാരുണ്യം, രാധാകൃഷ്ണന്‍ നായര്‍ ചക്കനാട്ട്, അജിത് കുമാര്‍ കുമ്പളത്ത്, ഹരീഷ് ആനന്ദമന്ദിരം, അമല്‍വിജയ് നെല്ലിക്കുന്നത്ത്, സോമന്‍ നായര്‍ കറുത്തേടത്ത്, ദേവസ്വം പ്രസിഡന്റ് ചന്ദ്രശേഖരന്‍ നായര്‍ ആശാലയം, സെക്രട്ടറി അജിത്കുമാര്‍ കുമ്പളത്ത്, സുനില്‍ വാഴച്ചേരി, ബാബു ചക്കനാട്ട്, വനിതാ സമാജം പ്രസിഡന്റ് ലീലാമണിയമ്മ ഭവാനി മന്ദിരം, സെക്രട്ടറി ഗീത ഗീതാലയം എന്നിവര്‍ നേതൃത്വം നല്‍കി.