Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുട്ടനാടിന്റെ ഇതിഹാസകാരന് യാത്രാമൊഴി
04/03/2022
കുട്ടനാടിന്റെ ഇതിഹാസം എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണവേളയില്‍ സംവിധായകന്‍ ചെറിയാന്‍ കല്‍പകവാടിയും കുട്ടനാടിന്റെ ചരിത്രകാരന്‍ എന്‍.കെ കമലാസനനും.

ചെറിയാല്‍ കല്‍പകവാടി (തിരക്കഥാകൃത്ത്, സംവിധായകന്‍)

കേരളത്തിലെ ആദ്യത്തെ കര്‍ഷക തൊഴിലാളികളുടെ സമരപ്രസ്ഥാനം രൂപം കൊണ്ടത് കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലാണ്. 1941ല്‍ കുട്ടമംഗലത്ത് ചെറുകാലില്‍ ജാനകിയുടെ വീട്ടില്‍വച്ച് രൂപംകൊണ്ട തിരുവിതാംകൂര്‍ കര്‍ഷകതൊഴിലാളി യൂണിയന്റെ സ്ഥാപക പ്രസിഡന്റ് എന്റെ പിതാവ് വര്‍ഗീസ് വൈദ്യന്‍ ആയിരുന്നു. സെക്രട്ടറി എസ്.കെ ദാസും വൈസ് പ്രസിഡന്റ് വി.എസ് അച്യുതാനന്ദനും. 'ലാല്‍സലാം' സിനിമ എഴുതുന്നതിനുവേണ്ടി പഴയ കുട്ടനാട്ടിലെ കമ്മ്യൂണിസ്റ്റ് കഥകള്‍ ചോദിച്ചപ്പോഴെല്ലാം എന്റെ പിതാവ് വര്‍ഗീസ് വൈദ്യന്‍ പറഞ്ഞിരുന്ന ഒരു പേരാണ് എന്‍.കെ കമലാസനന്റേത്. അദ്ദേഹത്തെ അക്കാലത്ത് എനിക്ക് പരിചയമുണ്ടായിരുന്നില്ല. 'രക്തസാക്ഷികള്‍ സിന്ദാബാദ്' എന്ന സിനിമയും പുറത്തുവന്നതിനുശേഷമാണ് 'കുട്ടനാടും കര്‍ഷകതൊഴിലാളി പ്രസ്ഥാനവും' എന്ന എന്‍.കെ കമലാസനന്റെ പുസ്തകം വായിച്ചത്. ജീവിതം പിച്ചവച്ച നാടിന്റെ ചരിത്രം അന്വേഷിച്ച് ഒരു പതിറ്റാണ്ടിലധികം അദ്ദേഹം നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ആ പുസ്തകം എഴുതപ്പെട്ടത്. ഒരു ജനതയുടെയും ജനപഥത്തിന്റെയും അതിജീവനപോരാട്ടത്തിന്റെ കഥ പറഞ്ഞ പുസ്തകത്തില്‍ വര്‍ഗീസ് വൈദ്യന്‍ പോലും പറയാത്ത കഥകളുണ്ടായിരുന്നു. ജന്മിത്വത്തിനെതിരായ പോരാട്ടത്തിന്റെയും കൊടിയ മര്‍ദനങ്ങളുടെയും അറിയാകഥകള്‍ അറിഞ്ഞതുമുതല്‍ എന്‍.കെ കമലാസനനെ നേരില്‍ കാണാന്‍ കൊതിച്ചിരുന്നു. അവിചാരിതമായാണ് കല്‍പകവാടിയിലെ എന്റെ വീട്ടിലേക്ക് വൈക്കം നഗരസഭയുടെ മുന്‍ചെയര്‍മാനും മാധ്യമപ്രവര്‍ത്തകനുമായ അനില്‍ ബിശ്വാസിനൊപ്പം കമലാസനന്‍ ചേട്ടന്‍ എത്തിയത്. അവര്‍ വന്നത് എന്നെ വിസ്മയിപ്പിച്ച 'കുട്ടനാടും കര്‍ഷകതൊഴിലാളി പ്രസ്ഥാനവും' എന്ന പുസ്തകത്തെ ആസ്പദമാക്കി അനില്‍ ബിശ്വാസ് നിര്‍മിക്കുന്ന ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിര്‍വഹിക്കണമെന്ന അഭ്യര്‍ത്ഥനയുമായിട്ടായിരുന്നു. അതെന്റെ ധാര്‍മിക കടമയായി കരുതി സന്തോഷപൂര്‍വമാണ് ആ ചുമതല ഏറ്റെടുത്തത്. ഇ.എം.എസ് കുട്ടനാടിന്റെ ഇതിഹാസം എന്നു വിശേഷിപ്പിച്ച ആ പുസ്തകത്തിലെ സമരകഥകള്‍ ഇതേപേരില്‍ ഡോക്യുഫിക്ഷന്‍ ആയി പിന്നീട് കൗമുദി ചാനല്‍ സംപ്രേഷണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വത്തിന് കൈമാറിക്കൊണ്ടാണ് അനന്തപുരിയില്‍വച്ച് ഇതിന്റെ സി.ഡി പ്രകാശനം നിര്‍വഹിച്ചത്. ഡോക്യുമെന്ററി ആലോചനകള്‍ ആരംഭിച്ച അന്നുമുതല്‍ തുടങ്ങിയ ആത്മബന്ധം കമലാസനന്‍ ചേട്ടനുമായി ഇന്നലെ വരെ തുടര്‍ന്നുപോന്നു. പിതാവിന്റെ സുഹൃത്ത് എന്ന നിലയില്‍നിന്നും പിതൃതുല്യനായ പ്രിയപ്പെട്ട ഒരാളായി കമലാസനന്‍ ചേട്ടന്‍ മാറി. എന്റെ പിതാവിനെക്കുറിച്ച് തയ്യാറാക്കിയ 'വര്‍ഗീസ് വൈദ്യന്റെ ആത്മകഥ'യുടെ അവതാരിക എഴുതി തരണമെന്ന് അദ്ദേഹത്തോട് ഞാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇപ്പോഴും കണ്ണുകളെ ഈറനണിയിക്കുന്നതാണ്. രോഗാതുരനായ കമലാസനന്‍ ചേട്ടന്‍ പറഞ്ഞത് 'എന്റെ ആയുസ്സ് നീട്ടിക്കിട്ടിയത് ഒരുപക്ഷേ വൈദ്യന്റെ പുസ്തകത്തിന് അവതാരിക എഴുതുന്നതിനുവേണ്ടി ആയിരിക്കാം' എന്നാണ്. ഇതുപറയുമ്പോള്‍ പഴയകാല കമ്മ്യൂണിസ്റ്റുകാരുടെ ആത്മബന്ധത്തിന് നിദാനമെന്നോണം അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. നിന്റെ ശബ്ദം കേള്‍ക്കാന്‍ വേണ്ടിയെന്നു പറഞ്ഞ് ഇടക്കിടെ അദ്ദേഹം വിളിക്കുമായിരുന്നു. രണ്ടുമൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് സഹോദരന്‍ ലാല്‍ വര്‍ഗീസ് കല്‍പകവാടിയുമൊന്നിച്ച് അദ്ദേഹത്തെ വീട്ടില്‍പോയി കണ്ടത്. കുട്ടനാടിന്റെ ചരിത്രകാരന്‍ യാത്ര പറയുമ്പോള്‍ പിതാവ് മരിച്ചപ്പോഴുള്ള വേദന തന്നെയാണുള്ളത്. ഭാവികേരളത്തിന്റെ ചരിത്രത്തില്‍ ഒരു ജനതയുടെ മഹത്തായ ജീവിതസമരകഥ പറയുന്ന കുട്ടനാടിന്റെ ഇതിഹാസവും അതിന്റെ ചരിത്രകാരനും ദീപ്തസ്മരണയായി എക്കാലവും നിലനില്‍ക്കും.