Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല പുതിയകാവ് ക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവം കൊടിയേറി
03/03/2022
ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് തന്ത്രി കാശാങ്കോടത്ത് ദാമോദരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റുന്നു.

വൈക്കം: ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് ബുധനാഴ്ച്ച രാവിലെ ക്ഷേത്രം തന്ത്രി കാശാങ്കോടത്ത് ദാമോദരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ തന്ത്രിമാരായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും സുനേശന്‍ നമ്പൂതിരിയും ചേര്‍ന്ന് കൊടിയേറ്റി. മേല്‍ശാന്തി പ്രവീണ്‍ പോറ്റി സഹകാര്‍മികനായി. രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തിന് ശേഷം കൊടിക്കൂറ ശ്രീകോവിലില്‍ വച്ച് പൂജിച്ചു. കൊടിയേറ്റാനുള്ള കൊടിക്കയര്‍, കൊടിക്കൂറ എന്നിവ ഭക്തര്‍ വഴുപാടായി ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. കൊടിയേറ്റിന് ശേഷം ആദ്യ ശ്രീബലി നടന്നു. തുടര്‍ന്ന് ബിംബപൂജ, കലശാഭിഷേകം, നിറമാല, വൈകിട്ട് ചുറ്റുവിളക്ക്, വിളക്കിനെഴുന്നള്ളിപ്പ് എന്നിവയും നടന്നു. മാര്‍ച്ച് ഏഴിന് ഉത്സവ ആഘോഷം സമാപിക്കും. വൈകിട്ട് കാളീശ്വരം ക്ഷേത്രകടവില്‍ ആറാട്ട് പൂജ നടക്കും. തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന ആറാട്ടെഴുന്നള്ളിപ്പിന് ഉല്ലല 1996-ാം നമ്പര്‍ എന്‍.എസ്.എസ് വനിതാ സമാജത്തിന്റെ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ വരവേല്‍പ് നല്‍കും. പുതിയകാവ് ദേവീക്ഷേത്രത്തിന്റെ തെക്ക് വശത്ത് എഴുന്നള്ളത്ത് എത്തുമ്പോള്‍ പഞ്ചാരിമേളം, ചുറ്റുവിളക്ക്, നിറപറ എന്നിവയോടെ വരവേല്‍പ് നല്‍കും. തുടര്‍ന്ന് എതിരേല്‍പ്, വലിയകാണിക്ക, കലശാഭിഷേകം, പ്രസന്നപൂജ, ശ്രീഭൂതബലി എന്നിവയോടെ ഉത്സവം സമാപിക്കും. ദേവസ്വം പ്രസിഡന്റ് രാമേന്ദ്രന്‍ പിള്ള, മാനേജര്‍ അഡ്വ. കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് സുരേഷ് ബാബു, ശബരിമല മുന്‍ മേല്‍ശാന്തി പി.ജെ. നാരായണന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.