Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്ലാ വര്‍ഗീയതയും മാനവികതയ്ക്ക് എതിരാണ്: കാനം രാജേന്ദ്രന്‍
28/02/2022
സി.പി.ഐ വിലയ്ക്ക് വാങ്ങിയ പി കൃഷ്ണപിള്ളയുടെ ജന്മഗൃഹം സ്ഥിതി ചെയ്ത സ്ഥലത്തെ പറൂപ്പറമ്പ് ബ്രാഞ്ച് സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും മാനവികതയ്ക്ക് എതിരാണ്. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍ ന്യൂനപക്ഷ വര്‍ഗീയത അല്ല; മതനിരപേക്ഷത ഉയര്‍ത്തിപിടിക്കുകയാണ് വേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരള ഘടകത്തിന്റെ സ്ഥാപകസെക്രട്ടറി പി കൃഷ്ണപിള്ളയുടെ വൈക്കത്തെ ജന്മഗൃഹം നിന്നിരുന്ന പറൂപ്പറമ്പ് പുരയിടത്തില്‍ നടക്കുന്ന സിപിഐയുടെ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതം മനുഷ്യന്റെ സ്വകാര്യതയില്‍ ഒതുങ്ങി നില്‍ക്കണം. പൊതുജീവിതത്തിലും രാഷ്ട്രീയത്തിലും മതം ഇടപെടരുത്. ജനങ്ങളെ തമ്മിലടിപ്പിച്ച് ഭരണം നേടാന്‍ മതത്തെ വഴിമരുന്നാക്കുകയാണ് സംഘപരിവാര്‍ ശക്തികള്‍. ജാതിമതഭേദങ്ങള്‍ക്കതീതമായി ജനങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ കമ്മ്യൂണിസ്റ്റുകള്‍ പരിശ്രമിക്കണം. ഇതിനുശക്തി പകരാന്‍ പ്രതിപക്ഷ ഐക്യനിര ഭിന്നതകള്‍ മറികടന്ന് യാഥാര്‍ത്ഥ്യമാകണം. ഇടതുപക്ഷം ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ശ്വവല്‍കരിക്കപ്പെടുകയാണ്. വിശാലമായ ജനാധിപത്യ മതേതര കക്ഷികളുടെ കൂട്ടായ്മ ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ നയങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. പൊതുമേഖലയെ ഒന്നാകെ സ്വകാര്യമേഖലയ്ക്ക് കൈമാറിക്കഴിഞ്ഞു. പട്ടികജാതി പിന്നോക്ക വിഭാഗങ്ങളുടെ സംവരണ അവകാശങ്ങള്‍ ഇവര്‍ അട്ടിമറിക്കുന്നു. പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ഇരകളാണ് കര്‍ഷകരും തൊഴിലാളികളും. ഒരുവര്‍ഷക്കാലം നീണ്ട കാര്‍ഷിക സമരമാണ് ഐതിഹാസികമായ വിജയം നേടിയത്. ജനകീയ മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകരാന്‍ കഴിയുന്ന വിധത്തില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ സജീവമാക്കണമെന്നും കാനം പറഞ്ഞു. അശോകന്‍ വെള്ളവേലി അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, കെ അജിത്ത്, സി.കെ ആശ എംഎല്‍എ, കെ.എസ് രത്‌നാകരന്‍, എന്‍ അനില്‍ ബിശ്വാസ്, പി.എസ് പുഷ്‌കരന്‍, വി.കെ അനില്‍കുമാര്‍, കെ പ്രസന്നന്‍, പി പ്രദീപ്, ഡി രഞ്ജിത് കുമാര്‍, കെ.വി ജീവരാജന്‍, കെ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി കെ.ഡി സുമേഷിനെയും അസി. സെക്രട്ടറിയായി ഇ.എന്‍ ചന്ദ്രബാബുവിനെയും തെരഞ്ഞെടുത്തു