Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദാമോദര പണിക്കരുടെ നല്ല മനസ്; വെച്ചൂര്‍ പഞ്ചായത്തിന് ആശുപത്രികള്‍ക്ക് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമായി
20/02/2022
വെച്ചൂര്‍ പഞ്ചായത്തില്‍ രണ്ടു ആശുപത്രികള്‍ക്ക് കെട്ടിടം നിര്‍മിക്കാന്‍ സൗജന്യമായി 10 സെന്റ് നല്‍കിയ വി.ജി ദാമോദര പണിക്കര്‍ സ്ഥലത്തിന്റെ രേഖകള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്തിനും പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാറിനും കൈമാറുന്നു.

വൈക്കം: മുന്‍ പഞ്ചായത്ത് അംഗം വെച്ചൂര്‍ ചൂരക്കാട്ട് വി.ജി ദാമോദര പണിക്കരുടെ മനസലിവില്‍ വെച്ചൂര്‍ പഞ്ചായത്തിലെ രണ്ട് ആശുപത്രികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ സ്വന്തമായ സ്ഥലമായി. വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ആയുര്‍വേദ ആശുപത്രിക്കും ഹോമിയോ ആശുപത്രിക്കും ഇനി സ്വന്തമായ സ്ഥലത്ത് ആശുപത്രികള്‍ക്ക് കെട്ടിടം നിര്‍മിച്ചു നിലവിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ വഴിയായി. 40 ലക്ഷം രൂപ വില വരുന്ന 10 സെന്റ് സ്ഥലമാണ് വി.ജി ദാമോദരപണിക്കര്‍ പഞ്ചായത്തിന് സൗജന്യമായി നല്‍കിയത്. റോഡരികിലുള്ള ഈ സ്ഥലത്ത് ആശുപത്രികള്‍ക്ക് കെട്ടിടം നിര്‍മിച്ചാല്‍ ജനങ്ങള്‍ക്ക് ചികിത്സ നേടാന്‍ എളുപ്പവഴിയാകും. കഴിഞ്ഞ ടേമില്‍ ദാമോദര പണിക്കര്‍ പഞ്ചായത്ത് മെമ്പറായിരുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനത്തിനുള്ള സൗകര്യക്കുറവാണ് ദാമോദര പണിക്കരെ മാറ്റത്തിന് ചിന്തിപ്പിച്ചത്. ഞായറാഴ്ച രാവിലെ രുഗ്മിണി കല്ല്യാണ മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ വി.ജി ദാമോദര പണിക്കര്‍ സ്ഥലത്തിന്റെ കൈമാറ്റരേഖ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്തിനും പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാറിനും കൈമാറി.  കൈമാറ്റം സംബന്ധിച്ചുള്ള രജിസ്ട്രേഷന്‍ തുടങ്ങി മറ്റു ചെലവുകള്‍ എല്ലാം സുമനസ്സുകള്‍ ഏറ്റെടുത്ത് നടത്തുകയായിരുന്നു. സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സോജി ജോര്‍ജ്, എസ് ബീന, പി.കെ മണിലാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് മനോജ്കുമാര്‍, എന്‍ സുരേഷ് കുമാര്‍, ഗീത സോമന്‍, എന്‍ സഞ്ജയന്‍, സ്വപ്ന മനോജ്, ബിന്ദു രാജ്, മിനിമോള്‍, മറിയക്കുട്ടി, ശാന്തിനി, പഞ്ചായത്ത് സെക്രട്ടറി സുധീന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു.