Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആലുംചുവട്-ഓര്‍ശ്ലേം പള്ളി-ശ്രീനാരായണപുരം റോഡ് പുനര്‍നിര്‍മിക്കണം; നാട്ടുകാര്‍ ഉപരോധ സമരം നടത്തി
20/02/2022
ഉദയനാപുരം പഞ്ചായത്തിലെ ആലുംചുവട്-ഓര്‍ശ്ലേം പള്ളി-ശ്രീനാരായണപുരം റോഡിന്റെ പുനര്‍നിര്‍മാണം ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ റോഡ് ഉപരോധ സമരം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മൂന്നു പതിറ്റാണ്ടുകാലമായി കുണ്ടും കുഴിയുമായി തകര്‍ന്നു കിടക്കുന്ന ഉദയനാപുരം പഞ്ചായത്തിലെ ആലുംചുവട്- ഓര്‍ശ്ലേം പള്ളി- ശ്രീനാരായണപുരം റോഡിന്റെ പുനര്‍നിര്‍മാണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ റോഡ് ഉപരോധ സമരം നടത്തി. ഉദയനാപുരം പഞ്ചായത്തിന്റെ 15, 16 വാര്‍ഡില്‍പ്പെട്ട അഞ്ഞൂറിലധികം കുടുംബങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. റോഡ് തകര്‍ന്നതോടെ ഓട്ടോറിക്ഷ വിളിച്ചാല്‍പോലും ഈ ഭാഗത്തേയ്ക്ക് വരാത്ത സാഹചര്യമായി. വേമ്പനാട്ട് കായലിന്റെ തീരപ്രദേശങ്ങളില്‍ കഴിയുന്ന നിരവധി കുടുംബങ്ങള്‍ റോഡിന്റെ ദുരവസ്ഥയില്‍ കഷ്ടപ്പെടുകയാണ്. റോഡിന്റെ പുനര്‍നിര്‍മാണം ആവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അപേക്ഷകളും പരാതികളും സമര്‍പ്പിച്ചിട്ടും യാതൊരു നടപടികളും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ ശ്രീനാരായണപുരം-ഓര്‍ശ്ലേം പള്ളി റോഡില്‍ ഉപരോധ സമരം സംഘടിപ്പിച്ചത്. റോഡിന്റെ പുനര്‍നിര്‍മാണം അടിയന്തിര പ്രാധാന്യത്തോടെ ഏറ്റെടുക്കാന്‍ അധികാരികള്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ മേഖലകളെ ഉള്‍പ്പെടുത്തി സമരം ശക്തിപ്പെടുത്തും. 27ന് ആലുംചുവട് ജങ്ഷന്‍ മുതല്‍ ഓര്‍ശ്ലേം പള്ളി വരെയുള്ള റോഡില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ മനുഷ്യചങ്ങല നടത്തും. ഞായറാഴ്ച രാവിലെ മോനാട്ട് ജങ്ഷനില്‍ നടന്ന ഉപരോധ സമരം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ജെയിംസ് കടവന്‍ സമരപരിപാടികള്‍ വിശദീകരിച്ചു. കണ്‍വീനര്‍ ശശി വടക്കെക്കുറ്റ്, സെക്രട്ടറി ബൈജു പുളിക്കശ്ശേരി, റോസ്ലി കരിക്കിനേഴത്ത്, റെജോ കടവന്‍, ഹരിക്കുട്ടന്‍ ഗൗരിസദനം, ശങ്കരന്‍ ശങ്കരാലയം, കെ. ഗിരീശന്‍, അരുണ്‍ കടവന്‍, ബിനു പുത്തന്‍തറ, രമേശ് അഭിറാം, ബിജു മടിയത്തറ, കാസ്ട്രോ ചേരിയില്‍, തോമസ് നാഗരേഴത്ത്, പുഷ്പദാസ്, വാവച്ചന്‍ ചാലുങ്കല്‍, പൈലി ഇലഞ്ഞിക്കല്‍, അപ്പച്ചന്‍ അമലത്ത്, അപ്പച്ചന്‍ ഇലഞ്ഞിക്കല്‍, അവറാച്ചന്‍ കരിയില്‍ എന്നിവര്‍ പ്രസംഗിച്ചു.