Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ ഇളങ്കാവ് ക്ഷേത്രത്തിലെ ആററുവേല മഹോത്സവം ഇന്ന് രാത്രി നടക്കും.
07/04/2016
വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആററുവേല (ഫയല്‍ ചിത്രം)

വടയാര്‍ ഇളങ്കാവ് ക്ഷേത്രത്തിലെ ആററുവേല മഹോത്സവം ഇന്ന് രാത്രി നടക്കും. ദക്ഷിണേന്ത്യയിലെ തന്നെ അത്യപൂര്‍വം ഉത്സവങ്ങളില്‍ ഒന്നാണിത്. ഉത്സവം നടക്കുന്നത് ആററിലാണെന്നുള്ളതാണ് ഏറെ പ്രത്യേകത. ഐതീഹ്യപ്പെരുമയിലും ആചാരത്തനിമയിലും പകരംവയ്ക്കാനില്ലാത്ത ജലോത്സവമാണ് വടയാര്‍ ഇളങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല മഹോത്സവം. വടക്കുംകൂര്‍ രാജവംശത്തിന്റെ പരദേവതയായ ഇളങ്കാവിലമ്മയെ കാണാന്‍ മീനമാസത്തിലെ അശ്വതി നാളില്‍ സഹോദരിയായ കൊടുങ്ങല്ലൂരമ്മ ജലമാര്‍ഗം എത്തുന്നുവെന്നതാണ് സങ്കല്‍പ്പം. രണ്ടു വലിയ വള്ളങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഇതിനു മുകളില്‍ പലക നിരത്തി തട്ടിട്ട് ഏഴുദിവസം കൊണ്ട് മൂന്ന് നിലയുള്ള ക്ഷേത്രം നിര്‍മിച്ച് ദീപങ്ങളും വൈദ്യുത അലങ്കാരങ്ങളും കൊണ്ട് അലങ്കരിച്ച് ഇതിലാണ് ഭഗവതിയെ എഴുന്നള്ളിക്കുന്നത്.
പണി പൂര്‍ത്തിയായ ആററുവേലച്ചാട് ഇന്ന് രാവിലെ ഇളങ്കാവ്‌ക്ഷേത്രത്തില്‍ നിന്നും രണ്ടു കിലോമീററര്‍ പടിഞ്ഞാറു മാറി ആറിന്റെ മറുകരയിലുള്ള ആററുവേലക്കടവിലെത്തും. നാളെ പുലര്‍ച്ചെ മൂന്നോടെ വിവിധ വീട്ടുകാരുടേയും ഭക്തജന സംഘടനകളുടേയും വഴിപാടായി സമര്‍പ്പിക്കുന്ന ഗരുഡന്‍തൂക്കം വൈദ്യുതാലംകൃതമായ ചാടുകളില്‍ ജലമാര്‍ഗം ആററുവേലക്കടവിലെത്തിയശേഷം ആററുവേല ഇളങ്കാവ് ക്ഷേത്രത്തിലേക്ക് പുറപ്പെടും. തൂക്കച്ചാടുകള്‍ അകമ്പടി സേവിക്കും. പുലര്‍ച്ചെ അഞ്ചോടെ ക്ഷേത്രതീരത്തെ കടവിലെത്തും. മൂവാററുപുഴയാറിന്റെ ഓളപ്പരപ്പിലൂടെ ദീപാലംകൃതമായ ആററുവേലയും തൂക്കച്ചാടും ആററിലൂടെ കറങ്ങിക്കറങ്ങി ക്ഷേത്രത്തിലേക്കു നീങ്ങുന്നതു കാണാന്‍ ആറിന്റെ ഇരുകരകളിലും ചെറുവള്ളങ്ങളിലുമായി വിദേശികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് എത്താറുള്ളത്. ക്ഷേത്ര തീരത്ത് എത്തിയാല്‍ പിന്നെ ക്ഷേത്രത്തിന്റെ മതിലിനു പുറത്ത് പ്രത്യേകം പണികഴിപ്പിച്ചിട്ടുള്ള പള്ളിശ്രാമ്പിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവതിയെ എഴുന്നള്ളിക്കും. നാളെ വൈകുന്നേരം നടക്കുന്ന പീലിത്തൂക്കവും രാത്രിയില്‍ നടക്കുന്ന ഗരുഡന്‍പറവയും കഴിഞ്ഞശേഷമാണ് ഭഗവതിയെ ക്ഷേത്ര ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിക്കുക.