Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനങ്ങളില്‍ നിന്നും അകന്നുപോയാല്‍ സര്‍ക്കാരിനെ തിരുത്തണം: കാനം രാജേന്ദ്രന്‍
11/02/2022
സിപിഐയുടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനുമുന്നോടിയായുള്ള ഘടകസമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന പരുത്തുമുടി ബ്രാഞ്ച് സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇടതുപക്ഷ സര്‍ക്കാരിനെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും, സര്‍ക്കാര്‍ ജനങ്ങളില്‍നിന്നും അകന്നുപോയാല്‍ അതിനെ തിരുത്തി ശരിയായ പാതയിലേക്കു കൊണ്ടുവരേണ്ടതുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനുമുന്നോടിയായുള്ള ഘടകസമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് വൈക്കത്ത് പരുത്തുമുടിയില്‍ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ കര്‍ഷകരുടെയും തൊഴിലാളികളുടെയും പോരാട്ടങ്ങള്‍ അതിന്റെ ഉച്ചസ്ഥായിയിലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ ബഹുജന സമരങ്ങള്‍ക്കൊപ്പമാണ്. മോഡി സര്‍ക്കാര്‍ കൂടുതല്‍ കൂടുതല്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുകയാണ്. ഈ നയങ്ങള്‍ക്കെതിരെ മുഴുവന്‍ ബഹുജനങ്ങളെയും ഒന്നിപ്പിക്കുന്ന ഒരു പ്ലാറ്റ് ഫോം ഉണ്ടാകണം. പ്രതിപക്ഷ കക്ഷികളിലെ ഭിന്നത ബി.ജെ.പി മുതലെടുക്കുകയാണ്. ഭൂരിപക്ഷ വര്‍ഗീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിലാണ് അവര്‍ക്ക് വ്യഗ്രത. ഇത് മറുവശത്ത് ന്യൂനപക്ഷ വര്‍ഗീയതയെയും സജീവമാക്കുന്നു. ഇന്‍ഡ്യന്‍ ഭരണഘടനയുടെ മൂല്യങ്ങളെ സംരക്ഷിച്ചുകൊണ്ട് മതനിരപേക്ഷത ഉയര്‍ത്തിപിടിച്ചു മുന്നേറണം. നാട്ടിന്‍പുറത്ത് സാമുദായിക സൗഹാര്‍ദം കാത്തുസൂക്ഷിക്കണം. ഇതിനെല്ലാം കമ്മ്യൂണിസ്റ്റുകാര്‍ക്ക് സുപ്രധാനമായ പങ്ക് വഹിക്കാനുണ്ടെന്നും കാനം പറഞ്ഞു. വനിതകളെയും യുവാക്കളെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയും നേതൃനിരയിലേക്ക് ഉയര്‍ത്തികൊണ്ടുവരികയും ചെയ്തുകൊണ്ട് പാര്‍ട്ടിയുടെ അടിത്തറയായ ബ്രാഞ്ചുകള്‍ സുശക്തമാക്കാന്‍ ബ്രാഞ്ച് സമ്മേളനങ്ങളിലൂടെ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ബ്രാഞ്ച് സമ്മേളനത്തോടെ തലയോലപ്പറമ്പ് മണ്ഡലത്തിലെ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. അഡ്വ. പി.കെ ചിത്രഭാനു നഗറില്‍ നടന്ന സമ്മേളനത്തില്‍ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഒ.പി.എ സലാം, ലീനമ്മ ഉദയകുമാര്‍, മണ്ഡലം കമ്മിറ്റി സെക്രട്ടറിമാരായ ജോണ്‍ വി ജോസഫ്, എം.ഡി ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ജസീന ഷാജുദ്ദീനെയും അസി. സെക്രട്ടറിയായി ജയപ്രകാശിനെയും തെരഞ്ഞെടുത്തു.