Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആലുംചുവട്-ഓര്‍ശ്ലേം പള്ളി-ശ്രീനാരായണപുരം റോഡിന്റെ ശോചനീയാവസ്ഥ; പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്
07/02/2022
ഉദയനാപുരം പഞ്ചായത്തിലെ ആലുംചുവട്-ഓര്‍ശ്ലേം പള്ളി-ശ്രീനാരായണപുരം റോഡ് കുണ്ടും കുഴിയുമായി തകര്‍ന്ന നിലയില്‍. 
വൈക്കം: ഉദയനാപുരം പഞ്ചായത്തില്‍പ്പെട്ട ആലുംചുവട്-ഓര്‍ശ്ലേം പള്ളി-ശ്രീനാരായണപുരം റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം ആവശ്യപ്പെട്ട് അഞ്ഞൂറിലധികം കുടുംബങ്ങളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ജനകീയ സംഘടനയുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കി. ത്രിതല പഞ്ചായത്തുകളുടെ അനാസ്ഥയാണ് റോഡിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. ഉദയനാപുരം പഞ്ചായത്തിന്റെ 15, 16 വാര്‍ഡില്‍പ്പെട്ട അഞ്ഞൂറിലധികം കുടുംബങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന യാത്രാ മാര്‍ഗമാണിത്. പത്തു വര്‍ഷമായി റോഡ് കുണ്ടും കുഴിയുമായി തകര്‍ന്ന നിലയിലാണ്. റോഡിന്റെ പുനര്‍നിര്‍മ്മാണം ആവശ്യപ്പെട്ട് പ്രദേശവാസികള്‍ അധികാര കേന്ദ്രങ്ങളില്‍ കേറിയിറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. കാല്‍നട യാത്രയ്ക്കുപോലും പറ്റാത്ത സ്ഥിതിയിലാണ് റോഡ്. ആലുംചുവട് മുതല്‍ ശ്രീകൃഷ്ണക്ഷേത്രം വരെയുള്ള റോഡ് ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട നിലയിലാണ് റോഡ്. ഒട്ടേറെ അപകടങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. കാലവര്‍ഷം തുടങ്ങുന്നതിനുമുമ്പ് റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ പ്രദേശവാസികളുടെ യാത്ര കൂടുതല്‍ ദുഷ്‌കരമാകും. ത്രിതല പഞ്ചായത്തിന്റെ നേതൃത്വത്തിലോ സര്‍ക്കാര്‍ പദ്ധതിയില്‍ പെടുത്തിയോ റോഡിന്റെ പുനര്‍നിര്‍മാണം നടത്താന്‍ പദ്ധതി ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ആലുംചുവട് മുതല്‍ ഓര്‍ശ്ലേം പള്ളി വരെ മനുഷ്യ ചങ്ങല, റോഡ് ഉപരോധം, പഞ്ചായത്ത് ഓഫീസിനുമുന്നില്‍ തുടര്‍ച്ചയായ സമരം തുടങ്ങിയ സമരപരിപാടികള്‍ നടത്താൻ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ദീര്‍ഘകാലമായി തകര്‍ന്ന റോഡ് നാട്ടുകാരുടെ കൂട്ടായ്മയില്‍ രണ്ടു വര്‍ഷം മുമ്പ് രണ്ടു ലക്ഷത്തിലധികം രൂപ സമാഹരിച്ച് അറ്റകുറ്റ പണി  നടത്തിയെങ്കിലും പിന്നീട് വീണ്ടും തകര്‍ന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശവാസികളില്‍നിന്നും വീണ്ടും തുക സമാഹരിച്ച് അറ്റകുറ്റ പണികള്‍ നടത്താന്‍ മാര്‍ഗമില്ലെന്ന്  ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി അഡ്വ. ജയിംസ് കടവന്‍ പറഞ്ഞു. ഓട്ടോറിക്ഷകള്‍ പോലും കടന്നുവരാന്‍ മടിക്കുന്ന റോഡിന്റെ ദുരവസ്ഥയ്ക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് ആലുംചുവട് ജങ്ഷനില്‍ നടത്തിയ പ്രതിഷേധ യോഗം അഡ്വ. ജയിംസ് കടവന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ശശി വടക്കേക്കുറ്റ്, സെക്രട്ടറി ബൈജു പുളിക്കശ്ശേരി, ഭാരവാഹികളായ റെജോ കടവന്‍, ഗിരീശന്‍ ശങ്കരാലയം, ബിനു കരിയില്‍, പ്രസാദ് കരേത്തറ, രാജപ്പന്‍ വാതക്കോട്, രമേശന്‍ അഭിരാമഠം, മധു കുന്നത്ത്, ബിജു മടിയത്തറ എന്നിവര്‍ പ്രസംഗിച്ചു.