Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബീച്ച് വികസനം: കായിക വകുപ്പ് ചീഫ് എഞ്ചിനീയര്‍ സ്ഥലം സന്ദര്‍ശിച്ചു
21/01/2022
വൈക്കം കായലോര ബീച്ചില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സി.കെ ആശ എംഎല്‍എ, കായികവകുപ്പ് ചീഫ് എഞ്ചിനീയര്‍ ബി.ടി.വി കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുന്നു.

വൈക്കം: കായലോര ബീച്ചില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കായിക വകുപ്പ് ചീഫ് എഞ്ചിനീയര്‍ വ്യാഴാഴ്ച സ്ഥലം സന്ദര്‍ശിച്ചു. 2021-22 സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഒന്‍പത് കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. തീരദേശ പരിപാലന നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് പരിസ്ഥിതി സൗഹൃദ പദ്ധതികളാകും ഇവിടെ നടപ്പിലാക്കുകയെന്ന് സി.കെ ആശ എംഎല്‍എ പറഞ്ഞു. കെടിഡിസി റസ്റ്റോറന്റിനു പുറകിലായി കാനോയിങ്, കയാക്കിങ് തുടങ്ങിയ ജല കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. കലാ-സാംസ്‌കാരിക പരിപാടികള്‍ നടത്തുന്നതിനായി ഓപ്പണ്‍ സ്റ്റേജ്, കായിക വ്യായാമങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. പ്രഭാതസവാരിക്ക് നടപ്പാത, സൈക്കിള്‍ ട്രാക്ക്, ഓപ്പണ്‍ ജിം. കുട്ടികളുടെ പാര്‍ക്ക്, വിവിധ ഗെയിമുകള്‍ക്ക് മള്‍ട്ടി ഗെയിം സൗകര്യം എന്നിവയും ബീച്ചില്‍ പരിഗണനയിലുളള പദ്ധതികളാണ്. നഗരസഭ സര്‍വേ ചെയ്തു സ്‌കെച്ച് നല്‍കുന്ന മുറക്ക് ഈ രംഗത്തെ വിദഗ്ധരുമായി കൂടിയാലോചിച്ച് വിശദമായ പദ്ധതി രേഖ തയ്യാറാക്കും. തുടര്‍ന്ന് കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കന്ന മുറക്ക് സാങ്കേതികാനുമതി ലഭ്യമാക്കി നിര്‍മാണത്തിലേക്ക് കടക്കുമെന്ന് ചീഫ് എഞ്ചിനീയര്‍ പറഞ്ഞു. 1988ല്‍ പി.എസ് ശ്രീനിവാസന്‍ റവന്യുവകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ നഗരസഭക്ക് പതിച്ച് നല്‍കിയതാണ് ആറ് ഏക്കറിലധികം വരുന്ന ബീച്ച് ഉള്‍പ്പെടുന്ന കായല്‍ പുറമ്പോക്ക്. 2017 മെയിലാണ് വൈക്കം നഗരസഭ മനോഹരമായി ടൈലുകള്‍ പാകി നവീകരിച്ച് ഇരിപ്പിടങ്ങളും ലൈറ്റുകളും, എഫ്എം സംഗീതവും സജ്ജീകരിച്ച വൈക്കം കായലോര ബീച്ച് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. വികസന പദ്ധതികള്‍ സംബന്ധിച്ച് സി.കെ ആശ എംഎല്‍എ, കായികവിഭാഗം ചീഫ് എഞ്ചിനീയര്‍ ബി.ടി.വി കൃഷ്ണന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ലേഖ ശ്രീകുമാര്‍, പ്രീത രാജേഷ്, സിന്ധു സജീവന്‍, കൗണ്‍സിലര്‍മാരായ ആര്‍ സന്തോഷ്, അശോകന്‍ വെള്ളവേലി, എബ്രഹാം പഴയകടവന്‍, ബിന്ദു ഷാജി, എസ് ഇന്ദിരാദേവി, എ.സി മണിയമ്മ, കവിത രാജേഷ്, കായികവകുപ്പിലെ വിവിധ വിഭാഗം എഞ്ചിനീയര്‍മാര്‍ എന്നിവര്‍ ബീച്ച് സന്ദര്‍ശിച്ച് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ച നടത്തി.