Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പച്ചക്കറി കൃഷിയില്‍ നേട്ടം കൊയ്യാന്‍ വെച്ചൂര്‍ പഞ്ചായത്ത്
16/01/2022
വെച്ചൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡില്‍ കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ ആരംഭിച്ച പച്ചക്കറി കൃഷി പച്ചക്കറി തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പച്ചക്കറി കൃഷിയിലും നേട്ടം കൊയ്യാനൊരുങ്ങുകയാണ് വൈക്കത്ത് ഏറ്റവും കൂടുതല്‍ നെല്‍കൃഷി നടക്കുന്ന വെച്ചൂര്‍ പഞ്ചായത്ത്. കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തി പഞ്ചായത്തിന്റെ സഹകരണത്തോടെ തലയാഴം കൂവം ഗുരുകൃപ നഴ്‌സറി ഉടമ പുളിക്കാശേരി ചെല്ലപ്പനാണ് മാതൃകാ പച്ചക്കറി തോട്ടങ്ങള്‍ ഒരുക്കാന്‍ മുന്നോട്ടു വന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 ഏക്കറോളം സ്ഥലത്ത് ജൈവ പച്ചക്കറി തോട്ടങ്ങള്‍ ഒരുക്കും. പ്രാദേശികമായി ഗുണമേന്മയുള്ള വിഷരഹിതമായ പച്ചക്കറി ഉല്‍പാദിപ്പിക്കുന്നതിനൊപ്പം ജനങ്ങളെ കാര്‍ഷിക ആഭിമുഖ്യമുള്ളവരായി മാറ്റുന്നതിന് പ്രചോദനമേകുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. പത്താം വാര്‍ഡില്‍ റാണി മുക്ക് ഇല്ലത്ത് പാടത്ത് അട്ടിപേറ്റി സോമന്റെ 80 സെന്റ് പുരയിടത്തില്‍ പച്ചക്കറി തൈകള്‍ നട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീകളും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്ന 22 അംഗ വനിതാ കൂട്ടായ്മയാണ് കൃഷി നടത്തുന്നത്. വിവിധ സ്ഥലങ്ങളിലായി രണ്ടേക്കറിലധികം സ്ഥലത്ത് ഇവര്‍ പച്ചകറി, കപ്പ, മുല്ല, ബെന്തി കൃഷികള്‍ നടത്തുന്നുണ്ട്. കൃഷിയ്ക്കായി ആവശ്യമുള്ള ഹൈബ്രീഡ് പച്ചക്കറി തൈകളും നിര്‍ദേശങ്ങളും നല്‍കി ചെല്ലപ്പന്‍ മേല്‍നോട്ടം വഹിക്കും. വിജയലക്ഷ്മി ആയല്‍ക്കൂട്ടം സെക്രട്ടറി സിന്ധു, പ്രസിഡന്റ് കെ ശ്രീലത, സ്വരുമ അയല്‍ക്കൂട്ടം സെക്രട്ടറി വി  ആശ, പ്രസിഡന്റ് രമണി, കല ചന്ദ്രന്‍, തൊഴിലുറപ്പ് തൊഴിലാളികളായ ഷൈനി, റോസി, ഗിരിജ, ലിസി, തങ്കമ്മ, മേരീക്കുട്ടി എന്നിവര്‍ കൃഷിക്ക് നേതൃത്വം നല്‍കും.