Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം റേഞ്ചിലെ ചെത്ത് മദ്യവ്യവസായ തൊഴിലാളി സമരം ഒത്തു തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: എഐടിയുസി
04/01/2022

വൈക്കം: വൈക്കം റേഞ്ച് നാലാം ഗ്രൂപ്പിലെ ഏഴു കള്ള് ഷാപ്പുകളില്‍ കഴിഞ്ഞ ഒന്നര മാസത്തില്‍ അധികമായി നടന്നുവരുന്ന പണിമുടക്ക് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയനും മദ്യ വ്യവസായ തൊഴിലാളി യൂണിയനും ആവശ്യപ്പെട്ടു.
ഏറ്റവും ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം തുടങ്ങിയത്. ക്ഷേമനിധി തുക എല്ലാ മാസവും അഞ്ചാം തീയതിക്കകം അടച്ച് തൊഴിലാളികളെ ബോധ്യപ്പെടുത്തുക, ഇഎസ്‌ഐ വിഹിതം കൃത്യമായി അടയ്ക്കുക,  തൊഴിലാളി ജോലിയില്‍ നിന്നും പിരിഞ്ഞാല്‍ ആ ഒഴിവിലേയ്ക്ക് പുതിയ ആളെ നിയമിക്കുക, തെങ്ങ് പാട്ടം ന്യായമായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിന് ആധാരം. ഈ ആവശ്യങ്ങളെപ്പറ്റി പലതവണ കോണ്‍ട്രാക്ടറുമായി ചര്‍ച്ച ചെയ്തിട്ടും പരിഹാരം ഉണ്ടാകാതെ വന്ന സാഹചര്യത്തിലാണ് പണിമുടക്ക് ആരംഭിച്ചത്. പണിമുടക്ക് തുടങ്ങിയതിനുശേഷവും പല ചര്‍ച്ചകളും നടന്നെങ്കിലും പ്രശ്‌നം തീര്‍ക്കാന്‍ കോണ്‍ട്രാക്ടര്‍ തയ്യാറായിട്ടില്ല. കോടതിയില്‍ നിന്നും അവ്യക്തമായ ഒരു ഉത്തരവ് സമ്പാദിച്ച് അതിന്റെ മറവില്‍ പോലീസിനെയും എക്‌സൈസിനെയും സ്വാധീനിച്ച് സമരത്തെ നേരിടാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു ഷാപ്പു പോലും നേരാംവണ്ണം പ്രവര്‍ത്തിക്കുന്നില്ല.  വ്യവസായം ആകെ തകര്‍ന്നിരിക്കുകയാണ്. ഈ സ്ഥിതി വിശേഷം കോണ്‍ട്രാക്ടറുടെ പിടിവാശി മൂലം ഉണ്ടായതാണ്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞു പലവട്ടം തീയതി നിശ്ചയിച്ചിട്ടും അവസാന നിമിഷം കോണ്‍ട്രാക്ടര്‍ സ്വയം പിന്മാറുകയാണ്.
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ നിന്നും കള്ള് കടത്താനുള്ള പെര്‍മിറ്റ് വ്യാജമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യാജപെര്‍മിറ്റിന്റെ മറവില്‍ വ്യാജക്കള്ള് ഇറക്കി വില്‍ക്കാന്‍ എക്‌സൈസും പോലീസും ശ്രമിക്കുന്നതിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്.
സിഐടിയു യൂണിയന്‍ ജനറല്‍ സെക്രട്ടറിയുടെ പേരില്‍ എഐടിയുസിയെ ആക്ഷേപിച്ചുകൊണ്ട് നോട്ടീസ് ഇറങ്ങിയതില്‍ അത്ഭുതമില്ല. വൈക്കത്ത് ചെത്തു തൊഴിലാളിക്കുവേണ്ടിയും വില്‍പന തൊഴിലാളിക്കു വേണ്ടിയും മാസങ്ങള്‍ നീണ്ടു നിന്ന നിരവധി സമരങ്ങള്‍ നടത്തിയ പ്രസ്ഥാനം എഐടിയുസി മാത്രമാണ്. ആ സമരങ്ങളിലെല്ലാം കോണ്‍ട്രാക്ടര്‍മാരുടെ പക്ഷം ചേര്‍ന്ന് തൊഴിലാളി ദ്രോഹവും കരിങ്കാലിപണിയും നടത്തിയ ചരിത്രമെ സിഐടിയുവിനുള്ളുവെന്ന് എഐടിയുസി നേതാക്കള്‍ ആരോപിച്ചു.
ചെമ്മനത്തുകരയില്‍ സമരം ആരംഭിക്കുന്നതിന് മുമ്പും ശേഷവും സിഐടിയു യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായി പലവട്ടം കൂടിയാലോചന നടത്തി. സമരം അന്യായമാണെന്ന് ചര്‍ച്ചയിലോ, ഇപ്പോള്‍ ഇറക്കിയ നോട്ടീസിലോ പറയുന്നില്ല. സമരത്തിന് എതിരായ നിലപാട് സ്വീകരിക്കാതിരിക്കാനാണ് അവരുമായി കൂടിയാലോചന നടത്തിയത്. എന്നാല്‍ മുന്‍കാല സമരങ്ങളിലെപോലെ ഈ സമരത്തിലും കോണ്‍ട്രാക്ടറുടെ പക്ഷം ചേര്‍ന്ന് തൊഴിലാളിവിരുദ്ധ നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്.
ഏതാനും വര്‍ഷം മുന്‍പ് നടത്തിയ മണ്ണത്താനം ഷാപ്പിലെ സിഐടിയു സമരത്തെപ്പറ്റി ആ ഷാപ്പിലെ തന്നെ എഐടിയുസി തെഴിലാളികളെയോ യൂണിയനെയോ അറിയിച്ചിട്ടില്ല. സമരമെന്ന പേരില്‍ ഒരു പ്രഹസനം നടത്തി തുച്ഛമായ കോമ്പന്‍സേഷന്‍ കൈപ്പറ്റി യൂണിയന്‍ തൊഴിലാളിയായിരുന്ന അനില്‍കുമാറിന്റെ കുടുംബത്തെ യഥാര്‍ത്ഥത്തില്‍ കബളിപ്പിക്കുകയാണ് സിഐടിയു ചെയ്തതെന്നും എഐടിയുസി ആരോപിക്കുന്നു.
കൊട്ടാരപ്പള്ളി ഷാപ്പിലെ ചെത്തു തൊഴിലാളിയായിരുന്ന, ഹൃദയാഘാതം മൂലം
മരണമടഞ്ഞ റെജി, രണ്ടുവര്‍ഷത്തോളം രോഗം മൂലം ചികിത്സ നടത്തി ആശുപത്രിയില്‍ കിടന്നു മരിച്ച പൈനുങ്കല്‍ ഷാപ്പിലെ സുരേഷ് ബാബു, മണ്ണത്താനം ഷാപ്പില്‍ രോഗം മൂലം മരണമടഞ്ഞ തിലകന്‍ തുടങ്ങി വൈക്കം റേഞ്ച്  നാലാം ഗ്രൂപ്പിലെ ഇരുപതോളം പേര്‍ ഈ ലൈസന്‍സിയുടെ കാലത്ത് ജോലിയില്‍ നിന്നും പിരിഞ്ഞുപോയിട്ട് പകരം ആളുകള്‍ വന്നിട്ടില്ല. ചെത്തു തൊഴിലാളിയെ കിട്ടാത്താതാണ് ഇതിന് പ്രധാന തടസ്സമായി നില്‍ക്കുന്നത്.
ഈ സാഹചര്യത്തില്‍ നിലവിലെ സമരത്തിനാധാരമായ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ച് പണിമുടക്ക് ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അല്ലാത്ത പക്ഷം ലൈസന്‍സ് റദ്ദ് ചെയ്ത് പുനര്‍ലേലം നടത്തുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്നും എഐടിയുസി ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (എഐടിയുസി)  പ്രസിഡന്റ് അഡ്വ. വി.ബി ബിനു, ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍, മദ്യവ്യവസായ തൊഴിലാളി യൂണിയന്‍ (എഐടിയുസി) താലൂക്ക് പ്രസിഡന്റ് കെ.കെ രാമഭദ്രന്‍, വര്‍ക്കിങ് പ്രസിഡന്റ് ഡി രഞ്ജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.