Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദേവ ദര്‍ശനങ്ങള്‍ കാലഘട്ടം ഉള്‍ക്കൊള്ളണം: മന്ത്രി വി.എന്‍ വാസവന്‍
26/12/2021
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതീകാത്മക ശിവഗിരി പദയാത്ര ജാഥാ ക്യാപ്റ്റന്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷിന് പതാക കൈമാറി മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കര്‍മം കൊണ്ട് ധര്‍മത്തെ ചൈതന്യമാക്കിയ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ ഈ കാലഘട്ടത്തില്‍ ഏറ്റവും പ്രസക്തമാണെന്ന് മന്ത്രി വി.എന്‍ വാസവന്‍. വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിവരാറുള്ള ശിവഗിരി തീര്‍ത്ഥാടന പദയാത്ര ഇക്കുറി പ്രാദേശിക തലത്തില്‍ ഒതുക്കി നടത്തിയ പ്രതീകാത്മക പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മതത്തിന്റെയും ജാതിയുടെയും വര്‍ഗീയതയുടെയും പേരില്‍ കലഹിച്ച് മനുഷ്യനെ മനുഷ്യനല്ലാതായി കാണുന്ന വിഘടനവാദികള്‍ ഗുരുദേവന്റെ സന്ദേശങ്ങള്‍ ജീവിതത്തിലേക്ക് പകര്‍ത്തിയാല്‍ സാഹോദര്യ ജീവിതത്തിന് അടിസ്ഥാനമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.എന്‍.ഡി.പി യൂണിയന്റെ 54 ശാഖകളിലെ തീര്‍ത്ഥാടകരാണ് ഇക്കുറി പദയാത്രയില്‍ അണിചേര്‍ന്നത്. വൈക്കം ആശ്രമം സ്‌കൂള്‍ മുറ്റത്തുനിന്ന് ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിലേക്കാണ് പ്രതീകാത്മക പദയാത്ര നടത്തിയത്. ക്യാപ്റ്റന്‍ പി.വി ബിനേഷിന് പീതവര്‍ണ പതാക കൈമാറി മന്ത്രി പദയാത്ര ഉദ്ഘാടനം ചെയ്തു. സി.കെ ആശ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, കൗണ്‍സിലര്‍ സെന്‍ സുഗുണന്‍, രാജേഷ് മോഹന്‍, ബിജു തുരുത്തുമ്മ, ബിജു കൂട്ടുങ്കല്‍, എം മധു, വനിതാ യൂണിയന്‍ പ്രസിഡന്റ് ഷീജാ സാബു, സെക്രട്ടറി ബീനാ അശോകന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പി.വി വിവേക്, വി വേലായുധന്‍ എന്നിവര്‍ നേതൃത്വം നല്‍കി.