Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളത്തിലെ ജന്മിത്വം അവസാനിപ്പിച്ചത് കമ്മ്യൂണിസ്റ്റുകാര്‍: പന്ന്യന്‍
24/12/2021
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (എഐടിയുസി) നടത്തിയ സി.കെ വിശ്വനാഥന്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളത്തിലെ ജന്മിത്വം അവസാനിപ്പിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. അത് നടപ്പിലാക്കിയത് കേരളം കണ്ട ഏറ്റവും പ്രഗല്‍ഭനായ മുഖ്യമന്ത്രി സി അച്യുതമേനോന്‍ ആയിരുന്നുവെന്ന് സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും, സ്വാതന്ത്ര്യസമരസേനാനിയും, എം.എല്‍.എയുമായിരുന്ന സി.കെ വിശ്വനാഥന്റെ സ്മരണാര്‍ത്ഥം ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുളള അവാര്‍ഡ് ദാനവും സി.കെ വിശ്വനാഥന്‍ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അച്യുതമേനോനെപോലുള്ളവരുടെ വഴിത്താരയിലൂടെ പുതുതലമുറയെ വഴിനടത്തിയവരാണ് സി.കെ വിശ്വനാഥനെ പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍. പാര്‍ട്ടി സഖാക്കള്‍ തമ്മിലുള്ള വൈകാരിക ബന്ധം എന്നും കാത്തുസൂക്ഷിക്കണം. അതെല്ലാം നഷ്ടപ്പെടുന്ന ഒരു കാലമാണിത്. സി.കെ വിശ്വനാഥന്‍ സ്മാരക അവാര്‍ഡിന് അര്‍ഹനായ നവജീവന്‍ പി.യു തോമസിനെ പോലുള്ളവര്‍ നിസ്സഹായരായ മനുഷ്യര്‍ക്ക് സാന്ത്വനമാകുന്ന കരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ കര്‍ഷക സമരം ഒരു ജനകീയ അനുഭവമായിരുന്നുവെന്ന് 52 ദിവസം സമരത്തില്‍ പങ്കെടുത്ത സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം.പി പറഞ്ഞു. സമരം പരാജയപ്പെടുമെന്ന് പലരും കരുതിയെങ്കിലും ഉറച്ചുപോരാടിയ കര്‍ഷകരുടെ സമരവീര്യത്തിനുമുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയന്‍ ഓഫീസിലെ (ഇണ്ടംതുരുത്തിമന) സി.കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു അധ്യക്ഷത വഹിച്ചു. പി.യു തോമസിന് പന്ന്യന്‍ രവീന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ മുഖ്യപ്രസംഗം നടത്തി. ബിനോയ് വിശ്വം എം.പി സ്‌കോളര്‍ഷിപ്പ് വിതരണവും, സി.കെ ആശ എം.എല്‍.എ ക്യാഷ് അവാര്‍ഡ് വിതരണവും നിര്‍വഹിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍, പി സുഗതന്‍, എം.ഡി ബാബുരാജ്, ജോണ്‍ വി ജോസഫ്, എന്‍.എം മോഹനന്‍, എം.എസ് സുരേഷ്, ഡി രഞ്ജിത്കുമാര്‍, കെ നാരായണന്‍, കെ.എ രവീന്ദ്രന്‍, വി.എന്‍ ഹരിയപ്പന്‍, ബി രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.